കഴിഞ്ഞവർഷം ‘ദീവ’ തുറന്നത് 17 സബ് സ്റ്റേഷനുകൾ
text_fieldsദുബൈ: എമിറേറ്റിലെ വൈദ്യുത, ജലവിതരണ അതോറിറ്റിയായ ‘ദീവ’ 2022ൽ തുറന്നത് 17 സബ് സ്റ്റേഷനുകൾ. ഞായറാഴ്ചയാണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. 132 കെ.വി ശേഷിയുള്ള 15 സബ് സ്റ്റേഷനുകളും രണ്ട് 400 കെ.വി സബ് സ്റ്റേഷനുകളുമാണ് തുറന്നത്. അൽ ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയയിലും ജബൽ അലിയിലുമാണ് വലിയ സബ് സ്റ്റേഷനുകൾ തുറന്നത്. ബർഷ സൗത്ത്, ജബൽ അലി, അൽ ഫുർജാൻ, അൽ മർക്കാദ്, ബിസിനസ് ബേ, ഉമ്മു ഹുറൈർ, വാദി അൽ സഫ, ഊദ് അൽ മുതീന, അൽ റിഗ്ഗ, അൽ വസ്ൽ, മെയ്സെം, ഉമ്മുൽ റമൂൽ, അൽ അവീർ, ഗദീർ ബരാഷി എന്നിവിടങ്ങളിലാണ് 132 കെ.വി സബ് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ആകെ 320 കോടി ചെലവുവരുന്ന പദ്ധതികളാണ് ഇതുസംബന്ധിച്ച് നടപ്പിലാക്കിയത്.സബ്സ്റ്റേഷനുകളെ പ്രധാന ട്രാൻസ്മിഷൻ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിന് അഞ്ചു കി.മീറ്റർ 400 കെ.വി ഓവർഹെഡ് ട്രാൻസ്മിഷൻ ലൈനുകളും 247കി.മീറ്റർ 132 കെ.വി ഗ്രൗണ്ട് കേബിളുകളും ‘ദീവ’ സ്ഥാപിച്ചിട്ടുണ്ട്. തടസ്സമില്ലാതെ വൈദ്യുതിയും ജലസേവനവും ഉറപ്പാക്കുന്നതിന് ശക്തവും നൂതനവുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടനുസരിച്ചാണ് അതോറിറ്റി മുന്നോട്ടുപോകുന്നതെന്ന് ‘ദീവ’ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ദുബൈയെ താമസിക്കാനും ജോലിചെയ്യാനും സന്ദർശിക്കാനും ഇഷ്ടപ്പെട്ട സ്ഥലമാക്കിമാറ്റുന്നതിന് സഹായിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും ഉയർന്ന സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പാക്കിക്കൊണ്ട് അന്താരാഷ്ട്ര അംഗീകാരമുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് സബ് സ്റ്റേഷനുകൾ നിർമിച്ചതെന്ന് ദീവ എക്സി. വൈസ് പ്രസിഡൻറ് ഹുസൈൻ ലൂത്ത പറഞ്ഞു. ഉദ്ഘാടനം ചെയ്തവയടക്കം ദുബൈയിലെ ആകെ 132 കെ.വി ട്രാൻസ്മിഷൻ സബ്സ്റ്റേഷനുകളുടെ എണ്ണം 334 ആയി. 29 സബ് സ്റ്റേഷനുകൾ കൂടി നിർമാണത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.