അൽ നിയാദിക്ക് അഭിനന്ദനങ്ങളുമായി രാഷ്ട്രനേതാക്കൾ
text_fieldsരാജ്യത്തിന്റെ സ്വപ്നം നിറവേറ്റി -ശൈഖ് മുഹമ്മദ്
ബഹിരാകാശ മേഖലയിൽ രാജ്യത്തിന്റെ സ്വപ്നങ്ങൾ നിറവേറ്റിയാണ് സുൽത്താൻ അൽ നിയാദി മടങ്ങിയെത്തിയതെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
‘നിങ്ങളുടെ അഭിമാനകരമായ യാത്രയും സുരക്ഷിതമായ തിരിച്ചുവരവും രാജ്യം ആഘോഷിക്കുകയാണ്. ബഹിരാകാശ പര്യവേക്ഷണത്തിൽ വൻ മുന്നേറ്റം കൈവരിച്ചതിന് താങ്കളെയും മുഴുവൻ ടീമിനെയും കുറിച്ച് യു.എ.ഇയിലെ ജനങ്ങൾ അഭിമാനം കൊള്ളുന്നു’ - ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു.
അറബ് യുവത്വത്തിന് നന്ദി -ശൈഖ് മൻസൂർ ബിൻ സായിദ്
ദീർഘനാളത്തെ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് സുൽത്താൻ അൽ നിയാദി ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയതിന് എല്ലാ അറബ് യുവാക്കളെയും എമിറേറ്റ്സിലെ ജനങ്ങളെയും അഭിനന്ദിക്കുന്നതായി വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് പറഞ്ഞു.
അഭിമാന നിമിഷം -ശൈഖ് ഹംദാൻ
യു.എ.ഇയെ സംബന്ധിച്ച് അഭിമാനകരമായ മുഹൂർത്തമാണ് സുൽത്താൻ അൽ നിയാദിയുടെ തിരിച്ചുവരവെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം.
രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ കാഴ്ചപ്പാടുകളാൽ നയിക്കപ്പെടുന്ന യു.എ.ഇ മരുഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് ശ്രദ്ധേയമായ ഒരു യാത്ര ആരംഭിച്ചിരുന്നു. ദീർഘനാളത്തെ ആ ദൗത്യത്തിന് ശേഷം സുൽത്താന്റെ തിരിച്ചുവരവ് ഇന്ന് രാജ്യം ആഘോഷിക്കുകയാണ്.
ഒരിക്കലും സാധ്യമാകുമെന്ന് കരുതാത്ത ഒരു ജനതയെ സംബന്ധിച്ച് സുപ്രധാനമായ നേട്ടമാണ് അദ്ദേഹം കൈവരിച്ചിരിക്കുന്നത്.
ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല. ഇന്നു മുതൽ നക്ഷത്രങ്ങളെ പുൽകാനുള്ള മറ്റൊരു ഉദ്യമത്തിനായുള്ള ഒരുക്കങ്ങളിലാണ് ഞങ്ങൾ.
അറബ് യുവാക്കൾക്ക് പ്രചോദനം -ദുബൈ ഭരണാധികാരി
സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ നേട്ടങ്ങൾ ദശലക്ഷണക്കിന് അറബ് യുവാക്കൾക്ക് പ്രചോദനമാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ദൗത്യം വിജയകരമായി പൂർത്തീകരിച്ച നിയാദിക്ക് അഭിനന്ദനം.
പുതിയ അധ്യായം തുറന്നു -ശൈഖ ലത്തീഫ ബിൻത് മുഹമ്മദ്
സാധ്യതകളിലേക്കുള്ള യു.എ.ഇയുടെ യാത്രയിൽ പുതിയ അധ്യായത്തിനാണ് സുൽത്താൻ അൽ നിയാദിയുടെ തിരിച്ചുവരവോടെ തുടക്കമായതെന്ന് ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർവുമൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് പറഞ്ഞു.
രാജ്യത്തിന്റെ ആഗ്രഹങ്ങൾ സഫലീകരിച്ചുകൊണ്ട് ബഹിരാകാശത്തുനിന്ന് സുരക്ഷിതമായി തിരികെയെത്തിയ നിയാദിക്ക് അഭിനന്ദനം. നിങ്ങളുടെ യാത്രയിലൂടെ അസാധ്യമായത് സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുന്നു.
ആഗ്രഹ സഫലീകരണം-ശൈഖ് മൻസൂർ ബിൻ മുഹമ്മദ്
യു.എ.ഇയുടെ അടങ്ങാത്ത ആഗ്രഹത്തിന്റെ പ്രതിഫലനമാണ് നിയാദിയുടെ നേട്ടങ്ങൾ എന്ന് ദുബൈ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.