കേരളപ്പിറവി: ദുബൈ ചാപ്റ്റർ പഠനകേന്ദ്രങ്ങൾക്ക് പ്രവേശനോത്സവം
text_fieldsദുബൈ: ഭാഷ പ്രചാരണ പ്രവർത്തനങ്ങളുടെ തുടർച്ച മുറിയാതെ മുന്നോട്ടു കൊണ്ടുപോകുന്ന കാര്യത്തിൽ മലയാളം മിഷൻ ദുബൈ ചാപ്റ്റർ മാതൃകയാണെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട. കേരളപ്പിറവി ദിനത്തിനു മുന്നോടിയായി കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യപദ്ധതികളിലായി ദുബൈ ചാപ്റ്ററിന് കീഴിൽ ആരംഭിച്ച ആറ് ‘കണിക്കൊന്ന’ പഠനകേന്ദ്രങ്ങളുടെയും ‘സൂര്യകാന്തി’, ‘ആമ്പൽ’ പഠനകേന്ദ്രങ്ങളുടെയും പൊതു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവീർ, ബിൻ ഷബീബ്, സിലിക്കൺ ഒയാസിസ്, വസൽ ഗ്രീൻ പാർക്ക്, ഡി.ഐ.പി, ഗാർഡൻസ് എന്നിങ്ങനെ ദുബൈയിലെ വിവിധ പ്രദേശങ്ങളിലെ 100ലേറെ കുട്ടികളാണ് ആറു പഠനകേന്ദ്രങ്ങളിലായി വിവിധ പാഠ്യപദ്ധതികളിൽ തുടക്കം കുറിച്ചത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രവർത്തകരുമടക്കം 150 പേർ പങ്കെടുത്തു.
പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ദുബൈ ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, രക്ഷാധികാരിയും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ എൻ.കെ. കുഞ്ഞഹമ്മദ്, വിദഗ്ധ സമിതി ചെയർപേഴ്സൻ സോണിയ ഷിനോയ് പുൽപാട്ട് എന്നിവർ ആശംസ നേർന്നു. അധ്യാപകരായ സുനിൽ ആറാട്ടുകടവ്, ഷോബിൻ ഫിലിപ് എന്നിവർ ക്ലാസെടുത്തു. മലയാളം മിഷൻ ദുബൈ ചാപ്റ്റർ കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ സ്വാഗതവും സെക്രട്ടറി ദിലീപ് സി.എൻ.എൻ. നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.