ദുബൈയിൽ കൂറ്റൻ പഴം, പച്ചക്കറി മാർക്കറ്റ് തുറന്നു
text_fieldsദുബൈ: മേഖലയിലെ തന്നെ ഏറ്റവും വലിയ ഇൻഡോർ പഴം, പച്ചക്കറി മാർക്കറ്റ് തുറന്ന് ദുബൈ മുനിസിപ്പാലിറ്റി. അൽ അവീറിലെ ദുബൈ പഴം പച്ചക്കറി മാർക്കറ്റിലാണ് ‘ബ്ലൂം മാർക്കറ്റ്’ എന്ന പേരിൽ പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. 66,000 ചതുരശ്ര മീറ്ററിൽ നിർമിച്ചിട്ടുള്ള കേന്ദ്രത്തിൽനിന്ന് മികച്ചതും ഏറ്റവും പുതിയതുമായ ഉൽപന്നങ്ങൾ താമസക്കാർക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഉൽപന്നങ്ങൾ വാങ്ങാനും വിൽക്കാനും ഇവിടെ സൗകര്യമുണ്ടായിരിക്കും. പൂർണമായും ശീതീകരിച്ച സംവിധാനങ്ങളിലാണ് പഴങ്ങളും പച്ചക്കറികളും മാർക്കറ്റിൽ സൂക്ഷിക്കുന്നത്.
ഉറവിടങ്ങളിൽനിന്ന് മികച്ച ഉൽപന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് കേന്ദ്രം ലക്ഷ്യംവെക്കുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി വിപണി വിഭാഗം ഡയറക്ടർ മുഹമ്മദ് ഫറൈദൂനി പറഞ്ഞു. മറ്റു മാർക്കറ്റുകളിൽ ലഭ്യമല്ലാത്ത പ്രത്യേകമായി ഇറക്കുമതി ചെയ്ത പഴവർഗങ്ങൾ ഇവിടെ ലഭിക്കും. വ്യത്യസ്തമായ ഒരു ഷോപ്പിങ് ഹബ്ബായി കേന്ദ്രത്തെ വികസിപ്പിക്കുകയാണ് ലക്ഷ്യം. അവീർ മാർക്കറ്റിന്റെ പൂർണതയാണ് പുതിയ കേന്ദ്രം -അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് പുറമെ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും പ്രത്യേകമായി മാർക്കറ്റിൽ ലഭ്യമായിരിക്കും. നേരിട്ട് ഉപഭോക്താക്കൾക്ക് വാങ്ങാനുള്ള സംവിധാനവും കച്ചവടക്കാർക്ക് വാങ്ങാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയും മാർക്കറ്റിന്റെ സവിശേഷതയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഉറവിടങ്ങളിൽ വാങ്ങുന്ന വിലക്ക് മൊത്തക്കച്ചവടക്കാർക്ക് ഉൽപന്നങ്ങൾ നൽകാനാണ് അധികൃതർ ശ്രമിക്കുന്നത്. ജൈവ ഉൽപന്നങ്ങളുടെ പ്രത്യേക വിഭാഗവും മാർക്കറ്റിലുണ്ടാകും.
പഴം, പച്ചക്കറി വിപണിയുമായി ബന്ധപ്പെട്ട് ദുബൈ മുനിസിപ്പാലിറ്റിക്ക് മറ്റു പദ്ധതികളും വരാനിരിക്കുന്നുണ്ടെന്ന് ഉദ്ഘാടന സന്ദർഭത്തിൽ അധികൃതർ വെളിപ്പെടുത്തി. മാർക്കറ്റിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ എത്തിക്കുന്നതിന് സഹായിക്കുന്ന ഡെലിവറി ആപ് വികസിപ്പിക്കാനും പദ്ധതിയുണ്ട്. അതോടൊപ്പം നിലവിലെ അവീർ മാർക്കറ്റ് വികസിപ്പിക്കാനായി അന്താരാഷ്ട്ര കൺസൾട്ടൻറിന്റെ നേതൃത്വത്തിൽ പഠനം പുരോഗമിക്കുന്നുമുണ്ട്.
മാർക്കറ്റ് വികസിപ്പിച്ച് ഈത്തപ്പഴം, മുട്ട, പാലുൽപന്നങ്ങൾ എന്നിവക്കായി പ്രത്യേക വിഭാഗങ്ങളും ലക്ഷ്യമിടുന്നുണ്ട്. ബ്ലൂം മാർക്കറ്റിന്റെ ഫസ്റ്റ് ഫ്ലോറിൽ പാട്ടത്തിന് നൽകുന്ന ഭാഗമാണുള്ളത്. ഇവിടെ മൂന്ന് റസ്റ്റാറന്റുകൾ അടക്കമുള്ള സൗകര്യങ്ങളുമുണ്ട്. കാർ പാർക്കിങ്ങിന് 470 സ്ഥലങ്ങളും ട്രക്ക് പാർക്കിങ്ങിന് 200 സ്ഥലങ്ങളും ബേസ്മെന്റിൽ സജ്ജീകരിച്ചിട്ടുണ്ട്. 760 കിയോസ്കുകളാണ് നിലവിൽ മാർക്കറ്റിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.