ഖോർഫക്കാൻ ബീച്ച് ഇനിയും വളരും
text_fieldsഷാർജ: ഖോർഫക്കാൻ ബീച്ചിെൻറ രണ്ടാം ഘട്ട വികസന പദ്ധതികൾ ആരംഭിക്കുന്നു. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ ഒന്നര കിലോമീറ്റർ ബീച്ച് രണ്ടര കിലോമീറ്ററാവും. ഷാർജ നിക്ഷേപ വികസന വകുപ്പാണ് (ഷുറൂഖ്) വികസനം നടപ്പാക്കുന്നത്. കൂടുതൽ ഭക്ഷണശാലകൾ, വ്യായാമകേന്ദ്രം, ജലധാര എന്നിവയോടൊപ്പം കുട്ടികൾക്കായുള്ള കളിയിടങ്ങളും പുതിയതായി ഒരുക്കും. സന്ദർശകർക്കും ഷാർജ നിവാസികൾക്കും ഏറ്റവും മികച്ച വിനോദസഞ്ചാര സൗകര്യങ്ങളൊരുക്കണമെന്ന ഷാർജ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മാർഗനിർദേശം പിന്തുടർന്നാണ് കൂടുതൽ വികസനപ്രവർത്തനങ്ങൾ ആരംഭിക്കുന്നതെന്ന് ഷുറൂഖ് പ്രൊജക്ട്സ് വിഭാഗം ഡയറക്ടർ ഖൗല സയിദ് അൽ ഹാഷ്മി പറഞ്ഞു.
ഖോർഫക്കാനിലുള്ളവർ മാത്രമല്ല, യു.എ.ഇയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരുടേയും വിനോദസഞ്ചാരികളുടെയുമെല്ലാം പ്രിയപ്പെട്ട വിനോദകേന്ദ്രങ്ങളിലൊന്നാണ് ഖോർഫക്കാൻ തീരം. ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ രണ്ടു വർഷത്തിനിടെ വലിയ വർധനവുണ്ടായിട്ടുണ്ട്. കൂടുതൽ വികസനപദ്ധതികളിലൂടെ, സഞ്ചാരികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം മേഖലയിൽ നിരവധി നിക്ഷേപസാധ്യതകളൊരുക്കാൻ കഴിയുമെന്നും ഖൗല സയിദ് അൽ ഹാഷ്മി പറഞ്ഞു. ഷുറൂഖിെൻറ നേതൃത്വത്തിൽ 95 ദശലക്ഷം ദിർഹം ചെലവിൽ നവീകരിച്ച ഖോർഫക്കാൻ ബീച്ച് പദ്ധതിയുടെ ആദ്യഘട്ടം 2019 ഡിസംബറിലാണ് സന്ദർശകർക്കായി തുറന്നത്.
ശൈഖ് സുൽത്താനായിരുന്നു ഉദ്ഘാടനം ചെയ്തത്. ബീച്ചിെൻറ തെക്കുഭാഗത്തെ തുറമുഖം തൊട്ട് റൗണ്ട് എബൗട്ട് വരെയുള്ള ആദ്യഘട്ടത്തിൽ ആംഫി തിേയറ്റർ, നടപ്പാതകൾ, കുട്ടികളുടെ ഉല്ലാസകേന്ദ്രങ്ങൾ, ഫുട്ബാൾ, ബാസ്കറ്റ് ബാൾ, വോളിബാൾ കോർട്ടുകൾ എന്നീ സൗകര്യങ്ങളുണ്ട്. കുടുംബസമേതം കാഴ്ചകൾ ആസ്വദിച്ചിരിക്കാനുള്ള പ്രത്യേക പിക്നിക് സ്പോട്ടുകൾ, റസ്റ്റാറൻറുകൾ, കഫെ, ഇസ്ലാമിക് വാസ്തുശൈലിയിലുള്ള പൂന്തോട്ടം, കടലിൽ കുളിക്കുന്നവർക്കുള്ള വാഷ് റൂം സൗകര്യങ്ങൾ, ജോഗിങ്ങിനും സൈക്കിൾ യാത്രയ്ക്കുമായി പ്രത്യേക ട്രാക്കുകൾ എന്നിവയും ആദ്യഘട്ടത്തിൽ സജ്ജീകരിച്ചിരുന്നു.
ഒരേ സമയം 315 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. മലയാളികൾക്ക് ഗൃഹാതുര ഓർമകൾ സമ്മാനിക്കുന്ന ഇടം കൂടിയാണ് ഖോർഫക്കാൻ കടൽത്തീരം. പൊന്നുവിളയുന്ന ഗൾഫ് ഭൂമി തേടി പത്തേമാരികളിൽ വന്നിറങ്ങിയ പ്രവാസികളുടെ ആദ്യതലമുറയുടെ കഥകൾ ആരംഭിച്ചത് ഇവിടെനിന്നാണ്. പ്രവാസത്തിെൻറ കഥ പറഞ്ഞ എം.ടി വാസുദേവൻ നായരുടെ 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ', സലിം അഹമ്മദിെൻറ 'പത്തേമാരി' തുടങ്ങിയ ചിത്രങ്ങൾ ഈ തീരത്ത് ചിത്രീകരിച്ചിട്ടുണ്ട്. രണ്ടാംഘട്ട നവീകരണ പദ്ധതി അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.