ഖത്ത് സ്പ്രിങ് കുതിരാലയം
text_fieldsകുതിര സവാരി ഇഷ്ടപ്പെടുന്നവരെ സ്വീകരിക്കാന്‍ സര്‍വ്വ സൗകര്യങ്ങളും സംവിധാനിച്ചിരിക്കുന്നയിടമാണ് റാസല്‍ഖൈമയിലെ ഖത്ത് സ്പ്രിങ് കുതിരാലയം. കാര്‍ഷിക മേഖലയായ ഖത്ത് പൗരാണിക സമ്പന്നതയുടെ ചരിത്രം ഉറങ്ങുന്ന പ്രദേശം കൂടിയാണ്. വശ്യമായ പ്രകൃതി ഭംഗിക്കൊപ്പം നാട്ടു നന്മകളും സമ്മേളിക്കുന്ന ഖത്ത് സ്പ്രിങ് കുതിരാലയത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കുതിര സവാരിക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നവര്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും പുതിയൊരു ഹോബി ആഗ്രഹിക്കുന്നവര്‍ക്കും വിദഗ്ധരുടെ പരിശീലനം ഈ കുതിരാലയത്തില്‍ നിന്ന് ലഭിക്കും. കുതിരകളുമായുള്ള ആഴത്തിലുള്ള ഇടപെടലുകള്‍ മനുഷ്യ-കുതിര ബന്ധത്തെക്കുറിച്ച ആഴത്തിലുള്ള ധാരണ വികസിപ്പിക്കുന്നതിനും വഴിവെക്കും. കുതിരാലയത്തിന് സമീപമുള്ള ഫാമിനെ വലയം വെച്ച് ആകര്‍ഷകമായ ലാന്ഡ്സ്കാപ്പിലൂടെയുള്ള കുതിരസവാരിയാണ് ഖത്ത് സ്പ്രിങ് വാഗ്ദാനം ചെയ്യുന്നത്. വളഞ്ഞുപുളഞ്ഞ വഴികളിലൂടെ പര്‍വ്വതനിരകളുടെ വന്യമായ ശാന്തതയും ഹരിത കാഴ്ച്ചകള്ക്കുമൊപ്പം പ്രകൃതിയുടെ താളാത്മകമായ സ്പന്ദനവും ഇവിടെ അനുഭവഭേദ്യമാകും.
സെപ്റ്റംബര്‍ അവസാന വാരം മുതല്‍ മെയ് അവസാനം വരെയാണ് ഖത്ത് സ്പ്രിങ് കുതിരാലയത്തിലെ ഉല്‍സവ നാളുകള്‍. വാരാന്ത്യ ഈവന്റുകള്ക്കൊപ്പം രാത്രി താമസത്തിനും ഭക്ഷണത്തിനുമെല്ലാം സൗകര്യമൊരുക്കിയാണ് സീസണുകളില്‍ സന്ദര്‍ശകരെ വരവേല്‍ക്കുക. കരകൗശല വസ്തുക്കളും വ്യത്യസ്ത ഭക്ഷ്യരുചികളും ഒരുക്കുന്നതിനൊപ്പം നാടന്‍ പച്ചക്കറികളുടെ പ്രദര്‍ശനവും വില്‍പ്പനയും സീസണ് നാളുകളില്‍ ഖത്ത് സ്പ്രിങ് കുതിരാലയം കേന്ദ്രീകരിച്ച് നടക്കും. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ദുര്‍ഘട പാതയിലൂടെയുള്ള നടത്തവും പര്‍വ്വതനിരകളിലേക്കുള്ള ട്രക്കിങ്ങും ഒക്ടോബര്‍ മാസം മുതല്‍ ഇവിടെ പതിവ് കാഴ്ച്ചയാകും. കുതിര സവാരിക്കും പരിശീലനത്തിനും വ്യത്യസ്ത കാറ്റഗറികളില്‍ 125 ദിര്‍ഹം മുതല്‍ 1500 ദിര്‍ഹം വരെയാണ് വേനല്‍ നാളുകളിലെ ഫീസ്. സീസണ് സമയങ്ങളില്‍ ഫീസ് നിരക്ക് വര്‍ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.