കണ്ട് പഠിക്കാം ചരിത്രം
text_fieldsസ്കൂൾ അവധിക്കാലം കഴിയാൻ ഇനി രണ്ടാഴ്ച കൂടി ബാക്കിയുണ്ട്. യാത്രാവിലക്കിെൻറ ആശങ്കയുണ്ടായിരുന്നതിനാൽ നല്ലൊരു ശതമാനം വിദ്യാർഥികളും രക്ഷിതാക്കളും ഇക്കുറി നാട്ടിൽ പോകാതെ യു.എ.ഇയിൽ തന്നെ തങ്ങുകയായിരുന്നു. പെരുന്നാൾ അവധിയും ഒപ്പം എത്തിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിദ്യാർഥികളുടെ ഒഴുക്കായിരുന്നു. ഇനിയുള്ള യാത്ര അൽപം അറിവ് തേടുന്നതായാലോ ?. ഇമാറാത്തിെൻറ ചരിത്രം പറഞ്ഞു തരുന്ന നിരവധി മ്യൂസിയങ്ങളും പൈതൃക ഗ്രാമങ്ങളും ഇവിടെയുണ്ട്. രാജ്യം 50ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ യു.എ.ഇയുടെ ചരിത്രം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലെ ഏഴ് പ്രധാന മ്യൂസിയങ്ങളെയും ഹെറിറ്റേജുകളെയും പരിചയപ്പെടാം...
ഹത്ത ഹെറിറ്റേജ് വില്ലേജ് (Dubai)
യു.എ.ഇയുടെ പഴമയെ പുനസൃഷ്ടിച്ചിരിക്കുകയാണ് ഹത്ത പൈതൃക ഗ്രാമത്തിലൂടെ. ചെറിയൊരു ഗ്രാമം തന്നെ ഇതിനായി ഒരുക്കിയിട്ടുണ്ട്. പുരാതന കാലത്തെ ഇമാറാത്തി ജീവിതങ്ങൾ എങ്ങിനെയായിരുന്നുവെന്ന് അറിയണമെങ്കിൽ ഹെറിറ്റേജ് വില്ലേജ് സന്ദർശിച്ചാൽ മതി. മണ്ണും തടിയും ഈന്തപ്പനയോലകളും കൊണ്ടാണ് ഇവിടെയുള്ള ഓരോ നിർമിതിയും പുനസൃഷ്ടിച്ചിരിക്കുന്നത്. ഭരണാധിപൻമാരുടെ മജ്ലിസും ഇമാറാത്തി കുടിലുകളും സൈനീക വേഷങ്ങളും ആയുധങ്ങളുമെല്ലാം ഇവിടെ കാണാം. ഈന്തപ്പഴം ഉൾപെടെ യു.എ.ഇയുടെ പഴയകാല വ്യാപാരങ്ങൾ എങ്ങിനെ വളർന്നുവെന്നും വരച്ചിടുന്നതാണ് ഹെറിറ്റേജ് വില്ലേജ്. ഇമാറാത്തി സൈന്യം ശത്രുക്കളെ എങ്ങിനെയാണ് പ്രതിരോധിച്ചിരുന്നതെന്നും കാണിച്ചുതരുന്നു. പഴയകാല ആയുധങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഹത്ത ഡാമിന് സമീപത്ത് നിന്ന് അധികം ദൂരെയല്ല ഈ വില്ലേജ്. ദുബൈ-ഒമാൻ അതിർത്തി പ്രദേശമാണ്. നിലവിൽ ചൂട് കൂടിയ സമയമായതിനാൽ ചൂടിനെതിരായ മുൻകരുതലുമായി വേണം ഹെറിറ്റേജ് വില്ലേജ് സന്ദർശിക്കാൻ. പ്രവേശനം സൗജന്യം.
