വിമാന സർവിസുകൾ ആരുടെയും കഞ്ഞികുടി മുട്ടിക്കാനല്ല -കെ.എം.സി.സി
text_fieldsദുബൈ: ചാർട്ടേഡ് വിമാന സർവിസുകൾ ആരുടെയും കഞ്ഞികുടി മുട്ടിക്കാനല്ലെന്നും പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനാണെന്നും ദുബൈ കെ.എം.സി.സി ഭാരവാഹികൾ ഓൺലൈൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച സർവിസുകൾ പൂർത്തിയാകുന്നതോടെ ചാർട്ടേഡ് വിമാന സേവനം അവസാനിപ്പിക്കുകയാണെന്നും ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റില്‍, ആക്ടിങ് പ്രസിഡൻറ് മുസ്തഫ വേങ്ങര, ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറിയും ൈഫ്ലറ്റ് ചാര്‍ട്ടറിങ് കോഓര്‍ഡിനേറ്ററുമായ അഡ്വ. ഇബ്രാഹിം ഖലീല്‍ അരിമല എന്നിവർ പറഞ്ഞു. ട്രാവൽ ഏജൻസികളുടെ ടിക്കറ്റ് വിൽപനയെ ബാധിക്കുന്ന രീതിയിൽ കെ.എം.സി.സി ടിക്കറ്റ് കച്ചവടം നടത്തുന്നുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവർ.
വിസാകാലാവധി കഴിഞ്ഞതിനെ തുടർന്ന് പിഴ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നിരവധി പ്രവാസികൾ യു.എ.ഇയിലുണ്ട്. ആഗസ്റ്റ് 17നകം മടങ്ങിയാൽ ഇവരുടെ പിഴ ഒഴിവാകുമെന്നിരിക്കെ ഇത്തരക്കാരെ സഹായിക്കാനാണ് കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചത്. നേരത്തെ തന്നെ അനുമതി ലഭിച്ച വിമാനങ്ങളാണിത്.
ഇതുരെ 33 വിമാന സർവിസുകള്‍ നടത്തി. ആകെ 43 വിമാനത്തിനാണ് അനുമതി ലഭിച്ചത്. ഷാർജ കെ.എം.സി.സി അമിത നിരക്ക് ഈടാക്കി വിമാനസർവിസ് നടത്തിയെന്ന് പറയുന്നതിൽ കഴമ്പില്ല. ആ വിമാനവുമായി കെ.എം.സി.സിക്ക് ബന്ധമില്ല. എന്നാൽ, ആ സർവിസിൽ ഞങ്ങളുടെ ഭാരവാഹികൾ ഇടപെട്ടിട്ടുണ്ട് എന്ന് ആരോപണമുയർന്നതിനെ തുടർന്ന് അവർക്കെതിരെ നടപടിയെടുത്തു.
വന്ദേ ഭാരത് മിഷന്‍ വിമാന സർവിസുകള്‍ അപര്യാപ്തമായപ്പോള് ചാര്‍ട്ടേഡ് സർവിസുകള്‍ക്കായി ദുബൈ കെ.എം.സി.സിയാണ് ആദ്യം രംഗത്തുവന്നത്. ഹൈക്കോടതിയില്‍ കേസും നൽകിയിരുന്നു. 725ന് ലഭിച്ച ടിക്കറ്റാണ് 825ന് വിൽക്കുന്നതെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.
825നാണ് ടിക്കറ്റ് ലഭിച്ചത്. നിരക്ക് കുറച്ചും സൗജന്യമായും യാത്രക്കാരെ നാട്ടിലെത്തിച്ചിട്ടുണ്ട്. വലിയ നിരക്കില്‍ വിമാന സർവിസ് നടത്തി ഒരു ഫില്‍സ് പോലും ലാഭമുണ്ടാക്കിയിട്ടില്ല. ട്രാവൽ ഏജൻസികൾ മിതമായ ലാഭം ഈടാക്കണം. ദുബൈ കെ.എം.സി.സിക്ക് ലഭിച്ച വ്യാപക പിന്തുണയെ ഇകഴ്ത്താനും അവമതിക്കാനും നടത്തുന്ന നീക്കമാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.