ദുബൈയിലെ ടാക്സി സേവനങ്ങൾ അറിയാം
text_fieldsദുബൈ നഗരത്തിലെ ഏറ്റവും പ്രധാന യാത്രാമാർഗമാണ് ടാക്സികൾ. ദുബൈ ടാക്സി കോർപറേഷെൻറ കീഴിലുള്ള ടാക്സികൾ 24മണിക്കൂറും സേവനനിരതമാണ്. ടാക്സി സേവനങ്ങൾ മികവുറ്റതാക്കാൻ ഓരോ കാലത്തും പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ദുബൈ റോഡ് അതോറിറ്റി മുന്നിലാണ്. അടുത്ത രണ്ട്വർഷത്തേക്കുള്ള ദുബൈ ടാക്സി കോർപറേഷെൻറ നവീകരണ പദ്ധതികൾക്ക് ആർ.ടി.എ അംഗീകാരം നൽകിയത് ദിവസങ്ങൾക്ക് മുമ്പാണ്.
സുരക്ഷിതവും സുസ്ഥിരവുമായ ഡിജിറ്റൽ ഗതാഗത സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് പുതിയ പദ്ധതിയിൽ പ്രധാന്യം . ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സ്മാർട്ട് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ദുൈബ ടാക്സി മേഖലയെ മെച്ചപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷങ്ങളിൽ തന്നെ ദുബൈയിൽ അഞ്ചുശതമാനം ടാക്സികൾ ഡ്രൈവറില്ലാ വാഹനങ്ങളാക്കാനുള്ള പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്.
ഡ്രൈവറില്ലാത്ത ടാക്സികളും ഷെയേർഡ് ഗതാഗത സേവനങ്ങളും ദുബൈയിൽ കൊണ്ടുവരുന്നതിനായി ജനറൽ മോട്ടോഴ്സിെൻറ ക്രൂയിസുമായി ആർ.ടി.എ കരാർ ഒപ്പിട്ടു. അമേരിക്കക്ക് പുറത്ത് വ്രൈറില്ലാ ടാക്സികൾ പ്രവർത്തിപ്പിക്കുന്ന ആദ്യ നഗരമായി ഇതോടെ ദുബൈ മാറും. 2030ഓടെ 4000 ഇത്തരം ടാക്സികൾ നഗരത്തിൽ സജ്ജമാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
വിവിധ രൂപത്തിലുള്ള സേവനങ്ങൾ ദുബൈ ടാക്സി കോർപറേഷൻ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സംതൃപ്തമായ യാത്രക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കുന്നത്. കോർപറേഷന് കീഴിലുള്ള ടാക്സി സർവീസുകൾ ഇവയാണ്:
പബ്ലിക് ടാക്സി
യു.എ.ഇയിലെ വിവിധ യാത്രാ ആവശ്യങ്ങൾക്കായി എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമായ സേവനമാണിത്. ചുവന്ന നിറത്തിലുള്ള മുകൾഭാഗം ഇൗ വിഭാഗം ടാക്സികളെ തിരിച്ചറിയാനുള്ള വഴിയാണ്. രാവിലെ ആറുമുതൽ രാത്രി 10വരെ 5ദിർഹവും രാത്രി 10മുതൽ രാവിലെ ആറുവരെ 5.50ദിർവുമാണ് അടിസ്ഥാന നിരക്ക്.
എയർപോർട്ട് ടാക്സി
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്ന ടാക്സികളാണിത്. 25ദിർഹം മിനിമം ചാർജും കിലോമീറ്ററിന് 1.75ദിർഹം വീതവുമാണ് നിരക്ക്.
ലിമോസിൻ ടാക്സി
ടൂറിസം മേഖലയുടെ ആവശ്യങ്ങൾ പ്രത്യേകമായി നിറവേറ്റുന്നതിനായി രൂപകൽപന ചെയ്ത ആഡംബര വാഹന സർവീസാണ് ലിമോസിൻ ടാക്സികൾ. വിമാനത്താവളങ്ങളിൽ നിന്ന് 25ദിർഹം അടിസ്ഥാന നിരക്കും കിലോമീറ്ററിന് 3.25ദിർഹമുമാണ് നിരക്ക്. എയർപോർട്ടിന് പുറത്ത് നിരക്ക് 7.5ദിർഹം അടിസ്ഥാന നിരക്കും കിലോമീറ്ററിന് 3.50മാണ് ചാർജ്.
സ്പെഷൽ നീഡ്സ് ടാക്സി
അത്യന്താധുനികമായ യാത്രാ സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ടാക്സി സേവനമാണിത്. പ്രത്യേക പരിഗണനയോടെ കൊണ്ടുപോകേണ്ടവർക്ക് വേണ്ടിയാണിത് ഒരുക്കിയത്. യാത്ര ചെയ്യുന്ന സമയത്തിനും സ്ഥലത്തിനും അനുസരിച്ച് മാറ്റം വരുന്നതാണ് ഇതിെൻറ നിരക്ക്.
ഹത്ത ടാക്സി
ഹത്ത നഗരത്തിലെ താമസക്കാർക്ക് വേണ്ടിയുള്ള ടാക്സി സേവനമാണിത്. എന്നാൽ ദുബൈയിൽ നിന്നും തിരിച്ചും ഉപഭോക്താക്കളെ എടുക്കുന്നതിന് ഹത്ത ടാക്സിക്ക് അധികാരമുണ്ട്.
ലേഡീസ് ആൻഡ് ഫാമിലീസ് ടാക്സി
സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമുള്ള വനിതാ ഡ്രൈവർമാരുടെ സേവനം ലഭിക്കുന്ന ടാക്സികളാണിത്. 6ദിർഹം അടിസ്ഥാന നിരക്കാണിതിന്. രാത്രി 10ന് ശേഷമാണെങ്കിൽ 7ദിർഹവും എയർപോർട്ടിൽ നിന്നാണെങ്കിൽ 25ദിർഹവുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.