കഴിഞ്ഞ വർഷം ദുബൈ വിമാനത്താവളം ഉപയോഗിച്ചത് 8.7 കോടി പേർ
text_fieldsദുബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ വിമാനത്താവളം വഴി കഴിഞ്ഞ വർഷം യാത്രചെയ്തത് 8.7 കോടി പേർ. 2023 രണ്ടാം പാതിയിലെ മികച്ച പ്രകടനത്തിലൂടെ കോവിഡിനു മുമ്പുള്ള യാത്രക്കാരുടെ എണ്ണത്തെ മറികടക്കാനും സാധിച്ചു. 2022നേക്കാൾ 31.7 ശതമാനത്തിന്റെ വർധനയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. കോവിഡിനു മുമ്പ് 2019ൽ 8.64 കോടിയായിരുന്നു യാത്രക്കാരുടെ എണ്ണം. കഴിഞ്ഞ വർഷം ഓരോ മാസവും ശരാശരി 73 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം വഴിയെത്തിയതെന്ന് ദുബൈ എയർപോർട്ട്സ് ചീഫ് എക്സിക്യൂട്ടിവ് പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. മഹാമാരിയുടെ ആഘാതത്തിൽനിന്ന് പൂർണമായി മുക്തമായ ചുരുക്കം വിമാനത്താവളങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം 4,16,405 വിമാനങ്ങളാണ് വിമാനത്താവളം വഴി സർവിസ് നടത്തിയത്. ഇതനുസരിച്ച് മുൻവർഷത്തേക്കാൾ വിമാനങ്ങളുടെ എണ്ണം 21.3 ശതമാനം വർധിച്ചു. ഇതുവരെയുള്ള ഏറ്റവും കൂടുതൽ എണ്ണമാണ് 2023ൽ രേഖപ്പെടുത്തിയത്. ഡിസംബർ മാസമായിരുന്നു വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ മാസമെന്നും അധികൃതർ വെളിപ്പെടുത്തി.
നിലവിൽ 104 രാജ്യങ്ങളിലെ 262 കേന്ദ്രങ്ങളിലേക്ക് വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തുന്നുണ്ട്. 102 വിമാനക്കമ്പനികൾ ഇവിടെനിന്ന് സർവിസ് നടത്തുന്നുമുണ്ട്. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലും പ്രധാന വ്യാപാരകേന്ദ്രമെന്ന നിലയിലും ദുബൈയുടെ വളർച്ചയാണ് അസാധാരണമായ പ്രകടനം അടയാളപ്പെടുത്തുന്നതെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
കഴിഞ്ഞ മാസത്തിലെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വ്യോമയാന കൺസൽട്ടൻസി സ്ഥാപനമായ ഒ.എ.ജി പുറത്തുവിട്ട റിപ്പോർട്ടിലാണ് 50 ലക്ഷം സീറ്റുകളുമായി ദുബൈ വിമാനത്താവളം മുന്നിട്ടുനിന്നത്. അമേരിക്കയിലെ അറ്റ്ലാന്റ വിമാനത്താവളത്തെ മറികടന്നാണ് നേട്ടം കരസ്ഥമാക്കിയത്. അറ്റ്ലാന്റ വിമാനത്താവളത്തിൽ 47 ലക്ഷം സീറ്റുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തേക്കാൾ ഇവിടെ എട്ടു ശതമാനം യാത്രക്കാരുടെ കുറവാണുണ്ടായത്.
കഴിഞ്ഞവർഷം ജനുവരിയിൽ ദുബൈ ലോകത്തെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായിരുന്നു. കോവിഡ് മഹാമാരിക്കു മുമ്പ് 2019 ജനുവരിയിൽ ലോകത്ത് മൂന്നാം സ്ഥാനത്തായിരുന്നു. ഓരോ വർഷവും യാത്രക്കാരുടെ എണ്ണം വർധിച്ചാണ് ദുബൈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഒ.എ.ജി റിപ്പോർട്ട് പ്രകാരം 2023ൽ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളവും ദുബൈ തന്നെയാണ്. 5.65 കോടി സീറ്റുകളാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. 2022ലും 2019ലും സമാനമായ രീതിയിൽ ഒന്നാംസ്ഥാനത്തായിരുന്നു ദുബൈ വിമാനത്താവളം. 2022ൽ 5.39 കോടി സീറ്റുകളുണ്ടായിരുന്നത് കഴിഞ്ഞ വർഷം വർധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.