'സാലിക്' വഴി ലക്ഷം ലക്ഷം പിന്നാലെ..
text_fieldsദുബൈ: ഓരോ ദിവസവും എമിറേറ്റിലെ എട്ട് 'സാലിക്' ടോൾഗേറ്റുകൾ വഴി കടന്നുപോകുന്നത് 14 ലക്ഷത്തിലേറെ വാഹനങ്ങൾ. അധികൃതർ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്തിയത്. യാത്രക്കാർ കൂടുതലായി ടോൾഗേറ്റുകൾ വഴി സഞ്ചരിക്കുന്നതാണ് ഇത് വ്യക്തമാക്കുന്നത്. സമയവും ഇന്ധനവും ലാഭിക്കാൻ കഴിയുന്നതാണ് ശൈഖ് സായിദ് റോഡിലടക്കമുള്ള ടോൾ ഗേറ്റുകൾ ഉപയോഗപ്പെടുത്താൻ കാരണം.
കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ആകെ 48.1കോടി വാഹനങ്ങൾ 'സാലിക്' ഗേറ്റുകൾ വഴി കടന്നുപോയിട്ടുണ്ട്. ഈ വർഷം ആദ്യ പകുതിയിൽ മാത്രം 26.7 കോടി വാഹനങ്ങൾ ടോൾ ഗേറ്റുകൾ ഉപയോഗിച്ചു. ഈ കണക്കനുസരിച്ച് 14 ലക്ഷത്തിലേറെയാണ് ദിനേനയുള്ള ശരാശരി വാഹനങ്ങളുടെ എണ്ണം. വാഹനങ്ങളുടെ എണ്ണം ഈ ശരാശരിയിൽ തുടർന്നാൽ ഈ വർഷാവസാനം 53.8 കോടിയിലെത്തും. ഇതനുസരിച്ച് കഴിഞ്ഞ വർഷത്തേക്കാൾ 12 ശതമാനം വളർച്ചയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്.
'സാലിക്' ഓഹരിയുടെ 20 ശതമാനം ഇനീഷ്യൽ പബ്ലിക്ക് ഓഫറിങ്ങിലൂടെ (ഐ.പി.ഒ) വിൽക്കുമെന്ന് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. 150 കോടി ഓഹരികളാണ് ഇത്തരത്തിൽ വിൽപനക്ക് വെക്കുന്നതെന്ന് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെയാണ് അധികൃതർ വെളിപ്പെടുത്തിയത്. സെപ്റ്റംബർ 13 മുതൽ 20 വരെയാണ് വിൽപന നടക്കുക. ഇതിന് മുന്നോടിയായാണ് ദിനേ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം വെളിപ്പെടുത്തിയത്.
മികച്ച സേവനങ്ങളിലൂടെ 'സാലിക്' 92 ശതമാനം ഉപഭോക്തൃ സംതൃപ്തി നേടിയെടുത്തിട്ടുണ്ട്. ദുബൈ നഗരത്തിലെ യാത്രക്കാരിൽ 60 ശതമാനവും സ്വകാര്യ കാറുകളാണ് യാത്രക്ക് ഉപയോഗിക്കുന്നതെന്നാണ് കണക്ക്. ഇവരിൽ വലിയ ശതമാനവും 'സാലിക്' ഉപയോഗപ്പെടുത്തുന്നവരുമാണ്. ഓരോ തവണയും ഒരു വാഹനം സാലിക് ടോൾ പോയന്റിലൂടെ കടന്നുപോകുമ്പോൾ പ്രീപെയ്ഡ് അക്കൗണ്ടിൽനിന്ന് നാല് ദിർഹമാണ് ഈടാക്കുന്നത്. ഈ നിരക്ക് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നാണ് വിവിധ ഏജൻസികൾ വിലയിരുത്തുന്നത്. പണപ്പെരുപ്പം നികത്താനായി 'സാലികി'ന്റെ ടോൾ ഗേറ്റ് ചാർജുകൾ വർധിപ്പിക്കുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. നിലവിലുള്ള എട്ടു ടോൾഗേറ്റുകൾ കൂടാതെ കൂടുതൽ ഗേറ്റുകൾ നിർമിക്കുന്നതും പരിഗണനയിലുണ്ട്. എന്നാൽ, ഇതിനെല്ലാം ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിന്റെ അംഗീകാരം ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.