കെ.എം.സി.സിയുടെ കൈത്താങ്ങ്: സന്ധിസംഭാഷണങ്ങളിൽ മധ്യസ്ഥൻ
text_fieldsദുബൈ: കെ.എം.സി.സിക്ക് എന്നും കൈത്താങ്ങായി നിന്ന നേതാവായിരുന്നു ഹൈദരലി തങ്ങൾ. കെ.എം.സി.സിയിലെ പടലപ്പിണക്കങ്ങൾ തീർക്കാൻ പലതവണ ഇടപെട്ടു. വിഭാഗീയതയെ തുടർന്ന് സന്ധിസംഭാഷണങ്ങൾ അദ്ദേഹത്തിന്റെ മധ്യസ്ഥതയിലായിരുന്നു. നാട്ടിലായിരിക്കുമ്പോഴും കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെ സസൂക്ഷ്മം വീക്ഷിച്ചിരുന്നു. കോവിഡ് കാലത്ത് ദുരിതത്തിലായ പ്രവാസികൾക്ക് സഹായമെത്തിക്കാനും ഗൾഫിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുമുള്ള കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിലും ആവശ്യമായ നിർദേശവുമായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. കെ.എം.സി.സിയുടെ പരിപാടികൾക്കായി നിരവധി തവണ അദ്ദേഹം യു.എ.ഇ സന്ദർശിച്ചു. കെ.എം.സി.സി കമ്മിറ്റികളുടെ പൊതുപരിപാടികൾ ഒരാഴ്ചത്തേക്ക് നിർത്തി വെക്കാനും തങ്ങൾക്കുവേണ്ടി മയ്യിത്ത് നമസ്കരിക്കാനും പ്രാർഥന സദസ്സുകൾ നടത്താനും യു.എ.ഇ കെ.എം.സി.സി നാഷനൽ കമ്മിറ്റി നിർദേശം നൽകി. കെ.എം.സി.സി ഇന്നലെ നടത്താനിരുന്ന വോളിബാളിൽ പങ്കെടുക്കാൻ അബ്ദുസ്സമദ് സമദാനി ഉൾപ്പെടെയുള്ള നേതാക്കാൾ ദുബൈയിലെത്തിയിരുന്നു. തങ്ങളുടെ മരണത്തെ തുടർന്ന് സമദാനി ഞായറാഴ്ചതന്നെ നാട്ടിലേക്കു മടങ്ങി. തങ്ങളുടെ മരണത്തിൽ യു.എ.ഇയിലെ വിവിധ കെ.എം.സി.സി കമ്മിറ്റികൾ അനുശോചനം രേഖപ്പെടുത്തി.
കേരള ജനതയുടെയും കേരളത്തിലെ മുസ്ലിം സമുദായത്തിന്റെയും ആശാകേന്ദ്രമായിരുന്നു തങ്ങളെന്ന് യു.എ.ഇ കെ.എം.സി.സി നാഷനല്‍ കമ്മിറ്റി പറഞ്ഞു. ചര്‍ച്ചയുടെയും ഏകോപനത്തിന്റെയും വക്താവായിരുന്നു. നമ്മുടെ നാടും മുസ്ലിം സമുദായവും നേരിടുന്ന ഭിന്നതകളെയും പ്രയാസങ്ങളെയും വിപത്തുകളെയും പരസ്പരമുള്ള ചര്‍ച്ചകളിലൂടെയും സൗഹാർദത്തിലൂടെയും പരിഹരിക്കുക എന്നതായിരുന്നു തങ്ങളുടെ മഹത്ത്വം. നിര്യാണത്തിലൂടെ നഷ്ടപ്പെടുന്നത് പരസ്പര ധാരണയുടെ കേന്ദ്രബിന്ദുവായി നിലകൊണ്ട നേതാവിനെയാണ്. ഏതു കാര്യത്തിലും എല്ലാവരുമായും ചര്‍ച്ച നടത്തുകയും ശരിയായ തീരുമാനത്തിലേക്കെത്തുകയും ചെയ്യുക എന്നതായിരുന്നു തങ്ങളുടെ രീതി. മുഹമ്മദലി ശിഹാബ് തങ്ങളുടെ നയമായ സംയമനത്തിന്റെയും സഹിഷ്ണുതയുടെയും തുടര്‍ച്ചയായിരുന്നു ഹൈദരലി തങ്ങളെന്ന് യു.എ.ഇ കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് പൂത്തൂര്‍ റഹ്മാന്, ജനറൽ സെക്രട്ടറി അൻവർ നഹ, വർക്കിങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി, ട്രഷറർ നിസാർ തളങ്കര എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
