ദുബൈയിൽ കെ.എം.സി.സിക്ക് സ്വന്തം ആസ്ഥാനം
text_fieldsദുബൈ: കെ.എം.സി.സിക്ക് ദുബൈയിൽ സ്വന്തമായി ആസ്ഥാനം നിർമ്മിക്കുന്നതിന് ദുബൈ സർക്കാർ ഭൂമി നൽകി. ദുബൈയിലെ റാഷിദിയയിലാണ് ഒന്നര ഏക്കർ ഭൂമി അനുവദിച്ചതെന്ന് ഇബ്രാഹിം എളേറ്റിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.എ. യൂസഫലിയുടെ ശ്രമഫലമായാണ് ഭൂമി ലഭ്യമായത്. ഇവിടെ കെ.എം.സി.സിയുടെ വലിയ ആസ്ഥാനം സ്ഥാപിക്കും. ദേര അബ്ര, സബക, അൽ ബറഹ, അൽ മംസർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന കെ.എം.സി.സി ആസ്ഥാനം ഇപ്പോൾ അബുഹയിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
സി.ഡി.എ ഡയറക്ടർ അഹമ്മദ് അബ്ദുൽ കരീം ജുൽഫാർ, എം.എ. യൂസഫലി, ദുബൈ നോളെഡ്ജ് ഫണ്ട് എസ്റ്റാബ്ലിഷ്മെന്‍റ് സി.ഇ.ഒ അബ്ദുല്ല അൽ അവാർ, വ്യവസായികളായ ഖാദർ തെരുവത്ത്, അബ്ദുല്ല പൊയിൽ, ദുബൈ കെ.എം.സി.സി സി.ഡി.എ ഡയറക്ടർ ബോർഡ് പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ, ഡയറക്ടർ മാരായ ശംസുദ്ധീൻ ബിൻ മുഹിയിദ്ധീൻ, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, വി.ടി മുസ്ഥഫ വേങ്ങര, അഡ്വ. ഇബ്രാഹിം ഖലീൽ എന്നിവർ ഒപ്പുവെക്കൽ ചടങ്ങിൽ സംബന്ധിച്ചതായി എളേറ്റിൽ അറിയിച്ചു.
പുറത്താക്കിയിട്ടും 'പുറത്താകാതെ' ഇബ്രാഹിം എളേറ്റിൽ
ദുബൈ: മുസ്ലീം ലീഗിൽ നിന്നും പോഷക സംഘടനയായ കെ.എം.സി.സിയിൽ നിന്നും പുറത്താക്കിയെങ്കിലും 'പുറത്താകാതെ' ഇംബ്രാഹിം എളേറ്റിൽ. അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നുൾപെടെ ലീഗ് നേതൃത്വം പുറത്താക്കിയെങ്കിലും കെ.എം.സി.സിയുടെ പേരിൽ വാർത്തസമ്മേളനം സംഘടിപ്പിച്ചതും ഷാർജ പുസ്തകോത്സവത്തിൽ സ്റ്റാൾ ഇട്ടതുമെല്ലാം എളേറ്റിലാണ്. കഴിഞ്ഞ ദിവസം ദുബൈ കെ.എം.സി.സിക്ക് സർക്കാർ ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട ധാരണ പത്രത്തിൽ ഒപ്പുവെക്കുന്ന ചടങ്ങിലും എളേറ്റിൽ പങ്കെടുത്തു. കെ.എം.സി.സി സി.ഡി.എ ഡയറക്ടർ ബോർഡ് പ്രസിഡന്‍റ് എന്ന പേരിലാണ് എളേറ്റിൽ കെ.എം.സി.സിയിൽ ഇപ്പോഴും തുടരുന്നത്. യു.എ.ഇയിൽ സംഘടനകൾക്ക് അനുമതി നൽകുന്ന കമ്യൂനിറ്റി ഡവലപ്മെന്റ് അതോറിറ്റിയിൽ (സി.ഡി.എ) പ്രസിഡന്‍റായി ഇപ്പോഴും എളേറ്റിലിന്‍റെ പേരാണുള്ളത്. ഈ കരുത്തിലാണ് ഇപ്പോഴും എളേറ്റിൽ കെ.എം.സി.സിയുടെ ഭാഗമായി തുടരുന്നത്.
