എക്സ്പോ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
text_fieldsടിക്കറ്റ് നിരക്ക്
എക്സ്പോ വെബ്സൈറ്റായ expo2020dubai.com വഴിയും ലോകത്താകമാനമുള്ള അംഗീകൃത ടിക്കറ്റ് വിൽപന ഏജൻസികളിലൂടെയും ടിക്കറ്റ് ലഭിക്കും. ഓൺലൈൻ ട്രാവൽ ഏജൻറുമാർ, ടൂർ ഓററേറ്റർമാർ, ഹോട്ടൽ ഗ്രൂപ്പുകൾ, വിമാനക്കമ്പനികൾ എന്നിവരടങ്ങിയ ഏജൻസികളുടെ ലിസ്റ്റ് എക്സ്പോ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂം സ്റ്റോറുകളിലും ടിക്കറ്റ് ലഭിക്കും.
ഒരുദിവസത്തെ പ്രവേശനത്തിന് 95ദിർഹമാണ് നിരക്ക്. തുടർച്ചയായ 30 ദിവസത്തെ പ്രവേശനത്തിന് 195ദിർഹമും ആറുമാസം എപ്പോഴും പ്രവേശിക്കാവുന്ന ടിക്കറ്റിന് 495ദിർഹമുമാണ് നിരക്ക്. ഒക്ടോബറിൽ പ്രത്യേകമായി എപ്പോഴും പ്രവേശനമനുവദിക്കുന്ന സ്പെഷൽ പാസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് 95ദിർഹമാണ് നിരക്ക്.
ടിക്കറ്റ് ഇളവ്
18വയസിൽ താഴെ പ്രായമുള്ളവർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, 60വയസ് പിന്നിട്ടവർ, ലോകത്തെ ഏതെങ്കിലും വിദ്യഭ്യാസ സ്ഥാപനത്തിലെ അംഗീകൃത ഐഡൻറിറ്റി കാർഡുള്ള വിദ്യാർഥികൾ എന്നിവർക്ക് എക്സ്പോയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഒപ്പമെത്തുന്ന സഹായിക്ക് 50ശതമാനം ടിക്കറ്റ് ഇളവുണ്ടാകും.
കോവിഡ് പ്രോട്ടോകോൾ
18വയസിൽ കൂടുതൽ പ്രായമുള്ളവർക്ക് എക്സ്പോ സന്ദർശിക്കാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പി.സി.ആർ പരിശോധന ഫലം ഹാജരാക്കണം. പി.സി.ആർ ഫലം 72മണിക്കൂറിനുള്ളിൽ ഉള്ളതായിരിക്കണം. വാക്സിനെടുക്കാത്തവർക്ക് പി.സി.ആർ പരിശോധനക്ക് എക്സ്പോ സൈറ്റിൽ സൗകര്യമുണ്ട്. എക്സ്പോ ടിക്കറ്റ് കാണിച്ചാൽ പി.സി.ആർ പരിശോധന സൗജന്യമാണ്. നഗരിയുടെ അകത്തും പുറത്തും മാസ്ക് ധരിക്കൽ, രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിബന്ധനകൾ പാലിക്കണം. എക്സ്പോ വേദിയിലേക്ക് പ്രവേശിപ്പിക്കുന്നത് പരിശോധനക്ക് ശേഷമായിരിക്കും.
