കെ.എം.സി.സി രണ്ടാം ഘട്ട ചാർട്ടേർഡ് വിമാനങ്ങൾ 17 മുതൽ
text_fieldsദുബൈ: കോവിഡ് പ്രതിസന്ധി കാരണം യു.എ.ഇയിൽ നിന്ന് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന 15000 പേർക്കു കൂടി യാത്രാസൗകര്യം ഏർപ്പെടുത്തുമെന്ന് കെ.എം.സി.സി ദേശീയ സമിതി വ്യക്തമാക്കി. അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ, അൽ ഐൻ എന്നീ എട്ടു കീഴ്ഘടകങ്ങളുമായി സഹരിച്ചു ഏർപ്പെടുത്തുന്ന ചാർട്ടേർഡ് വിമാന സർവീസിെൻറ രണ്ടാം ഷെഡ്യൂളിലാണ് ഇത്ര പേർക്കു യാത്രാസൗകര്യം ഒരുക്കുക.
ജൂൺ പതിനേഴു മുതൽ എഴുപത് വിമാനങ്ങളാണ് കേരളത്തിലേക്കു പറക്കുക. കോഴിക്കോട് വിമാനത്താവളത്തിലേക്ക് അമ്പതും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പത്തും വീതമാണു സർവീസുകൾ. കെ.എം.സി.സിയുടെ അഭ്യർഥന പ്രകാരം സർവീസ് നടത്തുന്ന ഫ്ലൈദുബൈ, എയർഅറേബ്യ, സ്പേസ് ജെറ്റ്, ഗൊ എയർ വിമാനങ്ങൾ ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിൽ നിന്നുമാണ് പുറപ്പെടുക.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നായി പുറപ്പെട്ട 16 വിമാനങ്ങളിലായി 3000 ആളുകൾക്ക് നാട്ടിലെത്താനായി. യാത്രക്കാരിൽ സാമ്പത്തിക പ്രയാസങ്ങൾ ഇല്ലാത്തവരിൽ നിന്ന് നിശ്ചിത നിരക്ക് ഈടാക്കിയും ഇരുപത് ശതമാനം സീറ്റുകൾ നിർധനർക്കു സംവരണം ചെയ്തുമാണ് സംഘടന വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നത്.
കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരും ജീവിതം വഴിമുട്ടിയവരും രോഗികളും ഗർഭിണികളുമായവരെയും അടിയന്തര സാഹചര്യങ്ങളിൽ ഉള്ളവരെയും നാട്ടിലെത്തിക്കുന്നതിനാണ് കെ.എം.സി.സി വിമാനങ്ങൾ ചാർട്ട് ചെയ്തു യാത്രാസൗകര്യം ഒരുക്കിയത്.
അതിനിടെ യു.എ.ഇയിലേക്ക് അനുവദിക്കുന്ന വന്ദേഭാരത് മിഷൻ വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കെ.എം.സി.സി കേന്ദ്ര സർക്കാറിെൻറ വിവിധ വകുപ്പുകളിൽ വീണ്ടും അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ വന്ദേഭാരത് മിഷൻ വിമാനങ്ങൾ അനുവദിച്ചു കിട്ടുന്നില്ലെങ്കിൽ വിമാനങ്ങൾ ചാർട്ട് ചെയ്യുന്ന ദൗത്യം ജൂലൈ മാസത്തിലും തുടരാനാണു കെ.എം.സി.സിയുടെ തീരുമാനം. പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ നൂറ് വിമാന സർവീസുകളാണു ലക്ഷ്യമിടുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു സന്നദ്ധ സേവകരുടെ കൂട്ടായ്മ ഇത്രയും ആളുകളെ ഒരുമിച്ചു നാട്ടിലെത്തിക്കുന്നത്. കെ.എം.സി.സി ലക്ഷ്യമിടുന്ന വിധത്തിൽ ചാർട്ടഡ് വിമാന സർവീസുകൾ പൂർത്തീകരിക്കാനായാൽ മുപ്പതിനായിരം പേരെ നാട്ടിലെത്തിക്കാനാകും.
കേന്ദ്രസർക്കാരിെൻറ വന്ദേഭാരത് മിഷൻ വിമാനങ്ങൾ വഴി ഗൾഫിൽ നിന്ന് നാട്ടിലെത്തുന്നവരേക്കാൾ വളരെ കൂടുതൽ ആളുകളെ കെ.എം.സി.സി നാട്ടിലെത്തിക്കും. ലോകത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു ഒരു ദൗത്യം ഒരു സാമൂഹിക കൂട്ടായ്മ നിർവഹിക്കുന്നതെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് ഡോ.പുത്തൂർ റഹ്മാൻ പറഞ്ഞു. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു തന്നെ ഈ ദൗത്യം പൂർത്തീകരിക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും പുത്തൂർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.