ഒക്ടോബർ 15നാണ് ഇബ്രാഹിം എളേറ്റിലിനെ അച്ചടക്ക വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ സസ്പെൻഡ് ചെയ്തത്. മുസ്ലീം ലീഗിന്‍റെയും പോഷക സംഘടനകളുടെയും ഭാരവാഹി സ്ഥാനത്ത് നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നതായി മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി 'ചന്ദ്രിക' ദിന പത്രത്തിലൂടെയാണ് അറിയിച്ചത്. എന്നാൽ, ഇതിന് ശേഷവും അബൂഹയിലെ കെ.എം.സി.സി ആസ്ഥാനത്ത് നിത്യ സന്ദർശകനായിരുന്നു എളേറ്റിൽ. ഷാർജ പുസ്തകോത്സവത്തിൽ കെ.എം.സി.സിയുടെ സ്റ്റാൾ ഏറ്റെടുത്ത് നടത്തിയ എളേറ്റിൽ അവിടെ സ്ഥിര സാന്നിധ്യമായിരുന്നു. സാദിഖലി തങ്ങൾ ഉൾപെടെയുള്ളവർ പുസ്തകോത്സവത്തിൽ എത്തിയെങ്കിലും എളേറ്റിലുമായി കൂടിക്കാഴ്ച നടത്തിയില്ല. എന്നാൽ, കെ.എം.സി.സിക്ക് ദുബൈ സർക്കാർ ഭൂമി നൽകിയതുമായി ബന്ധപ്പെട്ട ധാരണ പത്രം ഒപ്പുവെക്കൽ ചടങ്ങിൽ മറ്റ് കെ.എം.സി.സി നേതാക്കൾക്കൊപ്പമാണ് എളേറ്റിലും പങ്കെടുത്തത്. കെ.എം.സി.സി ഡയറക്ടർമാരായ ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, വി.ടി. മുസ്തഫ വേങ്ങര, അഡ്വ. ഇബ്രാഹിം ഖലീൽ എന്നിവരും പങ്കെടുത്തു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഇതുമായി ബന്ധപ്പെട്ട് വിളിച്ച വാർത്ത സമ്മേളനം നടത്തിയത് കെ.എം.സി.സിയുടെ ബാനറിന് മുൻപിലായിരുന്നു.
മിഡിലീസ്റ്റ് ചന്ദ്രികയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടാണ് എളേറ്റിലിന്‍റെ പുറത്താക്കലിൽ കലാശിച്ചത്. കോടിക്കണക്കിന് രൂപയുടെ ക്രമക്കേടിനെ തുടർന്ന് ചന്ദ്രികയുടെ പ്രസിദ്ധീകരണം നിർത്തിവെച്ചിരിക്കുകയാണ്.
സസ്പെൻഷൻ അംഗീകരിക്കുന്നു -എളേറ്റിൽ
ദുബൈ: മുസ്ലീം ലീഗ് നേതൃത്വത്തിന്‍റെ സസ്പെൻഷൻ അംഗീകരിക്കുന്നുവെന്നും എന്നാൽ, ദുബൈ കെ.എം.സി.സി സി.ഡി.എ ഡയറക്ടർ ബോർഡിന്‍റെ പ്രസിഡന്‍റ് താൻ തന്നെയാണെന്നും ഇബ്രാഹിം എളേറ്റിൽ. ദുബൈയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രാജ്യത്തിന്‍റെ നിയമത്തിന് അനുസൃതമായി മാത്രമെ സംഘടനക്ക് പ്രവർത്തിക്കാൻ കഴിയു. കെ.എം.സി.സി രജിസ്റ്റർ ചെയ്തത് യു.എ.ഇയിലെ കമ്യൂനിറ്റി ഡവലപ്മെന്റ് അതോറിറ്റിയിലാണ്. അത് പ്രകാരം താൻ തന്നെയാണ് ഇപ്പോഴും പ്രസിഡന്‍റ്. അതിനാൽ കരാറിൽ ഒപ്പുവെക്കാനും വാർത്തസമ്മേളനം വിളിക്കാനും തനിക്കേ കഴിയൂ. മുസ്ലീം ലീഗ് നേതൃത്വത്തെയും നേതാക്കളെയും ബഹുമാനമുണ്ട്. അവരുമായി ഇപ്പോഴും ബന്ധമുണ്ട്. ഈ വിഷയത്തിൽ നേതാക്കൾ ഉചിതമായ തീരുമാനമെടുക്കും. അവർ നിർദേശിക്കുന്ന അന്തിമ പരിഹാരം എന്തായാലും അംഗീകരിക്കും. മെംബർഷിപ്പ് ക്യാമ്പയിൻ പൂർത്തിയാക്കിയാൽ പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കും. രക്തത്തിൽ അലിഞ്ഞുചേർന്നതാണ് പ്രസ്ഥാനം. വാർത്തസമ്മേളനം വിളിക്കുമ്പോൾ നേതൃത്വത്തിന്‍റെ അനുവാദം ചോദിക്കുന്ന പതിവ് കെ.എം.സി.സിയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.