കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ
text_fieldsദുബൈ: യാത്രക്കാരെ കൊണ്ടുപോകുന്നതിന് കഴിഞ്ഞ വർഷം 67,341 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ അനുവദിച്ചതായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). 6,883 സ്കൂൾ ഡ്രൈവർമാർ, 20,483 ലിമോസിൻ ഡ്രൈവർമാർ, 30,215 ടാക്സി ഡ്രൈവർമാർ, 6,813 സ്കൂൾ വാഹനങ്ങളിലെ അറ്റൻഡർമാർ, 2,947 നാഖിൽ സർവിസ് എന്നിങ്ങനെയാണ് പെർമിറ്റുകൾ അനുവദിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 2023ൽ 25ശതമാനം വർധനയാണ് പെർമിറ്റ് അനുവദിക്കുന്നതിലുണ്ടായത്. 2021നെ അപേക്ഷിച്ച് 69 ശതമാനത്തിന്റെ വർധനവും രേഖപ്പെടുത്തി.
യാത്രാ വാഹനങ്ങളിൽ സേവനം ചെയ്യുന്നവർക്കുള്ള പെർമിറ്റുകൾ വർധിച്ചത് ഈ മേഖലയിലെ ഡ്രൈവർമാരുടെ ആവശ്യം വർധിച്ചതിന്റെ സൂചയാണെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ ഡ്രൈവർ അഫയേഴ്സ് ഡയറക്ടർ സുൽത്താൻ അൽ അക്റാഫ് പറഞ്ഞു. ആർ.ടി.എ അംഗീകാരമുള്ള ട്രെയിനിങ് സ്ഥാപനങ്ങളിൽനിന്ന് പരിശീലനം പൂർത്തിയാക്കുന്നവർക്കാണ് പെർമിറ്റുകൾ അനുവദിക്കുന്നത്. പെർമിറ്റ് വിതരണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് സുസ്ഥിരമായ വളർച്ചയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിട്ടുള്ളത്.
2023 അവസാനം വരെ രേഖപ്പെടുത്തിയ പെർമിറ്റ് വിതരണത്തിലെ സജീവത, എമിറേറ്റിലെ ഊർജസ്വലമായ സാമ്പത്തിക പ്രവർത്തനത്തെ പ്രതിഫലിപ്പിക്കുന്നതും നിക്ഷേപത്തിനും വിനോദസഞ്ചാരത്തിനുമുള്ള പ്രധാന ആഗോള ലക്ഷ്യസ്ഥാനമായി ദുബൈ സ്ഥാനമുറപ്പിക്കുന്നതിനെ അടയാളപ്പെടുത്തുന്നതുമാണെന്ന് ആർ.ടി.എ പത്രക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.