ഖോർഫക്കാൻ സർവകലാശാല നിർമാണപുരോഗതി ഷാർജ ഭരണാധികാരി വിലയിരുത്തി
text_fieldsഷാർജ: ഖോർഫക്കാൻ സർവകലാശാല വിപുലീകരണ നിർമാണ പുരോഗതി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സന്ദർശിച്ച് വിലയിരുത്തി. ഖോർഫക്കാൻ സർവകലാശാലയിൽ എൻജിനീയറിങ്, സയൻസ്, ടെക്നോളജി തുടങ്ങിയ മേഖലകളിൽ പുതിയ പഠനവിഭാഗങ്ങൾ ആരംഭിക്കുമെന്നും അടുത്ത അക്കാദമിക വർഷം മുതൽ പുതിയ കെട്ടിടങ്ങളിൽ ക്ലാസുകൾ ആരംഭിക്കുമെന്നും ശൈഖ് സുൽത്താൻ പ്രഖ്യാപിച്ചു. ഷാർജ സർവകലാശാലയുടെ ബ്രാഞ്ചായാണ് നിലവിൽ ഇത് പ്രവർത്തിച്ചുവരുന്നത്.
സർവകലാശാല കെട്ടിടങ്ങളുടെ നിർമാണപുരോഗതി എമിറേറ്റ് പൊതുമരാമത്ത് വകുപ്പ് ചെയർമാൻ അലി ബിൻ ശഹീൻ അൽ സുവൈദി വിശദീകരിച്ചു. നിർമാണപദ്ധതിയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകൾ, സർവിസ് ഓഫിസുകൾ, മീറ്റിങ് മുറികൾ എന്നിവ ഉൾപ്പെടുന്ന ഒരു അഡ്മിനിസ്ട്രേറ്റിവ് കെട്ടിടവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, പ്രാർഥന മുറികൾ എന്നിവയും ഉൾക്കൊള്ളുന്നു. കാമ്പസിലെ റോഡ് നിർമാണവും പാർക്കിങ് സൗകര്യമൊരുക്കലും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. കാമ്പസിൽ കളിസ്ഥലവും ജിമ്മും അടക്കമുള്ള സൗകര്യങ്ങളൊരുക്കാനും മരങ്ങൾ നട്ടുപിടിപ്പിക്കാനും ശൈഖ് സുൽത്താൻ അവലോകനശേഷം നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.