ഇതിഹാസങ്ങൾ ഇറങ്ങുന്നു
text_fieldsലെജൻഡ്സ്
ടെന്നിസ് ദുബൈയിൽ
ഒരുകാലത്ത് ടെന്നിസ് കോർട്ടുകൾ ഭരിച്ചിരുന്ന ഇതിഹാസ താരങ്ങൾ വീണ്ടുമൊരങ്കത്തിനിറങ്ങുന്നു. ദുബൈ ഹാർബറിൽ നവംബർ ഒമ്പത് മുതൽ 12 വരെ നടക്കുന്ന ലെജൻഡ്സ് കപ്പ് ഫൈനൽ സ്റ്റേജിൽ ഏറ്റുമുട്ടാനാണ് ലെയ്ട്ടൻ ഹ്യൂവിറ്റും ഇവാൻ ലെൻഡിലുമടക്കമുള്ള ഇതിഹാസ താരങ്ങൾ കളത്തിലിറങ്ങുന്നത്.
ഹാർബറിലെ ബോട്ടുകൾക്ക് നടുവിൽ 3000 പേരെ ഉൾകൊള്ളാൻ ശേഷിയുള്ള മൈതാനമാണ് ഒരുക്കിയിരിക്കുന്നത്. ആഡംബര ബോട്ടിലിരുന്ന് കളി ആസ്വദിക്കാനും കഴിയും. ദുബൈയിൽ സ്പോർട്സ് ടൂറിസം വളർത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ടൂർണമെന്റ്.
ടെന്നിസിൽ നിന്ന് വിരമിച്ച ഒമ്പത് താരങ്ങളാണ് മാറ്റുരക്കുന്നത്. മുൻ ഗ്രാൻഡ്സ്ലാം ചാമ്പ്യൻമാരായ ഇവാൻ ലെൻഡിലിന്റെയും പാറ്റ് കാഷിന്റെയും നേതൃത്വത്തിലാണ് ടീമുകൾ ഇറങ്ങുന്നത്.
മുൻ ലോക ഒന്നാം നമ്പർ താരവും രണ്ട് തവണ ഗ്രാൻഡ്സ്ലാം ജേതാവുമായ ലെയ്ട്ടൻ ഹ്യൂവിറ്റ്, 2008 ആസ്ട്രേലിയൻ ഓപൺ റണ്ണർഅപ്പ് ജോ വിൽഫ്രഡ് സോംഗ, 2006ലെ റണ്ണർഅപ്പ് മാർകസ് ബാഗ്ദാദി, 2010 വിമ്പിൾഡൺ ഫൈനലിസ്റ്റ് തോമസ് ബെർഡിക്, 2013 ഫ്രഞ്ച് ഓപൺ റണ്ണർഅപ്പ് ഡേവിഡ് ഫെറർ, മൂന്ന് തവണ ആസ്ട്രേലിയൻ ഓപൺ സെമിയിലെത്തിയ ടോമി ഹാസ്, 2002 വിമ്പിൾഡൺ റണ്ണർ അപ്പ് ഡേവിഡ് നൽബന്ധിയാൻ, മുൻ ലോക അഞ്ചാം നമ്പർ താരം ടോമി റോബ്രഡോ, രണ്ട് തവണ ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടം നേടിയ റാഡെക് സ്റ്റപാനെക് എന്നിവരാണ് കളിക്കുന്നത്. ടെന്നിസിൽ നിന്ന് വിരമിച്ചെങ്കിലും ഈ ഒമ്പത് പേരും ടെന്നിസ് ലോകവുമായി നിരന്തര ബന്ധം പുലർത്തുന്നവരാണ്. തോൽകാൻ മനസില്ലാത്തവരുടെ പോരാട്ടമാണിതെന്നാണ് മുൻ താരം ബാഗ്ദാദി പറയുന്നത്. ഡ്യൂട്ടി ഫ്രി ടെന്നിസ് അടക്കം നിരവധി തവണ ദുബൈയിൽ കളിച്ച തനിക്ക് ലെജൻഡറി കപ്പിൽ കളിക്കാൻ ദുബൈയിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു. ടെന്നിസിൽ നിന്ന് വിരമിച്ചെങ്കിലും മൈതാനത്തിറങ്ങുന്നത് പഴയ സ്പിരിറ്റോടെ തന്നെയാണെന്ന് ടോമി റോബ്രഡോ പറയുന്നു. കഴിഞ്ഞ ദിവസം ടെന്നിസിനോട് വിടപറഞ്ഞ റോജർ ഫെഡററെ അടക്കം തോൽപിച്ച താരമാണ് റോബ്രഡോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.