ഓണത്തിന് ഒരുക്കാം, കപ്പ കൊണ്ടൊരു പായസം
text_fieldsനമ്മൾ മലയാളികളുടെ ഇഷ്ട വിഭവമാണ് കപ്പ. മരച്ചീനി, പൂള, കൊള്ളി എന്നൊക്കെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിളിപ്പേരുണ്ട് ഇതിന്. കപ്പ വെച്ച് പല വിഭവങ്ങളും നമ്മൾ ഉണ്ടാക്കാറുണ്ട്. ധാരാളം അന്നജം ഉള്ള കപ്പയിലടങ്ങിയ ഭക്ഷ്യനാരുകൾ ദഹനത്തിന് സഹായിക്കുന്നു.
രുചിയും ഗുണവും ഏറെയുള്ള ഈ കിഴങ്ങു വർഗ്ഗം കൊണ്ട് രുചികരമായ പായസവും തയ്യാറാക്കാം. ഈ ഓണത്തിന് വ്യത്യസ്തമായ ഈ പായസക്കൂട്ട് തന്നെയാവട്ടെ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന നാടൻ രുചിയിൽ വളരെ എളുപ്പത്തിൽ ആണ് ഈ സ്പെഷ്യൽ പായസം തയ്യാറാക്കുന്നത്.
ചേരുവകൾ:
- കപ്പ: 1
- ശർക്കര: -250 ഗ്രാം
- ഒന്നാം പാൽ:- ഒരു കപ്പ് (ഒന്നര തേങ്ങ)
- രണ്ടാം പാൽ:- ഒരു കപ്പ്
- ചുക്ക് പൊടി: അര ടീസ്പൂൺ
- നല്ല ജീരകപ്പൊടി: അര ടീ സ്പൂൺ
- അണ്ടിപ്പരിപ്പ്: മൂന്ന് ടേബ്ൾ സ്പൂൺ
- ഉപ്പ്: -ഒരു നുള്ള്
- നെയ്യ്: മൂന്ന് ടേബ്ൾ സ്പൂൺ
തയ്യാറാക്കുന്ന വിധം:
ആദ്യമായി കപ്പ തൊലി കളഞ്ഞു വൃത്തിയാക്കിയ ശേഷം നീളത്തിൽ കുറച്ചു മുറിച്ചെടുത്തു വീണ്ടും ചെറുതാക്കി അടയുടെ ആകൃതിയിൽ മുറിച്ചെടുക്കുക. ശേഷം കുറച്ചു വെള്ളത്തിൽ ഒരു നുള്ള് ഉപ്പിട്ടു മുക്കാൽ ഭാഗം വേവിച്ചെടുക്കുക. ഒരു അരിപ്പയിൽ അരിച്ചെടുത്തു അതിനു മുകളിൽ കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കുക. ശർക്കര ഒരു പാത്രത്തിൽ കുറച്ചു വെള്ളം ചേർത്ത് ഉരുക്കി എടുക്കുക.
ശേഷം ഒരു ഉരുളിയിൽ നെയ്യ് ഒഴിക്കുക. വേവിച്ചു വെച്ച കപ്പ വഴറ്റി എടുക്കുക. അതിലേക്ക് ശർക്കര ഉരുക്കിയത് ചേർത്ത് കൊടുത്തു നന്നായി വരട്ടി എടുക്കുക. ശേഷം രണ്ടാം പാൽ ചേർത്തു കൊടുത്തു യോജിപ്പിച്ചെടുക്കുക. അതിലേക്ക് ചുക്ക് പൊടിയും ജീരകപ്പൊടിയും ഉപ്പും ചേർത്ത് ഇളക്കി എടുക്കുക. ശേഷം ഒന്നാം പാൽ ചേർത്തു യോജിപ്പിച്ചു തീ ഓഫ് ആക്കുക. നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പ് ചേർത്ത് കൊടുക്കുക. രുചികരമായ കപ്പ പായസം റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.