ദുബൈ എക്സ്പോയിൽ ഇന്ന് കേരളത്തിന്‍റെ 'അരങ്ങേറ്റം'
text_fieldsദുബൈ: മഹാമേളയായ ദുബൈ എക്സ്പോ 2020യിലെ ഇന്ത്യൻ പവലിയനിൽ കേരളവാരത്തിന് വെള്ളിയാഴ്ച തുടക്കം. കേരളത്തിന്‍റെ സംസ്കാരവും പദ്ധതികളും നിക്ഷേപ സാധ്യതകളും വിവരിക്കുന്ന പ്രദർശനം ഫെബ്രുവരി പത്തു വരെ നീളും.
ഇനിയുള്ള ഏഴു ദിവസവും രാത്രി ആറു മുതൽ ഒമ്പതു വരെ ഇന്ത്യൻ പവലിയന് സമീപത്തെ വേദിയിൽ കേരളത്തിന്‍റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന പരിപാടികൾ അരങ്ങേറും. ഇന്ത്യൻ പവലിയനിലെ എൽ.ഇ.ഡി പ്രദർശനങ്ങളിൽ കേരളം നിറഞ്ഞുനിൽക്കും. കേരളത്തിലേക്ക് നിക്ഷേപകരെയും വിനോദ സഞ്ചാരികളെയും ആകർഷിക്കുന്ന രീതിയിലായിരിക്കും പ്രദർശനം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് കേരളത്തെ പരിചയപ്പെടുത്താനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഇന്ത്യൻ പവലിയനിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അബൂദബി രാജകുടുംബാംഗവും യു.എ.ഇ കാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അഹ്മദ് അൽ സിയൂദി, സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയവർ പങ്കെടുക്കും.
എക്സ്പോയിലെ ജൂബിലി പാർക്കിൽ നടക്കുന്ന കേരളത്തിന്‍റെ സാംസ്കാരിക പരിപാടിയിൽ നടൻ മമ്മൂട്ടി, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ എന്നിവർ പങ്കെടുക്കും. രാത്രി ഇന്ത്യൻ പവലിയന് സമീപത്തെ വേദിയിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ പഞ്ചവാദ്യം, കളരിപ്പയറ്റ്, കോൽക്കളി തുടങ്ങിയവ അരങ്ങേറും.
നോർക്കയുടെ പ്രത്യേക പ്രദർശനവും ഇന്ത്യൻ പവലിയനിലുണ്ടാകും. നോർക്ക സേവനങ്ങളുടെ വിശദാംശങ്ങളടങ്ങിയ പ്രദർശനം ഒരുക്കും.
വ്യവസായ ടൂറിസം വകുപ്പുകളുടെ പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ടൂറിസം വകുപ്പിന്‍റെ പരിപാടിയിൽ പങ്കെടുക്കാൻ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തും. നോർക്ക റൂട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരും മറ്റ് വ്യവസായ ടൂറിസം വകുപ്പിന്‍റെ അംഗങ്ങളും പങ്കാളികളാകും.
ശനിയാഴ്ച ബിസിനസ് സമൂഹവുമായും പ്രവാസികളുമായും മുഖമന്ത്രി സംവദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.