ബസ് സർവീസ്
എക്സ്പോ നഗരിയിലേക്ക് ആർ.ടി.എ ഒമ്പത് ലൊക്കേഷനിൽ നിന്ന് സൗജന്യ ബസ് സർവീസ് ഒരുക്കിയിട്ടുണ്ട്. 'എക്സ്പോ റൈഡർ' എന്ന പേരിലാണ് 126 ബസുകൾ ദുബൈയിൽ ഒരുക്കിയത്. പാം ജുമൈറ, അൽ ബർഷ, അൽ ഗുബൈബ, ഇത്തിസാലാത്ത്, േഗ്ലാബൽ വില്ലേജ്, ഇൻറർനാഷനൽ സിറ്റി, സിലിക്കൺ ഒയാസീസ്, ദുബൈ മാൾ, ദുബൈ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. ഇതിന് പുറമെ ഹോട്ടലുകളിൽ നിന്നുള്ളവരെ എക്സ്പോയിലെത്തിക്കാനും ബസുകളുണ്ട്. പാർക്കിങ് ഏരിയയിൽ നിന്ന് യാത്രക്കാരെ എക്സ്പോ ഗേറ്റിലേക്കെത്തിക്കാൻ ബസുകളുണ്ടാകും. ഇവിടെ നിന്ന് മൂന്ന് ഗേറ്റുകളിലേക്കാണ് സർവീസ്. ഓപർചുനിറ്റി, മൊബിലിറ്റി, സസ്റ്റൈനബിലിറ്റി എന്നീ പവലിയനുകളിലേക്ക് ഈ സർവീസുകൾ വഴി നേരിട്ടെത്താം. ഇതിനായി 57 ബസുകളുണ്ട്. മറ്റ് എമിറേറ്റുകളിൽ നിന്നും സ്പെഷൽ എക്സ്പോ സർവീസുകളുണ്ട്. അബൂദബി, അൽ ഐൻ, ഫുജൈറ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. 77 ബസുകളാണ് ഇതിനായി ഏർപെടുത്തിയിരിക്കുന്നത്. ദിവസവും 193 സർവീസ് നടത്തും. അവധി ദിവസങ്ങളിൽ ഇത് 213 ആയി ഉയരും.
മെട്രോ സർവീസ്
എക്സ്പോ വേദിയിലേക്കെത്താൻ മെട്രോയാണ് ഏറ്റവും എളുപ്പം. ദുബൈ നഗരത്തിൽ നിന്ന് മെട്രോ ചുവപ്പ് ലൈനിലൂടെ നഗരിയുടെ കവാടത്തിലെത്താം. എക്സ്പോക്ക് വേണ്ടി റൂട്ട് 2020 എന്ന പേരിൽ 15 കിലോമീറ്റർ മെട്രോ ലൈൻ ദീർഘിപ്പിച്ചിട്ടുണ്ട്. ജബൽ അലി സ്റ്റേഷനിലെ റെഡ്ലൈനിൽ നിന്ന് 'എക്സ്പോ 2020 സ്റ്റേഷൻ' വരെ നീളുന്ന ഏഴ് സ്റ്റേഷനുകൾ ഇതിൽ ഉൾപെടുന്നു. എക്സ്പോ സ്റ്റേഷൻ ഒക്ടോബർ ഒന്നുമുതലാണ് പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക. മെട്രോയുടെ ചുവപ്പ്, പച്ച ലൈനുകൾ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ അഞ്ചിനാരംഭിച്ച് പുലർച്ചെ 1.15 വരെയും വ്യാഴാഴ്ച രാവിലെ അഞ്ചിനാരംഭിച്ച് പുലർച്ചെ 2.15 വരെയും വെള്ളിയാഴ്ച രാവിലെ 8 മുതൽ പുലർച്ചെ 1.15 വരെയും പ്രവർത്തിക്കും.
ടാക്സികളും ലിമോസിനും
ടാക്സികൾ ഫോൺ വഴിയോ കരീം, യൂബർ, സ'ഹൈൽ ആപ്പുകൾ വഴിയോ ബുക്ക് ചെയ്യാം. എക്സ്പോ സൈറ്റിൽ നിന്ന് ആരംഭിക്കുന്ന റൈഡുകൾക്ക് 20 ദിർഹമാണ് തുടക്ക ചാർജ്. 15,000 ടാക്സികളും ലിമോസിനുകളുമാണ് എക്സ്പോക്കായി ഒരുക്കിയിരിക്കുന്നത്. ഇതിൽ 9710 ടാക്സികളും 5681 ലിമോസിനുകളും ഉൾപെടുന്നു.
പാർക്കിങ് സൗകര്യം
സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് ദുബൈയിലെ എല്ലാ മെയിൻ റോഡുകളിലും എക്സ്പോ നഗരിയിലേക്ക് വഴിസൂചനകൾ കാണാം. ഓപർചുനിറ്റി പാർകിങ് സോൺ, സസ്റൈനബിലിറ്റി പാർകിങ് സോൺ, മൊബിലിറി പാർകിങ് സോൺ, ദുബൈ എക്സിബിഷൻ സെൻറർ പാർകിങ് സോൺ എന്നിവടങ്ങളിൽ സൗജന്യ പാർകിങ് സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.