കൊട്ടാരക്കെട്ടുമായി ഖസ്ർ അൽ മുവൈജി
text_fieldsഅൽ ഐൻ നഗരത്തോട് ചേർന്ന അൽ മുവൈജി ഒയാസിസിനോട് ചേർന്നുള്ള അൽ മുവൈജി കൊട്ടാരം നഗരത്തിലെ ചരിത്രപരമായ കെട്ടിടങ്ങളിലൊന്നാണ്. 100 വർഷം മുമ്പ് നിർമിച്ചതാണ് ഈ കൊട്ടാരം. ഇഷ്ടികകളും ഈത്തപ്പന തടിയും ഓലയും ഉപയോഗിച്ചുള്ള വാസ്തുവിദ്യയുടെ മനോഹരമായ ഉദാഹരണമാണ് കൊട്ടാരത്തിെൻറ നിർമ്മാണം പരിചയപ്പെടുത്തുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ അൽഐനിലെ സാംസ്കാരിക സൈറ്റുകളുടെ ഭാഗമായി കൊട്ടാരം കണക്കാക്കപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിെൻറ തുടക്കത്തിൽ അബൂദബി ഭരണാധികാരി ശൈഖ് സായിദ് ബിൻ ഖലീഫയുടെ ഭരണകാലത്ത് ശൈഖ് ഖലീഫ ബിൻ സായിദ് ബിൻ ഖലീഫ ആൽ നഹ്യാൻ ആണ് കൊട്ടാരം പണി കഴിപ്പിച്ചത്. കൊട്ടാരത്തിെൻറ ഭാഗമായ വലിയ പ്രവേശന കവാടം, ദിവാൻ (മജ്ലിസ്) ആയി ഉപയോഗിച്ചിരുന്നു. കൊട്ടാരത്തിൽ മൂന്ന് പ്രധാന ഗോപുരങ്ങളുണ്ട്. അവയിൽ ചിലത് ഭവന നിർമ്മാണത്തിനും അൽഐൻ മേഖലയിലെ ഭരണ നിർവഹണ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള സർക്കാർ ഓഫീസുകൾക്കുമായി നീക്കിവച്ചിരിക്കുന്നു. കൊട്ടാരത്തിന് പുറത്ത്, കൊട്ടാരത്തിെൻറ വാസ്തുവിദ്യാ ശൈലിക്ക് സമാനമായ ഒരു പള്ളി ഉണ്ട്. പരമ്പരാഗത വാസ്തുവിദ്യാ രീതി മുറികളിൽ തണുത്തതും ഊഷ്മളവുമായ താപനില നിലനിറുത്തുകയും മുകളിലത്തെ നിലയിലെ വലുപ്പമുള്ള ജാലകങ്ങൾ സുഗമമായ വായുസഞ്ചാരം ഉറപ്പാക്കുകയും പ്രകാശപൂരിതമാക്കുകയും ചെയ്യുന്നു.
ഖസ്ർ അൽ മുവൈജിയുടെ മുറ്റത്ത് ഗ്ലാസ്കൊണ്ട് നിർമിച്ച മനോഹരമായ എക്സിബിഷൻ സെൻററുമുണ്ട്. കൊട്ടാരത്തിെൻറ ചരിത്രവും ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ ജീവിതവും വിവരിക്കുന്ന ചിത്ര പ്രദർശനവും വീഡിയോ പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എക്സിബിഷൻ ഹാളിന് പുറത്ത് സന്ദർശകർക്ക് ചരിത്രപരമായ ഗോപുരങ്ങൾ, മുറ്റം, അൽ ഖസ്ർ പള്ളി എന്നിവ സന്ദർശിക്കാം. കോട്ടയിൽ ആഴമേറിയ കിണറുമുണ്ട്. കോട്ടയോട് ചേർന്ന് വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിരിക്കുന്നു.
യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയായി അൽഐൻ മേഖലയുടെ ചുമതലയേറ്റപ്പോഴാണ് 1946ൽ അൽ മുവൈജി കൊട്ടാരത്തിലേക്ക് താമസം മാറിയത്. കൊട്ടാരം അദ്ദേഹത്തിെൻറ ഭരണകേന്ദ്രവും കുടുംബത്തിനുള്ള ഭവനവുമായിരുന്നു. ആധുനിക അൽഐൻ രൂപപ്പെടുത്തുന്നതിനാവശ്യമായ പല തീരുമാനങ്ങളും രൂപംകൊണ്ടത് ഇവിടെ നിന്നാണ്. യു.എ.ഇ പ്രസിഡൻറും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ജനിച്ചതും വളർന്നതും ഈ കൊട്ടാരത്തിലാണ്. സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം ഏഴ് വരെയും വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ട് മുതൽ ആറ് വരെയുമാണ് സന്ദർശനാനുമതി.
ചിത്രം: ഇർഷാദ്, ഇ.പി, കുന്നക്കാവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.