ദുബൈ മെട്രോ നടത്തിപ്പ് കിയോലിസ് കമ്പനിക്ക്
text_fieldsദുബൈ: എമിറേറ്റിലെ മെട്രോ, ട്രാം എന്നിവയുടെ നടത്തിപ്പ് ബഹുരാഷ്ട്ര കമ്പനിയായ കിയോലിസ് ഏറ്റെടുത്തതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. സെർകോ മിഡിൽ ഈസ്റ്റ് കമ്പനിയിൽ മെട്രോയുടെ നടത്തിപ്പും പരിപാലനവും അടക്കമുള്ള ഉത്തരവാദിത്തങ്ങൾ ഫ്രാൻസ് ആസ്ഥാനമായ കമ്പനി ഏറ്റെടുത്തത്. 2009 സെപ്റ്റംബർ ഒമ്പതിന് ആരംഭിച്ച മെട്രോ, കഴിഞ്ഞ 12 വർഷമായി സുരക്ഷയുടെയും പ്രവർത്തനക്ഷമതയുടെയും കാര്യത്തിൽ ആഗോള തലത്തിൽ തന്നെ മികവ് അടയാളപ്പെടുത്തിയിട്ടുണ്ട്. സർവിസുകളിൽ 99.7 ശതമാനം സമയനിഷ്ഠ അടയാളപ്പെടുത്തിയ മെട്രോ 170 കോടി യാത്രക്കാരെ കഴിഞ്ഞ ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് വഹിച്ചിട്ടുണ്ട്. പുതിയ കമ്പനി നടത്തിപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങ് മെട്രോ അൽ റാശിദിയ്യ ഡിപ്പോയിൽ നടന്നു. ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്വാർ മുഹമ്മദ് അൽ തായർ, കിയോലിസ് ഗ്രൂപ് ഇൻറർനാഷനൽ സി.ഇ.ഒ ബർനാഡ് തബാരി, സെർകോ ഗ്രൂപ് മിഡിൽ ഈസ്റ്റ് സി.ഇ.ഒ ഫിൽ മലേം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ ദുബൈ പൊലീസിലെ ഗതാഗത സുരക്ഷ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർമാരായ ബ്രിഗേഡിയർ അൽ ഹത്ബൂറിനെയും കേണൽ മുഹമ്മദ് അൽ അബ്ബാറിനെയും ആദരിച്ചു. മെട്രോ അടക്കമുള്ള വിവിധ പൊതുഗതാ zഗത മാർഗങ്ങളുടെ സുരക്ഷ നിലനിർത്തുന്നതിൽ പൊലീസ് വഹിച്ച സേവനം പരിഗണിച്ചാണ് ആദരം. മികച്ച ബിസിനസ് കേന്ദ്രമായും അസാധാരണ ജീവിത നിലവാരമുള്ള നഗരമെന്ന നിലയിലും ദുബൈയെ ആഗോള തലത്തിൽ അടയാളപ്പെടുത്തുന്നതിൽ മെട്രോ വലിയ പങ്കുവഹിച്ചതായി ചടങ്ങിൽ അൽ തായർ പറഞ്ഞു. ദുബൈയുടെ ലോകോത്തര മെട്രോ, ട്രാം നെറ്റ്‌വർക്കുകളുടെ നടത്തിപ്പ് ഏറ്റെടുക്കുന്നതിൽ വളരെ സന്തുഷ്ടരാണെന്ന് കിയോലിസ് സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.