ലത മങ്കേഷ്കർ: അനുശോചിച്ച് പ്രവാസ ലോകവും
text_fieldsദുബൈ: എന്നുമോർക്കുന്ന നിരവധി ഗാനങ്ങളാൽ ലോകത്തിന്റെ മുഴുവൻ ആദരവേറ്റുവാങ്ങിയ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്ക്കറുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രവാസലോകവും.
ഏഴ് പതിറ്റാണ്ട് കാലത്തിലധികം സിനിമ പിന്നണി ഗാനരംഗത്ത് അതുല്യപ്രതിഭയായി നിലനിൽക്കുകയും പത്മഭൂഷൺ, ദാദാ സാഹേബ് ഫാൽക്കെ, ഭാരത് രത്ന തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്ത അവരുടെ നിര്യാണം നികത്താവാനാത്ത നഷ്ടമാണെന്ന് ആസ്വാദകർ അഭിപ്രായപ്പെട്ടു. നിര്യാണത്തിൽ അനുശോചിച്ച് രണ്ടുദിവസം ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ലത മങ്കേഷ്ക്കറിന് ആദരസൂചകമായി അബൂദബിയിലെ ഇന്ത്യൻ എംബസിയിലും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലും ദേശീയപതാക പാതി താഴ്ത്തിക്കെട്ടി. എക്സ്പോയിലെ ഇന്ത്യൻ പവലിയനിലെ എല്ലാ സാംസ്കാരിക പരിപാടികളും രണ്ടുദിവസത്തേക്ക് നിർത്തിവെച്ചിട്ടുമുണ്ട്. പിന്നണി ഗാനരംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭാ നിരയിലേക്കുയർന്ന് തൊണ്ണൂറ്റി രണ്ടാം വയസ്സിൽ രാജ്യത്തിന്റെ എല്ലാ വിധ ബഹുമതികളും ഏറ്റുവാങ്ങി ജീവിതത്തിൽ നിന്ന് എന്നന്നേക്കുമായി പടിയിറങ്ങിയ ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്ക്കറിന് ഓവർസീസ് എൻ.സി.പി യു.എ.ഇ കമ്മിറ്റിയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ഭാരവാഹികൾ പ്രസിഡന്റ് രവി കൊമ്മേരി, ജനറൽ സെക്രട്ടറി സിദ്ദീഖ് ചെറുവീട്ടിൽ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.