ഷാർജ നഗരം കണ്ട് ഊഞ്ഞാലാടാൻ 'ദി സ്വിങ്'
text_fieldsഷാർജ: ഷാർജ നഗരം കണ്ട് ഊഞ്ഞാലാടാൻ അവസരമൊരുക്കുന്ന 'ദി സ്വിങ്' ഷാർജ അൽ നൂർ ദ്വീപിൽ അനാവരണം ചെയ്തു. വിനോദത്തിനൊപ്പം യു.എ.ഇയുടെ ഇന്നലെകളെയും ഇന്നിനെയും ബന്ധിപ്പിക്കുന്ന ആശയം പങ്കുവെക്കുന്നതാണ് നഗരക്കാഴ്ചകളിലേക്ക് നോക്കി നിൽക്കുന്ന ഈ ഊഞ്ഞാൽ. എമിറാത്തി കലാകാരിയായ അസ്സ അൽ ഖുബൈസിയാണ് ഈ വേറിട്ട കലാരൂപം ഒരുക്കിയിരിക്കുന്നത്.
തുരുമ്പുനിറത്തിലുള്ള ഏഴു സ്റ്റീൽ പാളികളുപയോഗിച്ചാണ് ഊഞ്ഞാലിെൻറ നിർമാണം. യു.എ.ഇയുടെ സഹിഷ്ണുതാ പ്രതീകമായ ഗാഫ് മരത്തിെൻറയും ഈന്തപ്പനയുടെയും ഇലകൾ കൊത്തിയ കലാരൂപത്തിൽ പഴമയുടെയും പുതുമയുടെയും സമ്മേളനം കാണാം. നൂറ്റാണ്ടുകൾക്കുമുമ്പ് പവിഴപ്പുറ്റുകൾ തേടി കടലിലേക്ക് പോകുന്ന പ്രിയപ്പെട്ടവർ സുരക്ഷിതമായി മടങ്ങിവരുന്നതും കാത്ത് സ്ത്രീകൾ ഇരിക്കുമായിരുന്നു. ആ കാത്തിരിപ്പാണ് ഉഞ്ഞാലെന്ന കലാരൂപമൊരുക്കാൻ പ്രേരണയായതെന്ന് കലാകാരി പറയുന്നു.
'എണ്ണയുടെ സമൃദ്ധിക്കുമുമ്പുള്ള കാലത്ത് പവിഴപ്പുറ്റുകൾ തേടിയുള്ള കടൽയാത്രകൾ പതിവായിരുന്നു. കടലിലേക്കു പോകുന്നവർക്ക് അപകടങ്ങൾ സംഭവിക്കാറുമുണ്ടായിരുന്നു. ഇങ്ങനെ കടലിലേക്കു പോകുന്നവർ മടങ്ങിവരുന്നതും കാത്ത്, കരയിൽ സ്ത്രീകൾ കാത്തിരിക്കും. വേദനയും ആകാംക്ഷയും നിറയുന്ന കാത്തിരിപ്പിനെ അടയാളപ്പെടുത്തുന്നതോടൊപ്പം അതിനെ ഇന്നത്തെ സമൃദ്ധിയോട് ചേർത്തുവെക്കാൻകൂടിയുള്ള ശ്രമമാണ് 'ദി സ്വിങ്'. പഴയതും പുതിയതുമായ വസ്തുക്കൾ ചേർത്താണ് രണ്ടു കാലങ്ങളെ സമ്മേളിപ്പിക്കുന്ന കലാരൂപമൊരുക്കിയിരിക്കുന്നത്.
പകൽ പഴമയുടെ മോടിയോടെ നിൽക്കുന്ന ഊഞ്ഞാൽ രാത്രിയാകുന്നതോടെ വെളിച്ചസംവിധാനത്തിൽ മിന്നിത്തിളങ്ങും.
മുന്നിലെ ഖാലിദ് തടാകത്തിെൻറ കാഴ്ചയും അക്കരെയുള്ള നഗരവെളിച്ചവും കൂടിയാവുമ്പോൾ ഊഞ്ഞാൽകാഴ്ചക്ക് മാറ്റേറുന്നു. യു.എ.ഇയിലെ മുൻനിര കലാകേന്ദ്രങ്ങളിലൊന്നായ ഷാർജ മറായ ആർട് സെൻററുമായി ചേർന്നാണ് അൽ നൂർ ദ്വീപിൽ ഈ കലാരൂപം സ്ഥാപിച്ചത്. ദി സ്വിങ് അനാവരണം ചെയ്തതോടെ അൽ നൂർ ദ്വീപിൽ കലാരൂപങ്ങൾ സ്ഥാപിച്ച എട്ട് രാജ്യാന്തര കലാകാരന്മാരുടെ പട്ടികയിൽ അസ്സ അൽ ഖുബൈസിയും സ്ഥാനം പിടിച്ചു. ഷാർജ നിക്ഷേപ വികസനവകുപ്പിെൻറ 'ഷുറൂഖ്' മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അൽ നൂർ ദ്വീപ് നിലകൊള്ളുന്നത് നഗരമധ്യത്തിലെ ഖാലിദ് തടാകത്തിലാണ്. 45,470 ചതുരശ്ര അടി വിസ്തീർണമുള്ള ദ്വീപിൽ ശലഭവീട്, കുട്ടികൾക്കുള്ള കളിയിടം, കലാസൃഷ്ടികൾ, ലിറ്ററേച്ചർ പവിലിയൻ, കഫേ അടക്കം നിരവധി കാഴ്ചകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.