എൽ.സി.എസ്.എസ്: വ്യാപാര ഇടപാടുകൾ ഇനി ഇന്ത്യൻ കറൻസിയിലും
text_fieldsദുബൈ: പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തോടനുബന്ധിച്ച് ഒപ്പുവെച്ച ലോക്കൽ കറൻസി സെറ്റിൽമെന്റ് (എൽ.സി.എസ്.എസ്) കരാർ യാഥാർഥ്യമാകുന്നതോടെ അതിർത്തി കടന്നുള്ള വ്യാപാരത്തിൽ സ്വന്തം രാജ്യങ്ങളുടെ കറൻസിയിൽ ഇൻവോയ്സ് തയാറാക്കാൻ വ്യാപാരികളെ സഹായിക്കും. ഇതുവഴി യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യക്കാരായ വ്യാപാരികൾക്ക് രൂപയിൽതന്നെ വാണിജ്യ ഇടപാട് നടത്താനാവും. അതോടൊപ്പം വിദേശ എക്സ്ചേഞ്ച് വിപണിയിൽ രൂപയുടെയും ദിർഹമിന്റെയും വികസനവും സാധ്യമാകും.
ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപം വർധിപ്പിക്കുന്നതിനും ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. പ്രാദേശിക കറൻസി ഉപയോഗം പണമിടപാടിലെ ചെലവ് കുറക്കാനും സഹായിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി.
അതേസമയം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഡൽഹി അബൂദബിയിൽ ഓഫ് കാമ്പസ് നിർമിക്കുന്നതിന് യു.എ.ഇ വിദ്യാഭ്യാസ-വിജ്ഞാന വകുപ്പുമായി കരാറിലെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ-യു.എ.ഇ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സാംസ്കാരികമായ കൈമാറ്റത്തിനും ഇത് സഹായകമാകും. താൻസനിയയിലെ സാൻസിബാറിൽ ഐ.ഐ.ടി മദ്രാസും ഓഫ് കാമ്പസ് തുടങ്ങാൻ കഴിഞ്ഞ ആഴ്ച കരാർ ഒപ്പുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.