തങ്ങളുടെ വിയോഗം കനത്ത നഷ്ടമാണെന്ന് ദുബൈ കെ.എം.സി.സി ചൂണ്ടിക്കാണിച്ചു. കെ.എം.സി.സി പ്രവർത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്ത നേതാവാണ്. കെ.എം.സി.സി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖവും വേദനയുമാണ് ഈ വിയോഗം. നിരവധി തവണ ദുബൈയിൽ കെ.എം.സി.സി പരിപാടികളിലും ദുബൈ ഗവൺമെന്റിന്റെ അന്താരാഷ്ട്ര ഹോളി ഖുർആൻ പ്രോഗ്രാമിലും അതിഥിയായി പങ്കെടുത്ത ഹൈദരലി തങ്ങൾക്ക് അറബ് പ്രമുഖർക്കിടയിലും ഭരണാധികാരികൾക്കിടയിലും പ്രവാസിസമൂഹത്തിനിടയിലും നല്ല അടുപ്പവും സൗഹൃദവുമുണ്ടായിരുന്നുവെന്നും പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ട്രഷറർ പൊട്ടങ്കണ്ടി ഇസ്മായിൽ, സീനിയർ വൈസ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ, ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, സീനിയർ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ എന്നിവർ അനുസ്മരിച്ചു.
പ്രവാസികളോട് ആത്മബന്ധം പുലർത്തുകയും ഗൾഫ് നാടുകളിൽ കെ.എം.സി.സി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനെത്തിയാൽ സാധാരണ പ്രവർത്തകരുമായി ഏറെ നേരം ചെലവഴിക്കാൻ താൽപര്യം കാണിക്കുകയും ചെയ്ത നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഇസ്മായിൽ ഏറാമല അനുശോചിച്ചു. കേരളത്തിനു നഷ്ടമായത് മത മൈത്രിയുടെ അംബാസഡറെയാണെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി അനുശോചനക്കുറിപ്പിൽ പറഞ്ഞു. എതിരാളികളോടു പോലും സൗമ്യമായ വാക്കുകൾകൊണ്ടല്ലാതെ സംസാരിക്കാറില്ലായിരുന്നു. ഭാരവാഹികളായ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടി.ആർ മേൽപറമ്പ്, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്ങൽ, റാഫി പള്ളിപ്പുറം, സി.എച്ച്. നൂറുദ്ദീൻ കാഞ്ഞങ്ങാട്, മഹമൂദ് ഹാജി പൈവളിക, ഈബി അഹമ്മദ്, എൻ.സി. മുഹമ്മദ്, അഡ്വ. ഇബ്രാഹിം ഖലീൽ, ഹസൈനർ ബീജന്തടുക്ക, യൂസുഫ് മുക്കൂട്, കെ.പി. അബ്ബാസ് കളനാട്, സലാം തട്ടാനിച്ചേരി, ഫൈസൽ മൊഹ്സിൻ തളങ്കര, അഷ്റഫ് പാവൂർ, ഹാഷിം പടിഞ്ഞാർ, ശരീഫ് പൈക്ക തുടങ്ങിയവരും അനുശോചിച്ചു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണത്തില്‍ അബൂദബി സൗത്ത് സോണ്‍ കെ.എം.സി.സി അനുസ്മരിച്ചു. കേരളരാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും മത-സാമൂഹിക-സാംസ്കാരിക രംഗത്ത് ഏവര്‍ക്കും സ്വീകാര്യനായ വ്യക്തിത്വവുമായിരുന്നു ഹൈദരലി തങ്ങള്‍. ജാതിമത-രാഷ്ട്രീയ ഭേദമന്യേ പ്രതിസന്ധിഘട്ടങ്ങളില്‍ ഏവര്‍ക്കും ആശ്വാസതീരവുമായിരുന്നെന്നും കെ.എം.സി.സി അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.