കെ.എം.സി.സിയുടെ കരുതലിൽ കൃഷ്ണദാസിന് കിടക്കാനിടമായി
text_fieldsദുബൈ: താമസിക്കുന്ന മുറിയിലെ എല്ലാവർക്കും ലോക്ഡൗണിനെ തുടർന്ന് ഒരുമിച്ച് ജോലി നഷ്ടമായപ്പോൾ കുടുങ്ങിപ്പോയത് കൃഷ്ണദാസായിരുന്നു. ഒപ്പം താമസിച്ചവരെല്ലാം പലയിടങ്ങളിലേക്ക് മാറിയതോടെ കാഞ്ഞങ്ങാട് സ്വദേശിയായ കൃഷ്ണദാസ് പോകാനൊരിടമില്ലാതെ പെരുവഴിയിലായി. ജോലിയും ഭക്ഷണവുമില്ല, ഒടുവിൽ കിടക്കാനുള്ള ഇടം കൂടി ഇല്ലാതായി തെരുവിലായിപ്പോയ കൃഷ്ണദാസിന് കരുതലിൻെറ കിടപ്പാടമൊരുക്കിയിരിക്കുകയാണ് കെ.എം.സി.സി. ദുബൈ കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയാണ് കിടക്കാനുള്ള സൗകര്യങ്ങളും ഭക്ഷണസാധനങ്ങളും ആവശ്യത്തിനുള്ള പണവും നൽകി കൃഷ്ണദാസിന് തുണയായത്. ഷാർജയിലെ ബാച്ച്ലർ മുറിയിൽ ഏറെ സുരക്ഷിതനാണ് ഇപ്പോൾ കൃഷ്ണദാസ്.
ദുബൈയിലെ കെ.എം.സി.സി നേതാവ് സലാം കന്യാപാടിക്ക് ലഭിച്ച ഫോൺകാളിലൂടെയാണ് കൃഷ്ണദാസിൻെറ ദുരിതം കെ.എം.സി.സി പ്രവർത്തകർ അറിയുന്നത്. തുടർന്ന് ദുബൈ കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി പ്രവർത്തകർ പ്രസിഡൻറ് ഹനീഫ ബാവനഗറിൻെറ നേതൃത്വത്തിൽ കൃഷ്ണദാസിനെ പുരനധിവസിപ്പിക്കാനുള്ള കാര്യം സ്വമേധയ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, പ്രതീക്ഷിച്ചതിലും വലിയ പ്രശ്നങ്ങളായിരുന്നു നേരിടേണ്ടിവന്നതെന്ന് കെ.എം.സി.സി വളൻറിയർമാർ പറയുന്നു. മഹാമാരി പേടിച്ച് മുറികളിൽ തന്നെ കഴിഞ്ഞിരുന്നവർ പുറത്തുനിന്നൊരാളെ സ്വീകരിക്കാൻ പേടിച്ചതോടെ പ്രവർത്തകരും നിസ്സഹായരായി. വിവിധയിടങ്ങളിൽ അലഞ്ഞ് താമസസൗകര്യം അന്വേഷിച്ച വളൻറിയർമാർ ഒടുവിൽ ഷാർജയിലെ ഒരു ബാച്ച്ലർ മുറിയിൽ കൃഷ്ണദാസിന് തലചായ്ക്കാനിടം കണ്ടെത്തുകയായിരുന്നു. ആവശ്യമായ ഭക്ഷ്യവസ്തുക്കളും അത്യാവശ്യം പണവും ഏൽപിച്ചാണ് കെ.എം.സി.സിക്കാർ ഷാർജയിൽനിന്ന് മടങ്ങിയത്.
കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഇതു രണ്ടാം തവണയാണ് വിജയകരമായി പുനരധിവാസം നടത്തുന്നത്.
നേരത്തെ ഇൻറർനാഷനൽ സിറ്റിയിൽ താമസിച്ചിരുന്ന കുടുംബത്തിന് വീട് നഷ്ടമായപ്പോൾ ഇടപെട്ട് ദേരയിലേക്ക് മാറ്റിപ്പാർപ്പിച്ചത് കമ്മിറ്റിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ്. ദിനംപ്രതി നൂറുകണക്കിന് ഭക്ഷണപ്പൊതികളും അവശ്യമരുന്നുകളുമെത്തിക്കുന്ന പ്രവർത്തനം തുടർച്ചയായ രണ്ടാം മാസവും പ്രവർത്തകർ സജീവമായി തുടരുകയാണെന്ന് ജില്ലാ വൈസ് പ്രസിഡൻറ് യുസഫ് മുക്കൂട് പറഞ്ഞു. മണ്ഡലം കെ.എം.സി.സി ഓർഗനൈസർ റഷീദ് ആവിയിൽ, ജോയിൻറ് സെക്രട്ടറി അഷ്റഫ് ബച്ചൻ, വൈസ് പ്രസിഡൻറ് ആരിഫ് കൊത്തിക്കൽ, ഹംസ കുളിയങ്കാൽ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷ്ണദാസിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.