കേരളത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ ദുര്‍ബലപ്പെടുന്നു -സുനില്‍ പി. ഇളയിടം
text_fieldsഷാര്‍ജ: നവോത്ഥാനചിന്തകളിലൂടെ കേരളം സ്വായത്തമാക്കിയ അടിസ്ഥാനമൂല്യങ്ങള്‍ ദുര്ബലപ്പെട്ടുകൊണ്ടിരിക്കുന്നതായി എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം. ഷാര്‍ജ പുസ്തകമേളയില്‍ 'ഏഴരപ്പതിറ്റാണ്ടിന്റെ കേരളപരിണാമം' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയസമൂഹം സ്വന്തമാക്കിയ മൂല്യങ്ങള്‍ പൊടുന്നനെ രൂപപ്പെട്ടതല്ല. പതിറ്റാണ്ടുകളിലൂടെ കടന്നുപോയ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ പിന്‍ബലമുണ്ടതിന്. ദേശീയപ്രസ്ഥാനം, തൊഴിലാളി പ്രസ്ഥാനം, ജാതിനശീകരണം, മിഷനറി പ്രവര്‍ത്തനം, മത-സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങളിലൂടെ രൂപപ്പെട്ടതാണ് കേരളത്തിന്റെ സമത്വചിന്ത. സ്വാതന്ത്ര്യാനന്തരം ഒരു ആധുനിക സമൂഹമെന്നനിലയില്‍ വളരെ പെട്ടെന്നായിരുന്നു മലയാളിസമൂഹത്തിന്റെ വളര്‍ച്ച. സാഹോദര്യവും സമത്വവും ഒരു സമൂഹത്തിലും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല. കേരള രൂപവത്കരണത്തിന്റെ ബിന്ദുവില്‍ ഈ ദര്‍ശനം കാണാനാവും. വ്യക്തിയുടെ അന്തസ്സ് എന്ന മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹികക്രമം കെട്ടിപ്പടുക്കാന്‍ ആധുനികകേരളത്തിന് കഴിഞ്ഞുവെന്നതാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യതിരിക്തമാക്കുന്നത്. കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ആകര്‍ഷിക്കുന്നത് ഉയര്‍ന്നവരുമാനം മാത്രമല്ല, അതിനപ്പുറം മനുഷ്യതുല്യമായ അവസരവും അന്തസ്സും അവര്‍ക്ക് ലഭിക്കുന്നു. എന്നാല്‍, സമകാലിക കേരളീയജീവിതം നിരീക്ഷിച്ചാല്‍ വിപരീതദിശയിലുള്ള കടന്നാക്രമണം നടക്കുന്നതായി കാണാം. ഇത് പതിറ്റാണ്ടുകളായി കേരളം ഉണ്ടാക്കിയെടുത്ത മൂല്യബോധത്തിന്റെ തകര്‍ച്ചയിലേക്ക് വിരല്‍ചൂണ്ടുന്നു. അന്യന്റെ ഭൂമിയിലേക്കും വഴിവക്കിലേക്കും ചപ്പുചവറുകള്‍ വലിച്ചെറിയുന്ന മലയാളി ആധുനികനാണോ എന്നാണ് ചിന്തിക്കേണ്ടത്. ഇത്രയും വിജ്ഞാനം നേടിയെടുത്ത ഒരുസമൂഹം വിദ്വേഷത്തിന്റെയും പകയുടെയും അന്ധവിശ്വാസത്തിന്റെയും പിടിയിലാണ്. സാഹോദര്യമെന്ന ഭാവം കേരളത്തില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വെറുപ്പിനെതിരെ സ്നേഹമെന്ന മൂല്യത്തെ പ്രകാശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തക തന്‍സി ഹാഷിര്‍ അവതാരകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.