സ്വപ്നത്തിലേക്കൊരു യാത്ര...
text_fieldsദുബൈയിലെത്തിയ കുടുംബശ്രീ അംഗങ്ങൾ
ദുബൈ: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ സ്വന്തം ഇഷ്ടങ്ങളെ മനപ്പൂർവം മറന്നുകളഞ്ഞവരായിരുന്നു അവർ. തിരുവനന്തപുരം ജില്ലക്ക് പുറത്തുള്ള ലോകം പോലും കാണാത്തവർ. അവരെ സംബന്ധിച്ച് ദുബൈ നഗരം ഒരു കടങ്കഥ മാത്രമായിരുന്നു. ഒരിക്കലും കാണാനാവുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നതല്ല. പക്ഷേ, ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണിന്നവർ. തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ യൂനിറ്റിൽനിന്നുള്ള 15 വനിത അംഗങ്ങളാണ് കഴിഞ്ഞ ദിവസം ദുബൈ നഗരം കാണാനെത്തിയത്.
കുടുംബശ്രീയിലെ ചെറു സംരംഭകരാണ് എല്ലാവരും. പകലന്തിയോളം അധ്വാനിച്ചാൽ കിട്ടുന്ന തുച്ഛമായ തുക കൂട്ടിവെച്ചാണിവർ തങ്ങളുടെ സ്വപ്നത്തിലേക്ക് ചിറകു വിരിച്ചത്. ഒരിക്കൽ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ആഭ്യന്തര വിമാനയാത്ര നടത്തിയപ്പോൾ ലഭിച്ച ആത്മവിശ്വാസമാണ് അന്താരാഷ്ട്ര യാത്രക്കുള്ള ധൈര്യം. കേരളത്തിലെ തൊഴിൽ വകുപ്പ് പ്രതിനിധി ജാസ്മിൻ വഴിയാണ് ഇവരുടെ ആഗ്രഹം യു.എ.ഇയിലെ ഏറ്റവും വലിയ ട്രാവൽ സേവന ദാതാക്കളായ സ്മാർട്ട് ട്രാവലിൽ എത്തുന്നത്. താങ്ങാവുന്ന ചെലവിൽ ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കി സ്മാർട്ട് ട്രാവൽ അവരുടെ സ്വപ്നങ്ങൾക്ക് നിറം പകരുകയായിരുന്നു. വിസ, താമസം, യാത്ര എന്നിവ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും സ്മാർട്ട് ട്രാവലിന്റെ കീഴിൽ പൂർത്തീകരിച്ചു. അങ്ങനെ ജനുവരി 29ന് അവർ ദുബൈയിലേക്ക് പറന്നുയർന്നു. വിമാനത്താവളത്തിൽ ഗംഭീര സ്വീകരണവും സ്മാർട്ട് ട്രാവൽ ഒരുക്കിയിരുന്നു.
അഞ്ച് പകലും ആറ് രാത്രിയുമടങ്ങുന്ന യാത്ര പാക്കേജിലൂടെ ബുർജ് ഖലീഫയുൾപ്പെടെ ദുബൈ നഗരത്തിന്റെ മനോഹര കാഴ്ചകൾ സ്മാർട്ട് ട്രാവൽ അവർക്ക് സമ്മാനിക്കും. ഫെബ്രുവരി മൂന്നുവരെ ഇവർ യു.എ.ഇയിലുണ്ടാകും. ഈ ദിവസങ്ങളിൽ ഏറ്റവും മികച്ച സൗകര്യങ്ങളായിരിക്കും ഇവർക്ക് ഒരുക്കുകയെന്ന് സ്മാർട്ട് ട്രാവൽ ഉടമ അഫി അഹ്മദ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.