ഫുജൈറ ഹെറിറ്റേജ് വില്ലേജ് (Fujairah)
യു.എ.ഇ യിലെ പഴയ കാല ജീവിത രീതിയെ കുറിച്ചും മറ്റും മനസ്സിലാക്കാനും പഠിക്കാനും സാധിക്കുന്ന രീതിയിലാണ് ഫുജൈറയിലെ പൈതൃക ഗ്രാമം സ്ഥാപിച്ചിരിക്കുന്നത്. 6000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിച്ച ഈ ഗ്രാമം ഫുജൈറ മുദബ് സ്പ്രിങ് പാര്ക്കിെൻറയും മുദബ് ഡാമിെൻറയും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ഒരു കൊച്ചു ഗ്രാമം പോലെയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. പണ്ടുകാലത്തെ കുടിലുകളും മലമ്പ്രദേശത്ത് നിര്‍മിച്ചിരുന്ന വീടുകളുടെ മാതൃകകളും തനതു രൂപത്തില്‍ നിര്‍മിച്ചിട്ടുണ്ട്. അന്ന് രാവിലെ കാളകളെ ഉപയോഗിച്ച് വലിച്ചുകൊണ്ട് പ്രവര്‍ത്തിപ്പിച്ചിരുന്ന കാര്ഷികാവശ്യത്തിനുപയോഗിച്ചിരുന്ന വെള്ളം കോരി യന്ത്രം രസകരമായ കാഴ്ചയാണ്. അന്നത്തെ അറബികളുടെ പ്രധാന തൊഴില്‍ മേഖലയായിരുന്ന മത്സ്യബന്ധനവുമായി ബന്ധപെട്ട സമാഗ്രികളും ബോട്ടുകളും ഒരു കടല്‍ തീരത്തിെൻറ മാതൃക തന്നെ രൂപപെടുത്തി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആ കാലഘട്ടത്തെ പലചരക്കു കട, മരപ്പണി കട, ബേക്കറി, തയ്യൽ കട, കമ്മാരസംഘം, ഔഷധ ഷോപ്പ് തുടങ്ങിയവയുടെ മാതൃകകള്‍ വളരെയേറെ കൗതുക മുണര്‍ത്തുന്ന കാഴ്ചകള്‍ ആണ്. ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ വൈകുന്നേരം 6.30 വരെയും വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതല്‍ വൈകീട്ട് 6.30 വരെയും പ്രവേശനം. മുതിര്‍ന്നവര്‍ക്ക് അഞ്ചു ദിര്‍ഹം ആണ് പ്രവേശന ഫീസ്.
റാക് ദേശീയ മ്യൂസിയം (Ras Al Khaimah)
വേനല്‍ അവധിക്കാലത്ത് കുട്ടികളെ കാണിക്കേണ്ട സ്ഥലമാണ് റാക് ദേശീയ മ്യൂസിയം. മുന്‍ ഭരണാധികാരികളുടെ വസതി, ഭരണസിരാ കേന്ദ്രം എന്നിവയായി നില കൊണ്ട കെട്ടിട സമുച്ചയം പഴയ കാലത്ത് പൊലീസ് ആസ്ഥാനവും ജയിലുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓള്‍ഡ് റാസല്‍ഖൈമയിലെ ഈ കോട്ട യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാക് ഭരണാധിപനുമായിരുന്ന ശൈഖ് സഖര്‍ ആല് ഖാസിമി 1987ലാണ് മ്യൂസിയമാക്കി മാറ്റിയത്്. 1809 -1819 കാലഘട്ടത്തില്‍ പണികഴിപ്പിച്ച കോട്ടയാണ് ഇത്. വേനല്‍ക്കാലത്ത് തണുപ്പും ശൈത്യകാലത്ത് ചൂടും നിലനിര്‍ത്തുന്ന രീതിയില്‍ മികച്ച വാസ്തു വിദ്യയിലാണ് കോട്ടയുടെ നിര്‍മാണം. പൗരാണിക കാലത്തെ കുടുംബം, തൊഴില്‍, ജീവിത രീതി, കല, വിദ്യാഭ്യാസം, ഭരണ നിര്‍വ്വഹണം തുടങ്ങി സര്‍വ സംസ്കാര പൈതൃകങ്ങളുടെയും നേര് ചിത്രം ഇവിടെ ദര്‍ശിക്കാം. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയും തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറു വരെയുമാണ് റാക് ദേശീയ മ്യൂസിയത്തിെൻറ പ്രവര്‍ത്തന സമയം.
