അറേബ്യൻ ട്രാവൽ മാർക്കറ്റിന് തുടക്കം
text_fieldsദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ടൂറിസം രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യാത്രാപ്രദർശനമായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് പ്രൗഢഗംഭീര തുടക്കം.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നാലു ദിവസങ്ങളിൽ നടക്കുന്ന പരിപാടിയിൽ ഇരുപതിനായിരത്തിലേറെ സന്ദർശകരും 1500ലേറെ കമ്പനികളും പങ്കെടുക്കുന്നുണ്ട്.
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും എമിറേറ്റ്സ് എയർലൈൻ ചീഫ് എക്സിക്യൂട്ടിവുമായ ശൈഖ് അഹമ്മദ് ബിൻ സഊദ് ആൽ മക്തൂം നിർവഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 112 രാജ്യങ്ങളുടെ പങ്കാളിത്തം ട്രാവൽ മാർക്കറ്റിലുണ്ട്.
സാങ്കേതികവിദ്യ, ഗതാഗതം, സുസ്ഥിരത, ഇവന്റുകൾ, ബിസിനസ് എന്നിവയുൾപ്പെടെ സഞ്ചാരമേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകൾ കാണാനും ചർച്ചചെയ്യാനും ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്. കോവിഡിനുശേഷം ടൂറിസം വ്യവസായം അവിശ്വസനീയമാംവിധം തിരിച്ചുവന്ന സാഹചര്യത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് പ്രദർശകരുടെ പങ്കാളിത്തം വർധിച്ചതായി അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ ഡയറക്ടർ ഡാൻലീ കാർട്ടിസ് പറഞ്ഞു. ബയർ ഫോറങ്ങളും വ്യോമയാന, ഹോസ്പിറ്റാലിറ്റി വിദഗ്ധരുമായി തത്സമയ അഭിമുഖങ്ങളും ഇത്തവണ എ.ടി.എമ്മിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽനിന്ന് ടൂറിസം മന്ത്രാലയം അഡീഷനൽ ഡയറക്ടർ ജനറൽ രൂപീന്ദർ ബ്രാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ട്രാവൽ മാർക്കറ്റിൽ പങ്കാളിത്തമുറപ്പാക്കി ഷാർജ ടൂറിസം
ഷാർജ: ട്രാവൽ മാർക്കറ്റിൽ പങ്കാളിത്തമുറപ്പാക്കി ഷാർജ ടൂറിസം. ലോകോത്തര പ്രദർശനങ്ങൾ, ഇവന്റുകൾ തുടങ്ങിയവയുമായാണ് ഷാർജ പരിപാടിയിലെത്തിയത്. ആഫ്രിക്കക്കു പുറത്തെ ലോകത്തിലെ ഏറ്റവും വലിയ സഫാരിയായ ഷാർജ സഫാരിയിൽ ശ്രദ്ധകേന്ദ്രീകരിച്ചാണ് ഈ വർഷത്തെ പ്രദർശനം. പുതിയ എയർലൈനുകളും ചരക്കുകളും ആകർഷിക്കുന്നതിനായി രൂപകൽപന ചെയ്ത സ്മാർട്ട് സൗകര്യങ്ങൾ, സേവനങ്ങൾ, വിപുലീകരണ പദ്ധതികൾ എന്നിവയും എ.ടി.എമ്മിൽ ഷാർജ പവിലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇക്കോ-ടൂറിസം, സാഹസികത, ഔട്ട്ഡോർ ആക്ടിവിറ്റി എന്നിവ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട സ്ഥലംകൂടിയായ ഷാർജയിൽ സംസ്കാരം, കല, വിനോദം എന്നിവ ഇഷ്ടപ്പെടുന്നവർക്ക് സന്ദർശിക്കാൻ നിരവധി സ്ഥലങ്ങളുണ്ട്. സ്പോർട്സ് ടൂറിസം, മ്യൂസിയങ്ങൾ, ആർക്കിയോളജിക്കൽ ടൂറിസം എന്നിവയും എമിറേറ്റിലെ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്. ഷാർജ അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി, പരിസ്ഥിതി-സംരക്ഷിത പ്രദേശ അതോറിറ്റി, ഷാർജ മ്യൂസിയം അതോറിറ്റി, ഔഖാഫ് വകുപ്പ്, ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ്, ഷാർജ ക്ലാസിക് കാർസ് ക്ലബ്, ഷാർജ എയർപോർട്ട് കൗൺസിൽ, എയർ ട്രാവൽ അറേബ്യ എന്നിവയും പവിലിയന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.