കേരളോത്സവം ശനിയാഴ്ച മുതൽ
text_fieldsദുബൈ: യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ‘കേരളോത്സവം-2023’ ഡിസംബർ 2,3 തീയതികളിൽ ദുബൈ അൽ ഖിസൈസ് ക്രസന്റ് സ്കൂൾ ഗ്രൗണ്ടിൽ വൈകീട്ട് നാലു മണി മുതൽ അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി, ദുബൈ സർക്കാർ പ്രതിനിധികൾ, സിനിമതാരം റീമ കല്ലിങ്കൽ എന്നിവരും പങ്കെടുക്കും. പതി ഫോക്ക് ബാൻഡിനൊപ്പം ഗായിക പ്രസീത ചാലക്കുടി ആദ്യദിനവും യുവ ഗായകർ ആര്യ ദയാൽ, സച്ചിൻ വാര്യർ, അനന്തു ഗോപി തുടങ്ങിയവർ രണ്ടാം ദിനവും സംഗീതനിശയൊരുക്കും. 70ൽപരം കലാകാരന്മാർ അണിനിരക്കുന്ന മെഗാ ശിങ്കാരി-പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയിൽ ആന, തെയ്യം, കരകാട്ടം, കാവടിയാട്ടം തുടങ്ങിയവയും അരങ്ങേറും. തെരുവ് നാടകങ്ങൾ, കളരിപ്പയറ്റ്, തിരുവാതിര, ഒപ്പന, മാർഗംകളി തുടങ്ങിയ നൃത്ത-കലാരൂപങ്ങളും സംഗീത ശിൽപവും കേരളത്തിന്റെ തനത് നാടൻ രുചിവൈവിധ്യങ്ങളുമായി വിവിധ ഭക്ഷണ ശാലകളും ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.
നോർക്ക, പ്രവാസി ക്ഷേമനിധി, കെ.എസ്.എഫ്.ഇ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഉത്സവപ്പറമ്പിൽ ഒരുക്കും. കേരളോത്സവത്തിന് പ്രവേശനം സൗജന്യമായിരിക്കും. സംഘാടക സമിതി ഭാരവാഹികളായ എൻ.കെ. കുഞ്ഞഹമ്മദ്, അഡ്വ. നജീദ്, കെ.വി. സജീവൻ, പ്രദീപ് തോപ്പിൽ, ഷിജു ബഷീർ എന്നിവരും പരിപാടിയുടെ സ്പോൺസർമാരുടെ പ്രതിനിധികളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.