ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കാൻ നിയമം
text_fieldsദുബൈ: എമിറേറ്റിൽ വിവിധ മേഖലകളിൽ ഡ്രൈവറില്ലാ വാഹനങ്ങൾ സജീവമാകുന്നതിന് മുന്നോടിയായി പുതിയ നിയമത്തിന് രൂപംനൽകി. വേഗപരിധി, ലൈസൻസ് നേടുന്നതിനുള്ള മാനദണ്ഡങ്ങൾ, റോഡിൽ എവിടെയെല്ലാം ഉപയോഗിക്കാം എന്നിങ്ങനെ ഡ്രൈവറില്ലാ വാഹനങ്ങളുടെ ഓപറേഷനുമായി ബന്ധപ്പെട്ട വിശദമായ നിർദേശങ്ങളാണ് നിയമത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.
ഗതാഗത മേഖലയിൽ നിർമിത ബുദ്ധിയടക്കം നവസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിലെ മാനദണ്ഡങ്ങളും നിയമത്തിൽ പരാമർശിക്കുന്നുണ്ട്. അതോടൊപ്പം വളർന്നുവരുന്ന മേഖലയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനും നിയമം മുൻഗണന നൽകുന്നുണ്ട്. നിയമപ്രകാരം എമിറേറ്റിലെ ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർ.ടി.എ)യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നയം വികസിപ്പിക്കുക, ഡ്രൈവറില്ലാ വാഹനങ്ങളുടെ വിവിധ വിഭാഗങ്ങൾ വേർതിരിക്കുക, സാങ്കേതിക- സുരക്ഷാ മാനദണ്ഡങ്ങൾ തയാറാക്കുക എന്നിങ്ങനെയുള്ള ചുമതലകൾ ആർ.ടി.എക്കാണ്. ഡ്രൈവറില്ലാ വാഹനങ്ങൾ ഓടുന്ന റോഡുകൾ, പ്രദേശങ്ങൾ, റൂട്ടുകൾ എന്നിവ നിർണയിക്കുന്നതിനുള്ള ഉത്തരവാദിത്തവും അതോറിറ്റിക്കാണ്. വേഗ പരിധികൾ മുതൽ മറ്റു കാര്യങ്ങളിലെല്ലാം തീരുമാനമെടുക്കാനുള്ള അധികാരവും വകുപ്പിനുണ്ടാകും.
ഓട്ടോണമസ് വാഹനങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനം നടത്തുമ്പോൾ ആവശ്യമായ ലൈസൻസുകൾ ആർ.ടി.എ നൽകും. നിയമ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 500 ദിർഹം മുതൽ 20,000 ദിർഹം വരെ പിഴ ലഭിക്കും. ലൈസൻസിങ് നടപടിക്രമങ്ങളും ഓപറേറ്റർമാരുടെയും ഏജന്റുമാരുടെയും യാത്രക്കാരുടെയും ഉത്തരവാദിത്തങ്ങളും നിയമത്തിൽ വിവരിക്കുന്നുണ്ട്. അപകടങ്ങൾ ഉണ്ടാകുമ്പോൾ ഓട്ടോണമസ് വാഹനങ്ങളുടെ ഓപറേറ്റർമാരുടെ ബാധ്യതകളും ഇത് നിർവചിക്കുന്നു.
അപകടങ്ങൾ മൂലമുണ്ടാകുന്ന എല്ലാ നാശനഷ്ടങ്ങളും നികത്താനുള്ള ഉത്തരവാദിത്തം ഓപറേറ്റർമാർക്കാണ്. ദുബൈയിൽ ഓട്ടോണമസ് വാഹനങ്ങളുടെ വിൽപനയും കൈമാറ്റവും അംഗീകൃത ഏജന്റുമാർ വഴി മാത്രമേ നടത്താവൂ. ഒരു ഓപറേറ്ററിൽനിന്ന് മറ്റൊന്നിലേക്ക് വാഹനങ്ങൾ കൈമാറുന്നതിന് ആർ.ടി.എയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും നിയമം നിഷ്കർഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.