ഉമ്മുൽഖുവൈൻ മ്യൂസിയം (Umm Al Quwain)
ഉമ്മുൽഖുവൈൻ ഭരണാധികാരിയുടെ ഭരണസിരാകേന്ദ്രമാണ് മ്യൂസിയമായി മാറിയിരിക്കുന്നത്. ഉമ്മുല്‍ഖുവൈന്‍ ബസാറിലെ ഏറ്റവും ആകര്‍ഷണീയമായ കാഴ്ചയാണ് പഴയമയുടെ തനിമയിൽ തലയുയർത്തി നിൽക്കുന്ന ഈ മ്യൂസിയം. പഴയ ജുമുഅ പള്ളിയോട് ചേര്‍ന്നാണിത് സ്ഥിതിചെയ്യുന്നത്. പഴയ പ്രതാപം ചോരാത്ത വിധത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്. പഴയ കാലങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരുന്ന ചുണ്ണാമ്പ് മിശ്രിതം ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ നിര്‍മ്മിതി. മീന്‍ പിടുത്തത്തിനും മറ്റും ഉപയോഗിച്ചിരുന്ന ചെറു നൗകകളെ ഓർമപ്പെടുത്തുന്ന രീതിയിലാണ് നിർമാണം. മുൻകാലങ്ങളിൽ ഉമ്മുൽഖുവൈെൻറ പ്രധാന വരുമാനമായിരുന്നു മത്സ്യ സമ്പത്ത്. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെയും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി എട്ട് വരെയും സന്ദര്‍ശിക്കാം. വെള്ളിയാഴ്ചകളിൽ വൈകുന്നേരം അഞ്ച് മുതല്‍ രാത്രി എട്ട് വരെ മാത്രമായിരിക്കും മ്യൂസിയം തുറക്കുക. പ്രവേശന ഫീസ് നാല് ദിർഹം (15 വയസ്സിന് മുകളിലുള്ളവര്‍ക്ക്).
അജ്മാൻ പൈതൃക നഗരി (Ajman)
അജ്മാെൻറ ഹൃദയഭാഗത്തുള്ള ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകൾ ഉള്‍ക്കൊള്ളുന്നതാണ് ഈ കേന്ദ്രം. അറേബ്യന്‍ ഗള്‍ഫിലെ ഏറ്റവും പുരാതന കെട്ടിടമായ അജ്മാന് മ്യുസിയം കൂടി ഉള്‍പ്പെടുന്നതാണ് പദ്ധതി പ്രദേശം. സംസ്കാരവും സമ്പദ് വ്യവസ്ഥയും സമന്വയിപ്പിച്ചുള്ള പൈതൃക കച്ചവട കേന്ദ്രമായ സാലഹ് അങ്ങാടി, വിശാലമായ സിനിമാ കോംപ്ലക്സ്, വ്യാപാര കേന്ദ്രങ്ങള്‍, ഭോജന ശാലകള്‍ തുടങ്ങിയവ അടങ്ങുന്നതാണ് കേന്ദ്രം. ചരിത്രം, നാഗരികത, എമിറേറ്റിെൻറ ഭൂതകാലം, പൂർവ്വിക സ്മരണകൾ, നേട്ടങ്ങൾ എന്നിവ സമന്വയിച്ച കേന്ദ്രമാണ് ഈ നഗരി. പ്രകൃതി ശാന്തത ലഭ്യമാകുന്ന ഇവിടം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയുന്ന കേന്ദ്രമാണ്. വിവിധ തരത്തിലുള്ള നിരവധി സ്റ്റോറുകൾ, കഫേകൾ, പുരാതന വസ്തുക്കള്‍ വില്‍പ്പന കേന്ദ്രങ്ങള്‍, സുഗന്ധ ദ്രവ്യ വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പഴയ വേലി, കവി തെരുവ്, അൽ മിസാൻ ശിൽപം, പുരാതന പാതകൾ, പുരാതന മരങ്ങൾ, പാരമ്പര്യ, പുരാതന വസ്തുക്കൾ, ബോട്ടുകൾ എന്നിവയും ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഹാർട്ട് ഓഫ് ഷാർജ (Sharjah)
