മനം നിറച്ച് മാനം നിറഞ്ഞ് പട്ട മഹോത്സവം
text_fieldsദുബൈ: ദുബൈയുടെ നീലവാനത്തിന് ഇന്നലെ ചതുവര്‍ണമായിരുന്നു. യു.എ.ഇയുടെ ദേശീയ പതാകയുടെ നിറത്തിലുള്ള പട്ടങ്ങള്‍ ആകാശക്കീറിലാകെ നിറഞ്ഞു നിന്നപ്പോള്‍ വികൃതിക്കുട്ടികളെപ്പോലെ താഴ്ത്തിയും പറത്തിയും നൂല് പൊട്ടിച്ചും കടല്‍ക്കാറ്റ് രസികന്‍ കളി കളിച്ചു. ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി ജുമൈറ കൈറ്റ് ബീച്ചിലാണ് പ്രായവും ഭാഷയൂം ദേശവും മറന്ന് നൂറുകണക്കിനാളുകള്‍ പട്ടം പറത്താനത്തെിയത്. ഖലീഫ എംപവര്‍മെന്‍റ് ഫോറം ഫോര്‍ സ്റ്റുഡന്‍റ്സ്, അദ്കാര്‍ എന്നിവയുടെ സഹകരണത്തോടെ അറേബ്യന്‍ കൈറ്റ് ടീമും സ്മാര്‍ട് ഡീലും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ ലോകപട്ടംപറത്തല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ 15 കിലോ ഭാരവും 45 അടി വലിപ്പവുമുള്ള ഇറ്റാലിയന്‍ പരമ്പരാഗത വട്ടപട്ടവും പ്രദര്‍ശിപ്പിച്ചിരുന്നു.
വയോധികരായ മാതാപിതാക്കളും കൈക്കുഞ്ഞുങ്ങളുമുള്‍പ്പെടെ സകുടുംബമാണ് ആളുകള്‍ എത്തിയത്. സ്ത്രീകളായിരുന്നു എണ്ണത്തില്‍ കൂടുതല്‍. പട്ടം കൈയില്‍ കിട്ടിയതോടെ പ്രായമേറിയവര്‍ പോലും കുട്ടികളെപ്പോലെയായി. സ്വദേശികള്‍ക്കു പുറമെ മലയാളികള്‍ ഉള്‍പ്പെട്ട പ്രവാസികളും യൂറോപ്യന്‍ വിനോദ സഞ്ചാരികളും പട്ടം വാനിലുയര്‍ത്തി ആസ്വദിച്ചു. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ പട്ടം കൊണ്ട് കളിക്കണമെന്ന് ആഗ്രഹിച്ച തനിക്ക് 65 വയസു തികഞ്ഞ ഇന്നാണ് ആദ്യമായി സാധിച്ചതെന്ന് തൃശൂരില്‍ നിന്ന് മക്കളുടെ അരികില്‍ സന്ദര്‍ശനത്തിന് വന്ന നഫീസ പറഞ്ഞു. ഫ്ളാറ്റുകള്‍ക്കുള്ളില്‍ വീഡിയോ ഗെയിമുകളിലും സാമൂഹിക മാധ്യമങ്ങളിലും കുടുങ്ങി സാമൂഹിക ബന്ധം നഷ്ടപ്പെട്ട തലമുറക്ക് അത് തിരിച്ചു പിടിക്കാനുള്ള ഏറ്റവും മികച്ച ഉപാധിയാണ് പട്ടം പറത്തലെന്നും പ്രതീക്ഷിച്ചതിലും ഇരട്ടി ആളുകളാണ് പരിപാടിക്കത്തെിയതെന്നും കൈറ്റ് ഫെസ്റ്റിന് നേതൃത്വം നല്‍കിയ അറേബ്യന്‍ കൈറ്റ്സ് ടീമിന്‍െറ അധ്യക്ഷന്‍ അബ്ദുല്ല മാളിയേക്കല്‍ അറിയിച്ചു. മാനസിക ഉല്ലാസത്തിനും ആധുനിക ജീവിതശൈലി വരുത്തിവെക്കുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നിന്നുള്ള വിടുതലിനും ഇതു സഹായിക്കും. ദുബൈക്കു പുറമെ യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലും ഫെസ്റ്റ് ഒരുക്കാന്‍ ഉദ്ദേശമുണ്ട്. ലഫ്. കേണല്‍. ഡോ. അബ്ദുല്‍ റഹ്മാന്‍ ശരീഫ് മുഹമ്മദ്, താരീഖ് സയ്യദ് അല്‍ മുത്തവ, നരസിംഹ അയ്യര്‍, സഫ്രാജ് പുതിയവീട്ടില്‍, ഷാഫി നെച്ചിക്കാട്ട്, ഹാഷിം അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. പരിശീലകരായ സാജിദ് തോപ്പില്‍, ഹാഷിം കടാക്കലകം എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.