അന്ന് ചിരിച്ചു തള്ളി: ഇന്ന് ലോകത്തിന്റെ നെറുകയിൽ; പഴയകാല അനുഭവം പങ്കുവെച്ച് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: ലോകത്തെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമായി ദുബൈയെ മാറ്റിയതിൽ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ദീർഘവീക്ഷണം ഒരിക്കലും വിസ്മരിക്കാനാവില്ല. എന്നാൽ, നാലു പതിറ്റാണ്ടു മുമ്പ് വെറും മരുഭൂമി മാത്രമായിരുന്ന ദുബൈയുടെ വിനോദ സഞ്ചാര സാധ്യതകൾ പങ്കുവെച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ അനുഭവം അത്ര സുഖകരമായിരുന്നില്ല. അന്ന് പലരും പുച്ഛിച്ചു തള്ളിയ ആശയങ്ങളിലൂടെയാണ് ഇന്ന് ലോകം ഉറ്റുനോക്കുന്ന ദുബൈയിലേക്കുള്ള വളർച്ച ശൈഖ് മുഹമ്മദ് സാധ്യമാക്കിയത്. അന്നുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ ഓർത്തെടുക്കുകയാണ് അദ്ദേഹം.
80കളിൽ ഗൾഫ് സഹകരണ കൗൺസിലാണ് വേദി. മുതിർന്ന മന്ത്രിമാർ അടങ്ങിയ സമിതി ദുബൈ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളുടെ പ്രതിസന്ധികളെ കുറിച്ച് ചൂടേറിയ ചർച്ചയിലാണ്. രാഷ്ട്രീയ പ്രതിസന്ധികളാണ് ചർച്ചയുടെ ഊന്നൽ. 30 വയസ്സിനോടടുത്ത് പ്രായമുണ്ടായിരുന്ന ശൈഖ് മുഹമ്മദായിരുന്നു മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. രാഷ്ട്രീയ ചർച്ചകൾ അലോസരപ്പെടുത്തിയപ്പോഴാണ് ആ നിർദേശം അദ്ദേഹം സമിതിയിൽ മുന്നോട്ടുവെച്ചത്. ദുബൈയുടെയും മറ്റ് ജി.സി.സി രാജ്യങ്ങളുടെയും ടൂറിസം സാധ്യതകൾ എന്തുകൊണ്ട് തേടുന്നതില്ലാ എന്നായിരുന്നു ചോദ്യം.
അതോടെ ഒരു നിമിഷം നിശ്ശബ്ദമായ സമിതിയിൽ എല്ലാവരുടെയും കണ്ണുകൾ അദ്ദേഹത്തിനുനേരെ തിരിഞ്ഞു. പക്ഷേ, പ്രതികരണം ഒട്ടും അനുകൂലമായിരുന്നില്ല. മുതിർന്ന വിദേശകാര്യ മന്ത്രി പരിഹാസ ചിരിയിലൂടെയാണ് ശൈഖ് മുഹമ്മദിന്റെ നിർദേശത്തെ നേരിട്ടത്. ‘ഈ മരുഭൂമിയിൽ എന്ത് ടൂറിസമാണ് നടക്കുക?. ഈർപ്പം നിറഞ്ഞ, ചുട്ടുപൊള്ളുന്ന വെയിലിൽ ഏതു വിനോദ സഞ്ചാരികളാണ് വരുക?’- അദ്ദേഹത്തിന്റെ ചോദ്യം കേട്ടതും ബാക്കിയുള്ളവരും കൂട്ടച്ചിരിയിലമർന്നു.
ദുബൈയിൽ സാംസ്കാരിക പൈതൃവും നാഗരികതയും മനുഷ്യചരിത്രവും ആളുകൾക്ക് സന്ദർശിക്കാൻ കഴിയുന്നത് എവിടെയാണെന്നായിരുന്നു അവരുടെ ചോദ്യം. പക്ഷേ, അന്ന് അവരോട് തർക്കിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. പക്ഷേ, നമ്മുടെ സമ്പത്ത് നല്ല രീതിയിൽ ഉപയോഗിക്കാൻ എന്തുകൊണ്ട് പറ്റുന്നില്ലെന്ന് ആലോചിച്ചപ്പോൾ ദുഃഖം തോന്നി. എന്തുകൊണ്ട് നമ്മുടെ യുവാക്കളെ വിശ്വാസത്തിലെടുക്കാൻ പറ്റുന്നില്ല. നമുക്ക് പരിചിതമായതിനേക്കാൾ എന്തെങ്കിലും വ്യത്യസ്തമായത് ശ്രമിച്ചു കൂടെയെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
നാലു പതിറ്റാണ്ടിനിപ്പുറം ചരിത്രം വ്യക്തമായി. യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ന് ലോകത്ത് ഏറ്റവും വലിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ നാലംസ്ഥാനത്താണ് ദുബൈ. കഴിഞ്ഞ വർഷം മാത്രം വിനോദ സഞ്ചാര മേഖലയിൽനിന്ന് ദുബൈ നേടിയത് 224 ശതകോടി ദിർഹമിന്റെ വരുമാനമാണ്. യു.എസ്, സ്പെയിൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ മാത്രമാണ് ദുബൈക്ക് മുന്നിലുള്ളത്. യു.എന്നിന്റെ ആ റിപ്പോർട്ട് കാണുമ്പോൾ അന്നത്തെ പഴകാല വിദേശകാര്യ മന്ത്രിയെ ഓർത്തുപോവുകയാണെന്ന് ശൈഖ് മുഹമ്മദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.