ലോകകപ്പ് ട്രോഫിയുടെ 'വിദേശ യാത്ര'ക്ക് ദുബൈയിൽ കിക്കോഫ്
text_fieldsലോകകപ്പ് ഫുട്ബാൾ ട്രോഫി ദുബൈ കൊക്കകോള അരീനയിൽ ഫുട്ബാൾ താരങ്ങളായ കക്കയും കാസിയസും ചേർന്ന് അവതരിപ്പിക്കു
ദുബൈ: കാൽപന്തിന്‍റെ ആരവം ലോകം മുഴുവൻ പടർത്താൻ ലോകകപ്പ് ട്രോഫിയുടെ 'വിദേശ പര്യടന'ത്തിന് ദുബൈയിൽ കിക്കോഫ്. ഖത്തറിൽ നടന്ന ട്രോഫി പ്രയാണത്തിനൊടുവിലാണ് ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കും സ്വർണക്കപ്പ് എത്തുന്നത്. ദുബൈ കൊക്കകോള അരീനയിലെ താരസമ്പന്നമായ വേദിയിൽ ലോകകിരീടത്തിന് ആവേശോജ്ജ്വല സ്വീകരണമൊരുക്കി. മുൻ ബ്രസീലിയൻ താരം കക്ക, സ്പാനിഷ് ഗോൾ കീപ്പർ ഐകർ കാസിയസ് എന്നിവർ ചേർന്ന് ട്രോഫി കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
മുൻ ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോ, പോർചുഗൽ താരം ലൂയി ഫിഗോ തുടങ്ങിയവരും പങ്കെടുത്തു. ലോകകപ്പ് യോഗ്യത നേടിയ 32 രാജ്യങ്ങളിൽ ഉൾപ്പെടെ 51 രാജ്യങ്ങളിൽ സന്ദർശനത്തിന് ശേഷം നവംബർ 21ന് ഖത്തറിലെ ലോകകപ്പ് വേദിയിലേക്ക് ട്രോഫി തിരികെയെത്തും. ആദ്യമായാണ് യോഗ്യത നേടിയ എല്ലാ രാജ്യങ്ങളിലേക്കും ട്രോഫി പ്രയാണം എത്തുന്നത്. ലോകകപ്പ് സ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന യു.എ.ഇക്ക് രണ്ടു മത്സരങ്ങൾകൂടി ജയിച്ചാൽ ഈ ലോകകപ്പിൽ പന്ത് തട്ടാം. ശക്തരായ ആസ്ട്രേലിയയും പെറുവുമാണ് യു.എ.ഇയുടെ എതിരാളികൾ. ഖത്തറിൽ നടക്കുന്ന ഈ മത്സരങ്ങളിൽ ജയിച്ച് ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷയിലാണ് ഇമാറാത്ത്. ട്രോഫി പ്രയാണത്തിന്‍റെ തുടക്കത്തിൽതന്നെ പങ്കാളികളാകാൻ കഴിഞ്ഞത് അഭിമാന നിമിഷമാണെന്ന് കക്ക പറഞ്ഞു.
20 വർഷം മുമ്പുള്ള ആദ്യ ലോകകപ്പ് കാലവും കക്ക ഓർത്തെടുത്തു. 2010ൽ താൻ നായകനായിരിക്കെ ലോകകപ്പ് ഉയർത്തിയത് സ്പാനിഷ് താരം ഐകർ കാസിയസ് അനുസ്മരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.