ടി. ഉബൈദ് സ്മാരക കെ.എം.സി.സി സാഹിത്യശ്രേഷ്ഠ അവാർഡ് കവി ആലങ്കോട് ലീലാകൃഷ്ണന്
text_fieldsദുബൈ: വിടപറഞ്ഞ കവി ടി. ഉബൈദിെൻറ സ്മരണക്കായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ സാഹിത്യശ്രേഷ്ഠ അവാർഡിന് ആലങ്കോട് ലീലാകൃഷ്ണൻ അർഹനായി. കവിയും എഴുത്തുകാരനും കഥാകൃത്തും പ്രഭാഷകനും സാമൂഹികപ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. ഡോ. എം.കെ. മുനീർ എം.എൽ.എ, ടി.ഇ. അബ്ദുല്ല, യഹ്യ തളങ്കര, പി.പി. ശശീന്ദ്രൻ, ജലീൽ പട്ടാമ്പി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
സാഹിത്യകാരൻ, കവി, അധ്യാപകൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച ടി. ഉബൈദ്, ഉത്തര മലബാറിൽ സാഹിത്യരംഗത്ത് തിളങ്ങിയിരുന്ന വ്യക്തിത്വമായിരുന്നു. മലയാളത്തിലും കന്നടയിലും അറബിയിലും അറബി മലയാളത്തിലും ഒരുപോലെ കവിതകളെഴുതിയ അദ്ദേഹം മലയാളത്തിൽനിന്ന് കന്നടയിലേക്കും കന്നടയിൽനിന്ന് മലയാളത്തിലേക്കും ധാരാളം വിവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. മലയാള ഭാഷാ നിഘണ്ടു സമ്പന്നമാക്കുവാൻ ടി. ഉബൈദിെൻറ സംഭാവനകൾ ഏറെയാണ്. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ആഞ്ഞടിച്ച ടി. ഉബൈദ് കൈവെച്ച മേഖലകളിലൊക്കെ തിളങ്ങിയ സകല കലാ പ്രതിഭയായിരുന്നു. 1972 ഒക്ടോബർ മൂന്നിനാണ് അദ്ദേഹം വിടപറഞ്ഞത്.
കാസർകോട്ട് നടക്കുന്ന ചടങ്ങിലാണ് അവാർഡ് വിതരണംചെയ്യുക. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ജില്ല പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.
ജില്ല ജന. സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ട്രഷറർ ടി.ആർ. ഹനീഫ്, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, വൈസ് പ്രസിഡൻറുമാരായ റഷീദ് ഹാജി കല്ലിങ്കാൽ, ഇ.ബി. അഹമ്മദ്, സെക്രട്ടറിമാരായ സലാം തട്ടാനിച്ചേരി, കെ.പി. അബ്ബാസ് കളനാട്, ഫൈസൽ മുഹ്സിൻ, അഷ്റഫ് പാവൂർ എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡൻറ് സി.എച്ച്. നൂറുദ്ദീൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.