യു.പി.ഐ പേമെന്റ് സംവിധാനത്തിന് തുടക്കം
text_fieldsമാൾ ഓഫ് എമിറേറ്റ്സിൽ നടന്ന ചടങ്ങിൽ യു.പി.ഐ ഇടപാട് നടത്തുന്ന കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ
ദുബൈ: ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കും റെസിഡൻഷ്യൽ വിസയുള്ളർക്കും യു.പി.ഐ ആപ്ലിക്കേഷൻ ഉപയോഗിച്ച് യു.എ.ഇയിൽ പേമെന്റ് നടത്താം. നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി) അന്താരാഷ്ട്ര ഘടകമായ എൻ.ഐ.പി.എലും യു.എ.ഇയിലെ പേമെന്റ് പ്രോസസിങ് കമ്പനിയായ നെറ്റ്വർക്ക് ഇന്റർനാഷനലും (നെറ്റ്വർക്ക്) കൈകോർത്താണ് ഇൻസ്റ്റന്റ് പേമെന്റ് സംവിധാനം യു.എ.ഇയിൽ നടപ്പാക്കുന്നത്.
കഴിഞ്ഞ ദിവസം ദുബൈ കോൺസൽ ജനറൽ സതീഷ് കുമാർ ശിവന്റെ സാന്നിധ്യത്തിൽ മാൾ ഓഫ് എമിറേറ്റ്സിൽ നടന്ന ചടങ്ങിലാണ് ഇരു കമ്പനികളും ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ‘നെറ്റ്വർക്കാ’ണ് യു.എ.ഇയിൽ പേമെന്റ് സെറ്റിൽമെന്റ് നടത്തുക.
ദിർഹമിന് പകരം രൂപയിൽ ഇടപാട് നടത്താമെന്നതാണ് യു.പി.ഐ പേമെന്റ് സംവിധാനത്തിന്റെ സവിശേഷത. ഇന്ത്യയിൽ അക്കൗണ്ടുള്ളവർക്ക് യു.എ.ഇയിൽ ഇടപാട് നടത്താനായി ഫോൺപേ പോലുള്ള ആപ് ഉപയോഗിക്കാം.
യു.എ.ഇയിലെ 60,000 ഔട്ട്ലെറ്റുകളിൽ ഇതിനായുള്ള സൗകര്യം ഒരുക്കും. രൂപയുടെ മൂല്യം നഷ്ടപ്പെടാതെ യഥാർഥ എക്സ്ചേഞ്ച് നിരക്കിൽ തന്നെ ഇടപാട് നടത്താമെന്നതാണ് പ്രത്യേകത.
റീടെയിൽ സ്റ്റോറുകൾ, ഡൈനിങ് ഔട്ട്ലെറ്റുകൾ എന്നിവ കൂടാതെ വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രധാന ആകർഷണങ്ങളിൽ ഒന്നായ ദുബൈ മാളിലേയും മാൾ ഓഫ് എമിറേറ്റ്സിലേയും സ്ഥാപനങ്ങളിലും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വൈകാതെ യു.പി.ഐ ആപ് സ്വീകരിക്കും.
റൂപെ പോലുള്ള കാർഡ് ഉപയോഗിച്ച് പേമെന്റ് നടത്തുമ്പോൾ അന്തിമമായി സെറ്റിൽമെന്റ് നടത്തുന്നത് യു.എ.ഇ റിസർവ് ബാങ്കിന് കീഴിലുള്ള ‘നെറ്റ്വർക്ക്’ കമ്പനി ആണ്. രാജ്യത്തുടനീളം രണ്ട് ലക്ഷത്തോളം വിൽപന പോയന്റുകളിൽ യു.പി.ഐ ആപ് സ്വീകരിക്കുമെന്നാണ് ‘നെറ്റ്വർക്ക്’ നൽകുന്ന സൂചന.
അടുത്തിടെ ദുബൈ ആസ്ഥാനമായ മഷ്രിഖ് ബാങ്ക് അവരുടെ മുഴുവൻ ഔട്ട്ലെറ്റുകളിലും ഇന്ത്യക്കാർക്ക് ഫോൺപേ ഉപയോഗിച്ച് ഇടപാട് നടത്താമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഈ വർഷം ഇന്ത്യയിൽ നിന്ന് ജി.സി.സി രാജ്യങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം 98 ലക്ഷത്തിലെത്തുമെന്നാണ് കണക്ക്. ഇതിൽ 5.29 ദശലക്ഷം പേർ യു.എ.ഇയിലെത്തുമെന്നാണ് അനുമാനം. അതേസമയം, ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള പേമെന്റ് സംവിധാനമാണ് ക്യൂ.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേമെന്റ് ഇന്റർഫേസ് (യു.പി.ഐ). നിലവിൽ 350 ദശലക്ഷം പേർ യു.പി.ഐ സജീവ ഇടപാടുകാരുണ്ട് ഇന്ത്യയിൽ. ഇവർ ഈ മേയ് വരെ 14.04 ശതകോടി ഇടപാടുകളാണ് നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.