കേരളത്തിലെ പ്രളയം: സെമിനാർ സംഘടിപ്പിച്ചു
text_fieldsഅബൂദബി: നിനവ് സാംസ്‌കാരിക വേദിയും ഫ്രൻഡ്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും (എഫ്.കെ.എസ്.എസ്.പി) ചേർന്ന് ‘പ്രളയാനന്തര കേരളം: പ്രശ്‌നങ്ങളും പരിഹാരങ്ങളും’ വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. അബൂദബി മലയാളി സമാജത്തില്‍ നടന്ന സെമിനാറിൽ എഴുത്തുകാരി ഹണി ഭാസകര്‍ മുഖ്യ പ്രഭാഷണം നിർവഹിച്ചു. നവ മാധ്യമങ്ങളെ എങ്ങനെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം എന്ന് അവർ വിശദീകരിച്ചു. ‘മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന ഓണപ്പാട്ടിലെ വരികള്‍ യാഥാർഥ്യമായത് കേരളം അഭിമുഖീകരിച്ച ഈ ദുരന്തകാലത്താണെന്നും അവര്‍ പറഞ്ഞു.
എഫ്.കെ.എസ്.എസ്.പി അബൂദബി യൂനിറ്റ് സെക്രട്ടറി ശ്യാം, പ്രസിഡൻറ് സ്മിത ധനേഷ് തുടങ്ങിയവര്‍ ദുരന്തം നേരിടാന്‍ കേരളം എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് വിശദീകരിച്ചു. യു.എന്‍ ദുരന്തനിവാരണ തലവന്‍ മുരളി തുമ്മാരുകുടി അബൂദബിയിലെത്തി നല്‍കിയ നിർദേശങ്ങളും പങ്കുവെച്ചു. കരിണ്‍ കണ്ണന്‍ കേരളത്തിലെ നദികളുടെ ഗതികളെയും ഡാമുകളുടെ സുരക്ഷയെയും കുറിച്ച് ക്ലാസെടുത്തു.
പ്രളയബാധിത പ്രദേശത്തുള്ള പ്രശ്‌നങ്ങൾ, അവയുടെ പരിഹാരങ്ങൾ എന്നിവയെ കുറിച്ച് സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സദസ്സ് വിശദമായി ചര്‍ച്ചനടത്തി. നിനവ് സാംസ്‌കാരിക വേദി പ്രസിഡൻറ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മലയാളി സമാജം പ്രസിഡൻറ് ടി.എ. നാസര്‍ ഉദ്ഘാടനം ചെയ്തു. നിനവ് വേദി ജനറൽ സെക്രട്ടറി കെ.വി. ബഷീര്‍ സ്വാഗതവും എഫ്.കെ.എസ്.എസ്.പി വൈസ് പ്രസിഡൻറ് ഇ.പി. സുനില്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.