ക്ഷേമ രാഷ്ട്രം: ദുർബല വിഭാഗങ്ങളുടെ ക്ഷേമത്തിന് 1100 കോടി ദിർഹം നീക്കി വെച്ച് യു.എ.ഇ
text_fieldsദുബൈ: ജനങ്ങളുടെ ക്ഷേമത്തിനും സന്തോഷത്തിനും പ്രഥമപരിഗണന നൽകുന്ന രാജ്യമെന്ന വിശേഷണത്തിന് അടിവരയിട്ട് 11 ബില്യൻ ദിർഹത്തിെൻറ സാമൂഹിക ക്ഷേമപദ്ധതിക്ക് യു.എ.ഇ കാബിനറ്റ് അംഗീകാരം നൽകി. ജീവിതചെലവ് ഏറുന്നുവെന്ന് റേഡിയോ പരിപാടിയിലൂടെ പരാതി പറഞ്ഞതിന് പരിഹസിക്കപ്പെട്ട വയോധികെന പ്രത്യേക ക്ഷണിതാവായി വിളിച്ചു വരുത്തിയ യോഗത്തിലാണ് പദ്ധതി പ്രഖ്യാപനമുണ്ടായത്.
റാസൽഖൈമ സ്വദേശിയായ അൽ മസ്റൂഇയെ കാബിനറ്റ് യോഗത്തിലേക്ക് ക്ഷണിച്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അദ്ദേഹത്തിന് സാമൂഹിക ക്ഷേമ വകുപ്പിൽ ജോലിയും വീടും നൽകാനും നിർദേശിച്ചു.
കുറഞ്ഞ വരുമാനക്കാർക്ക് മൂന്നു വർഷത്തേക്ക് സഹായമെത്തിക്കുന്നതിനായി 1100 കോടി ദിർഹം നീക്കിവെക്കാനാണ് തീരുമാനം. 3.88 ബില്യൺ ദിർഹം വയോധിക ക്ഷേമത്തിന്, 1.55 ബില്യൺ ആരോഗ്യ^സാമ്പത്തിക വൈഷമ്യങ്ങളുള്ള സ്വദേശികൾക്ക്, 1.7 ബില്യൺ പ്രത്യേക പരിരക്ഷ ആവശ്യമുള്ള നിശ്ചയദാർഢ്യ വിഭാഗക്കാർക്ക്, 2.2 ബില്യൺ വിധവകൾക്കും വിവാഹ മോചിതർക്കും 18.39 കോടി തടവുകാരുടെ കുടുംബാംഗങ്ങൾക്ക് എന്നിങ്ങനെയാണ് വകയിരുത്തുക.
അബൂദബി പ്രസിഡൻറഷ്യൽ പാലസിൽ നടന്ന യോഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധ്യക്ഷത വഹിച്ചു. ഉപ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവർ സംബന്ധിച്ചു.
യു.എ.ഇയിലെ മെഡിക്കൽ പ്രൊഫഷൻ കുറ്റമറ്റതാക്കുന്നതിനുള്ള ഫെഡറൽ നിയമം ഇറക്കുന്നതിനും കാബിനറ്റ് അംഗീകാരം നൽകി.
വിസിറ്റിംഗ് ഡോക്ടർമാർ, യു.എ.ഇയിൽ താമസക്കുന്ന ഡോക്ടർമാർ, അത്യപുർവ പ്രാഗൽഭ്യമുള്ള ഡോക്ടർമാർ എന്നിങ്ങനെ തരംതിരിച്ചാണ് നിയമം നിലവിൽ വരിക. ആരോഗ്യ രംഗം കൂടുതൽ നിലവാരത്തിലാക്കാനും ആരോഗ്യ മേഖലയുടെ പ്രതിച്ഛായ കൂടുതൽ തിളക്കമുള്ളതാക്കാനും ഇതു സഹായിക്കും. ശിശുക്കൾക്കും കുഞ്ഞുങ്ങൾക്കുമുള്ള ആഹാര പദാർഥങ്ങളെ നിയന്ത്രിച്ച് ആരോഗ്യപ്രദമായതു മാത്രം ലഭ്യമാക്കാനുള്ള പ്രമേയത്തിനും മന്ത്രി സഭ അംഗീകാരം നൽകിയിട്ടുണ്ട്. ആദ്യ ആറു മാസം മുലപ്പാൽ നൽകുന്നത് ഉറപ്പാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.