കോവിഡ് മുൻനിര പോരാളികൾക്കും മക്കൾക്കും വിദ്യാഭ്യാസ സ്കോളർഷിപ്
text_fieldsഅബൂദബി: കോവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന മുൻനിര പോരാളികൾക്കും അവരുടെ മക്കൾക്കും സ്കോളർഷിപ് പദ്ധതിയുമായി യു.എ.ഇ ഭരണകൂടം. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഫ്രണ്ട്ലൈൻ ഹീറോസ് ഓഫിസ് ചെയർമാനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശപ്രകാരമാണ് സ്കോളർഷിപ് നടപ്പാക്കുന്നത്.
രാജ്യത്തെ സർവകലാശാലകളിലും കോളജുകളിലും ഉപരിപഠനത്തിനാണ് ഈ വർഷം മുതൽ സ്കോളർഷിപ് നൽകുക. മുൻനിര പോരാളികളുടെ ക്ഷേമത്തിനായി രൂപവത്കരിച്ച ഫ്രണ്ട്ലൈൻ ഹീറോസ് ഓഫിസാണ് സ്കോളർഷിപ് പദ്ധതി പ്രഖ്യാപിച്ചത്. യു.എ.ഇയിലെ സർക്കാർ സർവകലാശാലകൾ, സ്വകാര്യ സർവകലാശാലകൾ, കോളജുകൾ എന്നിവിടങ്ങളിൽ ഉപരിപഠനം നടത്താൻ അവസരം നൽകുന്നതായിരിക്കും പദ്ധതി. Education@FrontlineHeroes.ae എന്ന ഇ-മെയിലിലേക്കാണ് ഇതിന് വേണ്ട അപേക്ഷകൾ സമർപ്പിക്കേണ്ടത്. കോഴ്സിന് പ്രവേശനം നൽകിക്കൊണ്ടുള്ള സർവകലാശാലയുടെ കത്ത് ഉൾപ്പെടെ രേഖകൾ അപേക്ഷക്കൊപ്പം സമർപ്പിക്കണം. സ്കോളർഷിപ്പിന് യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്ന ഫ്രണ്ട്ലൈൻ ഹീറോസ് ഓഫിസ് പിന്നീട് സർവകലാശാല അധികൃതരെ നേരിട്ട് ബന്ധപ്പെടും. ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ നിർദേശപ്രകാരം സന്തൂക് അൽ വതൻ, വിദ്യാഭ്യാസ മന്ത്രാലയം, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി കൈകോർത്താണ് സ്കോളർഷിപ് പദ്ധതി നടപ്പാക്കുന്നത്.
മുൻനിരയിൽ പ്രവർത്തിച്ചവരെ പിന്തുണക്കുന്നതിന് നേതൃത്വം എടുത്ത തീരുമാനം യു.എ.ഇ സഹിഷ്ണുത- സഹവർത്തിത്വ മന്ത്രിയും സന്തൂക് അൽ വതൻ ചെയർമാനുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ അഭിനന്ദിച്ചു. മുൻനിര പ്രവർത്തകരുടെ പരിശ്രമത്തിനും നന്ദി പറഞ്ഞു. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ മുൻനിര തൊഴിലാളികളെ പിന്തുണക്കുകയും അവരുടെ കുടുംബങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുകയും ചെയ്യുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ പ്രവർത്തനങ്ങൾക്ക് അഭിനന്ദനവും നന്ദിയും അർപ്പിക്കുന്നതായി ഫ്രണ്ട്ലൈൻ ഹീറോസ് ഓഫിസ് ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ താഹ്നൂൺ ആൽ നഹ്യാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.