വിമാനസമയം അനുസരിച്ച് കെ.എസ്.ആർ.ടി.സി സര്‍വിസ് –മന്ത്രി ഗണേഷ് കുമാര്‍
text_fieldsമന്ത്രി ഗണേഷ് കുമാർ അബൂദബിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
അബൂദബി: പ്രവാസികളുടെ യാത്രസൗകര്യം പരിഗണിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാനങ്ങളുടെ സമയം അനുസരിച്ച് കെ.എസ്.ആര്.ടി.സി. ബസ് സര്‍വിസ് ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇന്ത്യന്‍ മീഡിയ അബൂദബിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കാനെത്തിയ മന്ത്രി അബൂദബിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് കോഴിക്കോട്, മാവേലിക്കര, തിരുവല്ല ഭാഗത്തേക്കാണ് ആദ്യഘട്ടം പുതിയ സര്‍വിസുകള്‍ ആരംഭിക്കുക. പുലര്‍ച്ചെ 12 മുതല്‍ ഇടവിട്ട സമയങ്ങളില്‍, രാവിലെ അഞ്ചുവരെ സര്‍വിസ് നടത്തും. അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ബസുകളാണ് ഇതിന് ഉപയോഗിക്കുക. വിമാനം വൈകിയാണ് എത്തുന്നതെങ്കില്‍ അതിനനുസരിച്ച് ബസ് സമയത്തിലും മാറ്റമുണ്ടാവും. ബസ് നിശ്ചിത സ്ഥലത്തുനിന്നു യാത്ര തുടങ്ങിയാലും ഇടക്കുവെച്ച് കയറുന്നവര്‍ക്ക് കെ.എസ്.ആര്.ടി.സിയുടെ സൈറ്റ് മുഖാന്തിരം ബസിന്റെ സമയവും സീറ്റിന്റെ ലഭ്യതയും അനുസരിച്ച് സീറ്റുകള്‍ ബുക്ക് ചെയ്യാം. ആപ്ലിക്കേഷനുകള്‍ അടക്കമുള്ള സംവിധാനങ്ങളാണ് ഇത്തരം സര്‍വിസുകള്‍ക്കായി തയാറാവുന്നത്.
അടുത്തമാസം അവസാനത്തോടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റിലാകും. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കെ.എസ്.ആര്.ടി.സി. സര്‍വിസുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. പുതിയ ബസുകള്‍ വാങ്ങിക്കുന്നതിനുപകരം നിലവിലുള്ള ബസുകള്‍ നവീകരിച്ച് ചെലവുചുരുക്കുകയും പുതിയ ബസിനു തുല്യമാക്കി മാറ്റുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് യു.എ.ഇയിലെ ഗോള്‍ഡന്‍ ചാന്‍സ് പോലുള്ള ഇളവുകളും അവസരങ്ങളും നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും.
ഓഫിസുകളില്‍ ഫയല്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍, ഡിജിറ്റലൈസ് ചെയ്ത ഫയലുകള്‍ പല ഒാഫിസുകളിലേക്ക് വിന്യസിപ്പിച്ച് വേഗം ജോലികള്‍ തീര്‍ക്കാനുള്ള സാങ്കേതിക സംവിധാനം ആലോചിക്കുന്നുണ്ട്. വന്‍ വില കൊടുത്ത് അത്യാംഡംബര ബസുകള്‍ വാങ്ങുന്നതിനുപകരം സംവിധാനം കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.