ഭീകരതക്കെതിരെ ഒരുമിച്ച് പോരാടാം -സ്പീക്കർ ഓം ബിര്‍ല
text_fieldsഅബൂദബി: ഭീകരതക്കെതിരെ ഇന്ത്യക്കും യു.എ.ഇക്കും ഒരുമിച്ചു പോരാടാമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല. യു.എ.ഇയുടെ പാർലമെന്റായ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എഫ്.എൻ.സിയെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ലോക്സഭ സ്പീക്കറായി ഓം ബിര്‍ല. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പാര്‍ലമെന്റ് പ്രതിനിധി സംഘം കഴിഞ്ഞദിവസമാണ് അബൂദബിയിലെത്തിയത്. ഇരുരാജ്യങ്ങളും നേരിടുന്ന മതതീവ്രവാദവും ഭീകരവാദവും ആശങ്കപ്പെടുത്തുന്നതാണെന്ന് ഓം ബിര്‍ല അഭിപ്രായപ്പെട്ടു. അടുത്തിടെ യു.എ.ഇക്കുനേരെ നടന്ന ഭീകരാക്രമണങ്ങൾ അപലപനീയമാണ്. ഇരുരാജ്യങ്ങളിലെയും രാഷ്ട്രനേതാക്കളും പൗരന്മാരും നടത്തുന്ന നിരന്തര സന്ദര്‍ശനങ്ങള്‍ സാംസ്കാരിക അടുപ്പത്തിനും ജനതകള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിനും കാരണമായിട്ടുണ്ട്.
ആഗോള സുരക്ഷക്കും സുസ്ഥിരതക്കും വളര്‍ച്ചക്കും വേണ്ടി ഭീകരവാദം, തീവ്രവാദം ഉൾപ്പെടെയുള്ള വെല്ലുവിളികളെ ഒരുമിച്ച് നേരിടണം. ബന്ധം കൂടുതല്‍ ശക്തമാക്കി ഇരുരാജ്യങ്ങളിലെയും പൗരന്മാര്ക്ക് പരമാവധി ഗുണം നല്‍കണം. ജനാധിപത്യത്തെ കൂടുതല്‍ വിപുലപ്പെടുത്താനും പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്താനുമുള്ള യു.എ.ഇയുടെ തീരുമാനം അഭിനന്ദനീയമാണ്. ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ യു.എ.ഇയിലെ നിക്ഷേപകർ മുന്നോട്ടുവരണം. ബഹിരാകാശ, വിവരസാങ്കേതിക വിദ്യാരംഗത്തെ ഇന്ത്യയുടെ ശേഷി യു.എ.ഇയുമായി പങ്കിടാന്‍ സന്നദ്ധമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി 2015ല്‍ യു.എ.ഇ സന്ദര്‍ശിച്ചതും ഇതിനു പിറകെ അബൂദബി കിരീടാവകാശി ഇന്ത്യയിലെത്തിയതും ഗുണകരമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിലൂടെ ഉഭയകക്ഷി ബന്ധം പുതിയ തലത്തിലെത്തുകയും ഭാവി സാമ്പത്തിക വികസനത്തിന്റെ അടിത്തറ ശക്തിപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.