ലേബർ സ്പോർട്സ് ടൂർണമെന്റ്: ആഘോഷമാക്കി തൊഴിലാളികൾ
text_fieldsദുബൈ: ദുബൈ സ്പോർട്സ് കൗൺസിൽ (ഡി.എസ്.സി) സംഘടിപ്പിക്കുന്ന അഞ്ചാമത് ലേബർ സ്പോർട്സ് ടൂർണമെന്റ് തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുന്നു. അൽ ഖൂസിലെ ഡൾകോ അരീനയിൽ നടന്ന പഞ്ചഗുസ്തി മത്സരങ്ങളിൽ വിവിധ പ്രായക്കാരും ദേശക്കാരുമായ നിരവധി പേർ പങ്കെടുത്തു. ലേബർ അഫയേഴ്സിലെ പെർമനന്റ് കമ്മിറ്റി, ദുബൈ പൊലീസ് എന്നിവരുമായി സഹകരിച്ചാണ് ഡി.എസ്.സി ഏഴു മാസം നീളുന്ന കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ‘അവരുടെ സന്തോഷമാണ് നമ്മുടെ ലക്ഷ്യം’ എന്ന പ്രമേയത്തിന് കീഴിൽ നടക്കുന്ന ടൂർണമെന്റിൽ ബാസ്കറ്റ് ബാൾ, ഫുട്ബാൾ, റോഡ് റേസിങ്, പഞ്ചഗുസ്തി, ബാഡ്മിൻറൻ, വോളിബാൾ, നീന്തൽ, കമ്പവലി, യോഗ, ക്രിക്കറ്റ്, കബഡി തുടങ്ങിയവ ഉൾപ്പെടെ 11 ഇനങ്ങളിലാണ് മത്സരം. വോളിബാളിലും ഷട്ടിൽ ബാഡ്മിന്റണിലും ഇത്തവണ സ്ത്രീ തൊഴിലാളികളും പങ്കെടുക്കുന്നുണ്ട്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം നിലനിർത്തുന്നതിൽ ദുബൈയുടെ പ്രതിബദ്ധതയാണ് ഇത്തരം സംരംഭങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് ലേബർ അഫയേഴ്സ് ദുബൈയുടെ പെർമനന്റ് കമ്മിറ്റി സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി മുഹമ്മദ് പറഞ്ഞു.
ദുബൈയിൽ നടന്നുവരുന്ന വികസനപ്രവർത്തനങ്ങളിൽ തൊഴിലാളികളുടെ സംഭാവനകൾ നിർണായകമാണ്. ദൈനംദിന ജോലികളിൽനിന്ന് അവർക്ക് വിശ്രമവും അതോടൊപ്പം ഇഷ്ട കായികവിനോദങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും പ്രദാനം ചെയ്യുകയാണ് ടൂർണമെന്റിന്റെ ലക്ഷ്യം. ദുബൈയുടെ സാംസ്കാരികമായ വൈവിധ്യത്തിന്റെ ആഘോഷം കൂടിയാണത്. സമൂഹത്തിലെ വിവിധ പശ്ചാത്തലങ്ങളിലെ വ്യക്തികളെ ഒരുമിച്ചുനിർത്തി കായികമായ സന്തോഷം പങ്കുവെക്കാനുള്ള അവസരമാണിത്. അൽ ഖൂസിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ നടന്ന വടംവലി മത്സരത്തിൽ 35 കമ്പനികളിൽ നിന്ന് 525 പേർ പങ്കെടുത്തിരുന്നു. ജബൽ അലി, അൽ ഖൂസ്, അൽ ജദ്ദാഫ്, ഡി.പി. വേൾഡ്, ഡി.യു.ടി.സി.ഒ, ഡെൽകോ, ഇനോക് റസിഡൻഷ്യൽ കോംപ്ലക്സ്, ഖിസൈസ്, മുഹൈസിന 4, അൽ ഖുറൈർ റസിഡൻഷ്യൽ കോംപ്ലക്സ് തുടങ്ങിയ 10 ഏരിയകളിലായി നീളുന്ന ടൂർണമെന്റ് സെപ്റ്റംബർ മൂന്നിനാണ് ആരംഭിച്ചത്. മാർച്ച് 13ന് സമാപിക്കും. 2010ൽ ആണ് ലേബർ സ്പോർട്സ് ഫെസ്റ്റിവലിന് ദുബൈ സ്പോർട്സ് കൗൺസിൽ തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.