തിരക്ക് പിടിച്ചോടുന്ന ഷാർജ റോളയോട് ചേർന്നാണ് ഹാർട്ട് ഓഫ് ഷാർജ. ഇതിനോട് ചേർന്ന് തന്നെയാണ് പരമ്പരാഗത ഗ്രാമം. ഇവയെ സംരക്ഷിച്ച് നിൽക്കുന്ന പൗരാണിക പ്രൗഢിയോട് കൂടിയ മതിലാണ് ഷാർജ മതില്. ഇതിനകത്തെ ലോകം തീർത്തും വ്യത്യസ്തമാണ്. ആധുനികതയുടെ അടയാളങ്ങളെ മാറ്റി നിറുത്തിയ കാഴ്ച്ചകളും നിർമിതികളും കമ്പോളങ്ങളും അടങ്ങിയ പുരാതന തെരുവ്. ഈ മതിലിനകത്തൊരു സൂക്കുണ്ട്, അല്‍ അർസാ. 300 വർഷത്തെ ചരിത്രം പേറുന്ന സൂക്ക് തനിമ നഷ്ടപ്പെടുത്താതെ അറ്റകുറ്റപണി നടത്തി സംരക്ഷിച്ച് പോരുകയാണ്. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഈ സൂക്കിനുള്ളത്. അരിയും മറ്റുമായി ഇന്ത്യയില്‍ നിന്ന് പത്തേമാരികള്‍ നങ്കൂരമിട്ടിരുന്നത് സൂക്കിന് തൊട്ടടുത്തുള്ള ഖാലിദ് തുറമുഖത്തായിരുന്നു. ഇറാനില്‍ നിന്നും ഇവിടേക്ക് ധാരാളം പത്തേമാരികള്‍ എത്തിയിരുന്നു. ഇന്നത്തെ സൂക്കും അന്നത്തെ സൂക്കും തമ്മില്‍ പറയത്തക്ക വ്യത്യാസങ്ങള്‍ ഒന്നുമില്ല. സൂക്കിലെ സ്ഥാപനങ്ങളില്‍ വിൽക്കുന്നതത്രയും പുരാതന വസ്തുക്കളാണ്.
ലൂവ്ർ അബൂദബി ചിൽഡ്രൻസ് മ്യൂസിയം (Abudhabi)
നാലു മുതൽ പത്തു വയസ് വരെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് അവധിക്കാലത്ത് സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് ലൂവ്ർ അബൂദബി ചിൽഡ്രൻസ് മ്യൂസിയം. വൈവിധ്യമാർന്ന കലാ സാഹസികതാ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പൂർണമായും സൗജന്യമായി ആസ്വദിക്കാം. മൂന്ന് നിലകളിലാണ് വിനോദങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. കളികൾ, കേൾക്കൽ, വരക്കൽ, അഭിനയിക്കൽ എന്നിവയിലൂടെ കുട്ടികൾക്ക് ഒട്ടേറെ രസകരമായ അനുഭവങ്ങൾ ആസ്വദിക്കാൻ അവസരമുണ്ട്. വികാരങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ പ്രത്യേക ഔട്ട്ഡോർ ഏരിയ. കുട്ടികൾക്ക് സർഗവാസനകളെ പ്രോൽസാഹിപ്പിക്കാനും കഴിവുകൾ പ്രകടിപ്പിക്കാനും കഴിയും. 18 വയസിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. മുതിർന്നവർക്ക് മ്യൂസിയം ഗാലറികളും എക്സിബിഷനുകളും സന്ദർശിക്കുന്നതിന് 63 ദിർഹമാണ് പ്രവേശന ഫീസ്. രണ്ടു മുതിർന്നവർ, ആറ് കുട്ടികൾ, പരിചാരകർ എന്നിവരുൾപ്പെടുന്ന കുടുംബപാക്കേജിന് 100 ദിർഹമാണ് നിരക്ക്. ഇത് ഓൺലൈനിൽ ബുക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.