തൊഴിൽ മന്ത്രി ലുലു ഗ്രൂപ് സന്ദർശിച്ചു
text_fieldsമനാമ: സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാനുള്ള പദ്ധതിക്ക് പിന്തുണ നൽകുന്ന ലുലു ഹൈപ്പർമാർക്കറ്റിൽ തൊഴിൽമന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ സന്ദർശനം നടത്തി. ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ ജുസർ രൂപവാലയുമായി മന്ത്രി ചർച്ച നടത്തി. ബഹ്റൈനി പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളെക്കുറിച്ച് ജുസർ രൂപവാല വിശദീകരിച്ചു.നിലവിൽ 1,000 ബഹ്റൈനികളാണ് ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്. മൊത്തം ജീവനക്കാരുടെ 30 ശതമാനമാണ് ഇത്. 2021ലും 2022ലും 750 ബഹ്റൈനികളെ റിക്രൂട്ട് ചെയ്യുകയും പ്രത്യേക പരിഗണന ആവശ്യമുള്ള 15 സ്വദേശികളെ പാർട്ട് ടൈമറായി നിയമിക്കുകയും ചെയ്തു.
സ്വദേശിവത്കരണ നിരക്ക് വർധിപ്പിക്കാനുള്ള ലുലു ഗ്രൂപ്പിന്റെ ശ്രമങ്ങൾക്ക് മന്ത്രി നന്ദി പറഞ്ഞു. തൊഴിൽമന്ത്രാലയത്തിന്റെ തൊഴിൽ പദ്ധതികളുടെ വിജയത്തിന് സ്വകാര്യമേഖല വഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി സ്വകാര്യ മേഖലക്കൊപ്പം ജോലിചെയ്യുന്ന ബഹ്റൈനികളെ അദ്ദേഹം പ്രശംസിച്ചു. ബഹ്റൈനികൾക്ക് തൊഴിൽ നൽകാനും സ്വദേശികളെ സ്വമേധയാ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനും ലക്ഷ്യമിട്ടുള്ള പദ്ധതികൾ തുടർന്നും നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്വകാര്യ മേഖലയ്ക്കും അതിന്റെ സ്ഥാപനങ്ങൾക്കും സർക്കാർ നൽകുന്ന പിന്തുണ അവരുടെ വളർച്ചക്ക് ഏറെ സഹായകമാണെന്നും കൂടുതൽ സ്വദേശികളെ നിയമിക്കാൻ ഇത് സ്വകാര്യ മേഖലയെ പ്രേരിപ്പിക്കുമെന്നും ജുസർ രൂപാവാല പറഞ്ഞു. സ്വദേശി തൊഴിലാളികളുടെ വിജയവും പ്രഫഷനലിസവും കാരണം നിയമനങ്ങളിൽ അവർക്ക് മുൻഗണന നൽകാൻ കമ്പനി ആഗ്രഹിക്കുന്നുവെന്നും അഡ്മിനിസ്ട്രേറ്റിവ് സ്ഥാനങ്ങളിൽ കൂടുതൽ ബഹ്റൈനികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്വദേശികൾക്ക് മുഖ്യപരിഗണന നൽകുന്നതാണ് 2021-2023 കാലത്തെ തൊഴിൽ വിപണി പദ്ധതി. സാമ്പത്തിക ഉത്തേജന പദ്ധതിയുടെ ഭാഗമായി 2024ഓടെ 20,000 ബഹ്റൈനികൾക്ക് ജോലി നൽകാനും പ്രതിവർഷം 10,000 പേർക്ക് പരിശീലനം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.