20 വർഷം മുൻപ് കോൽക്കളി പഠിപ്പിച്ച ഗുരുനാഥന് ദുബൈയിൽ ശിഷ്യൻമാരുടെ ആദരവ്
text_fieldsദുബൈ: 20 വർഷങ്ങൾക്ക് മുൻപ് കോൽക്കളി പഠിപ്പിച്ച ഗുരുനാഥനെ ആദരിച്ച് പ്രവാസികളായ ശിഷ്യന്മാർ. ഗുരുവിനെ ദുബൈയിലേക്ക് കൊണ്ടുവന്നാണ് ശിഷ്യർ ആദരമർപ്പിച്ചത്. കോഴിക്കോട് മാങ്കാവ് കടുപ്പിനി സ്വദേശി യാസിർ ഗുരുക്കളെയാണ് അനന്തപുരിയിലെ ശിഷ്യന്മാർ ചേർന്ന് ആദരിച്ചത്.
തിരുവനന്തപുരം ജില്ലയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ യാസിർ ഗുരുക്കളിൽ നിന്ന് കോൽക്കളി പരിശീലിച്ച പ്രവാസ ലോകത്തെ ടീം അനന്തപുരിയാണ് ദുബൈയിൽ പ്രത്യേകം ചടങ്ങ് ഒരുക്കിയത്. കേന്ദ്ര സംഗീത നാടക അക്കാദമി ആഭിമുഖ്യത്തിൽ ‘കലാരൂപങ്ങളുടെ പരിശീലനവും സംരക്ഷണവും’ എന്ന പദ്ധതിക്ക് കീഴിൽ ഇന്ത്യൻ സർക്കാർ ‘ഗുരു’ പദവി നൽകി ആദരിച്ച കലാകാരനാണ് യാസിർ ഗുരുക്കൾ. കോഴിക്കോട്ടെ അങ്ങാടിയിൽ ചുമട്ടുതൊഴിലാളിയായ യാസിർ ഗുരുക്കൾ കോൽക്കളിയെ കുറിച്ച് രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
സംരംഭകനും കലാ ആസ്വാദകനുമായ ഷംസുദ്ദീൻ നെല്ലറ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫൈസൽ (മലബാർ ഗോൾഡ്), വി അരുൺകുമാർ, നിഷാൻ മാലിക്ക്, തൊൽഹത്ത് (ഫോറം ഗ്രൂപ്പ്), അന്തരിച്ച ഗായകൻ വി.എം കുട്ടിയുടെ മകനും എഴുത്തുകാരനുമായ റഹ്മത്ത് പുളിക്കൽ, ദുബൈയിലെ എടരിക്കോട് കോൽക്കളിയിലെ അസീസ് മണമ്മൽ, പ്രോഗ്രാം കോഡിനേറ്റർ ജാസിം കടുവാപ്പള്ളി, കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് സിറ്റി ചാപ്റ്റർ ജനറൽ സെക്രട്ടറി കെ.എം റാഷിദ് അഹ്‌മദ്, ഗായകൻ റാഫി മഞ്ചേരി, എ. നഹാസ്, റാഫി ആലംകോട്, ശിഹാബ് എടരിക്കോട് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഷംസുദ്ദീൻ നെല്ലറ മൊമെന്‍റോ നൽകി. യാസിർ ഗുരുക്കളെ റഹ്മത്ത് പുളിക്കൽ പൊന്നാട അണിയിച്ചു. തിരുവന്തപുരം ജില്ലയിലെ ഗുരുക്കളുടെ ആദ്യകാല ശിഷ്യനായ ജാസിമിന് ചടങ്ങിൽ വെച്ച് പ്രത്യേക ഉപഹാരം നൽകി. മാപ്പിളപ്പാട്ട് ആലാപനങ്ങളും ടീം അനന്തപുരിയുടെ കോൽക്കളിയും ചടങ്ങുകൾക്ക് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.