ഗൾഫിൽ കെ.എസ്.എഫ്.ഇ ഏജന്റുമാരെ നിയമിക്കും
text_fieldsദുബൈ: പ്രവാസി ചിട്ടിയിലേക്ക് ആളെ ചേർക്കാൻ ഗൾഫ് രാജ്യങ്ങളിൽ ഏജന്റുമാരെ നിയമിക്കാൻ പദ്ധതിയുണ്ടെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ.
പ്രവാസികൾക്ക് ചിട്ടിത്തുക ലഭിക്കാൻ നേരിടുന്ന പ്രയാസങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലെ പര്യടനത്തിന് സമാപനം കുറിച്ച് ദുബൈയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ചിട്ടിയുടെ ഏജന്റുമാരിൽ സ്ത്രീകൾക്ക് മുൻഗണന നൽകും. കൂടാതെ പത്തു ശതമാനം കമീഷനും നൽകും. വരിക്കാർ തുക അടച്ചുകഴിഞ്ഞാൽ ഉടൻ കമീഷൻ തുക ലഭിക്കും.
പ്രവാസലോകത്തെ സംഘടനകളെ ഇതിനായി പരിഗണിക്കില്ലെന്നും വ്യക്തികളെയാണ് നിയോഗിക്കുകയെന്നും ചെയർമാൻ പറഞ്ഞു. വിവിധ ഗൾഫ് നഗരങ്ങളിൽ നടത്തിയ പ്രവാസി മീറ്റിൽ ചിട്ടി അംഗങ്ങൾ ഉന്നയിച്ച പരാതികളിൽ ഉടൻ നടപടിയുണ്ടാകും.
പ്രവാസി ചിട്ടിയിൽ 121 രാജ്യങ്ങളിൽനിന്നുള്ളവർ ചേർന്നിട്ടുണ്ട്. അടുത്ത വർഷത്തോടെ കെ.എസ്.എഫ്.ഇയുടെ വിറ്റുവരവ് ഒരു ലക്ഷം കോടിയാകും.
മൂലധനം നൂറുകോടിയിൽനിന്ന് 250 കോടിയായി സർക്കാർ ഉയർത്തുമെന്നും ചെയർമാൻ പറഞ്ഞു. 1200 ചിട്ടികളാണ് പ്രവാസികൾക്ക് വേണ്ടി നടത്തുന്നത്. 2500 രൂപ മുതൽ വ്യത്യസ്ത തുകകൾ തവണകളായി അടക്കാവുന്ന രീതിയിലാണ് ചിട്ടികൾ രൂപകൽപന ചെയ്തിരിക്കുന്നത്.
മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനുവേണ്ടി നോർക്കയുമായി സഹകരിച്ച് കെ.എസ്.എഫ്.ഇ പ്രവർത്തിക്കുന്നുണ്ട്. 12,000 പേർക്ക് സംരംഭങ്ങൾ തുടങ്ങാൻ അഞ്ച് ലക്ഷം രൂപ വീതം നൽകിയതായും വരദരാജൻ അറിയിച്ചു. എം.ഡി ഡോ. എസ്.കെ. സനിൽ, ഡയറക്ടർമാരായ അഡ്വ. യു.പി. ജോസഫ്, അഡ്വ. എം.സി. രാഘവൻ, ആർ. മുഹമ്മദ് ഷാ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.