കേരള സോഷ്യല്‍ സെന്റര്‍ കേരളോത്സവത്തിന് തുടക്കം
text_fieldsഅബൂദബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന കേരളോത്സവം-2023ന് വര്‍ണാഭമായ തുടക്കം. മൂന്ന് ദിനങ്ങളിലായി നടക്കുന്ന കേരളോത്സവത്തിന്റെ ഉദ്ഘാടനം യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ നിര്‍വഹിച്ചു. ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസഫലി മുഖ്യാതിഥിയായി. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. കേരളവും യു.എ.ഇയും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ഇന്ന് അത് കൂടുതല്‍ ദൃഢമായിരിക്കുന്നുവെന്നും സഞ്ജയ് സുധീര്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ ഐ.ഐ.ടി കാമ്പസ് ശാഖ അബൂദബിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. മൂന്നുലക്ഷത്തില്‍ കൂടുതല്‍ കുട്ടികള്‍ സി.ബി.എസ്.സി സിലബസില്‍ യു.എ.ഇയില്‍ പഠിക്കുന്നുണ്ട്. ഇന്ത്യന്‍ എംബസി ദുബൈയില്‍ സി.ബി.എസ്.സി ഓഫിസ് സ്ഥാപിക്കാന്‍ അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് പോലുള്ള ഘട്ടങ്ങളില്‍ അബൂദബിയിലെ സംഘടനകള്‍ നടത്തിയ സേവനങ്ങള്‍ പ്രശംസനീയമാണെന്നും നമ്മുടെ തലമുറ കേരളത്തിന്റെ സത്ത ഉള്‍ക്കൊള്ളണമെന്നും എം.എ. യൂസുഫലി അഭിപ്രായപ്പെട്ടു. അഡ്വാന്‍സ്ഡ് ട്രാവല്‍സ് കോർപറേറ്റ് മാനേജര്‍ പ്രകാശ് പല്ലിക്കാട്ടില്‍, കേരള സോഷ്യല്‍ സെന്റര്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് അഡ്വ. അന്‍സാരി സൈനുദ്ദീന്‍, വൈസ് പ്രസിഡന്റ് റോയ് ഐ. വര്‍ഗീസ്, സെന്റര്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി അഭിലാഷ് തറയില്‍, ജോ. സെക്രട്ടറി ശ്രീകാന്ത് സംസാരിച്ചു. തട്ടുകടകള്‍, പുസ്തക ശാലകള്‍, ശാസ്ത്രപ്രദര്‍ശനം, സൗജന്യ ഫ്ലൂ വാക്സിനേഷന് ക്യാമ്പ്, വിവിധ വാണിജ്യ സ്റ്റാളുകള്‍ തുടങ്ങിയവ കേരളോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന കലാപരിപാടികളും എല്ലാ ദിവസവും അരങ്ങേറും.
ഭാഗ്യനറുക്കെടുപ്പിലെ വിജയിക്ക് നിസാന്‍ സണ്ണി കാറും 100 പേര്‍ക്ക് സമാശ്വാസ സമ്മാനങ്ങളും നല്‍കും. പ്രവേശന കൂപ്പണ്‍ നറുക്കെടുത്താണ് സമ്മാനം നല്‍കുന്നത്. ഞായറാഴ്ച കേരളോത്സവം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.