സ്വകാര്യ ട്യൂഷനുകൾക്ക് ലൈസൻസ് നിർബന്ധം
text_fieldsദുബൈ: സ്വകാര്യ ട്യൂഷനുകൾ നിയന്ത്രിക്കുന്നതിന് യു.എ.ഇയിൽ പുതിയ നിയമം പ്രഖ്യാപിച്ചു. യോഗ്യരായ പ്രഫഷനൽ അധ്യാപകർക്ക് വ്യക്തിപരമായും ഗ്രൂപ്പുകളായും സ്വകാര്യ ട്യൂഷൻ പെർമിറ്റ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും ഉൾക്കൊള്ളുന്നതാണ് പുതിയ നിയമം.
ക്ലാസ് മുറിക്ക് പുറത്ത് അധ്യാപകർ അനധികൃതമായി വിദ്യാർഥികൾക്ക് സ്വകാര്യ ട്യൂഷൻ എടുക്കുന്നത് തടയുകയും പഠനനിലവാരം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച ട്യൂഷൻ ലഭിക്കുന്നതിനുള്ള അവസരമൊരുക്കുകയുമാണ് ലക്ഷ്യം. തിങ്കളാഴ്ച മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
സർക്കാർ-സ്വകാര്യ സ്കൂളുകളിൽ രജിസ്റ്റർ ചെയ്ത അധ്യാപകർ, സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർ, തൊഴിൽരഹിതർ, 15 മുതൽ 18 വരെ പ്രായമുള്ള യൂനിവേഴ്സിറ്റി വിദ്യാർഥികൾ എന്നിവരാണ് ഗുണഭോക്താക്കൾ.
മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി യോഗ്യരായ അധ്യാപകർക്ക് പെർമിറ്റിനായി അപേക്ഷ സമർപ്പിക്കാം. ഇതിനായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സർവിസ് ടാബ് ക്ലിക് ചെയ്ത് പ്രൈവറ്റ് ടീച്ചർ വർക്ക് പെർമിറ്റ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം.
അപേക്ഷ സമർപ്പിച്ചാൽ അഞ്ച് പ്രവൃത്തിദിനത്തിനുള്ളിൽ പെർമിറ്റ് അനുവദിക്കും. മന്ത്രാലയം അംഗീകരിച്ച മാർഗനിർദേശം അടങ്ങിയ രേഖയിൽ ഒപ്പിട്ടുനൽകിയാൽ രണ്ടുവർഷത്തേക്ക് സൗജന്യമായാണ് പെർമിറ്റ് അനുവദിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. പെർമിറ്റില്ലാതെ സ്വകാര്യ ട്യൂഷൻ നടത്തിയാൽ പിഴയീടാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
അതേസമയം, കൃത്യമായ പിഴത്തുകയും ശിക്ഷാനടപടികളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. അംഗീകാരമുള്ള താമസസ്ഥലമുണ്ടെങ്കിൽ ലൈസൻസുള്ള അധ്യാപകർക്ക് സ്വന്തം രാജ്യങ്ങളിൽനിന്ന് സ്വകാര്യ ട്യൂഷൻ അനുവദിക്കും.
വ്യക്തിപരമായും ഓൺലൈനായും ട്യൂഷൻ എടുക്കുന്നതിന് ഒരു ലൈസൻസ് മതി. ഒരു ട്യൂട്ടർക്ക് ക്ലാസെടുക്കാവുന്ന വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടില്ല. പെർമിറ്റിനായുള്ള അപേക്ഷ ഒരിക്കൽ നിരസിച്ചാൽ ആറു മാസത്തിനുശേഷം വീണ്ടും സമർപ്പിക്കാം.
ആവശ്യമായ രേഖകൾ
1. പാസ്പോർട്ട്/എമിറേറ്റ്സ് ഐ.ഡി 2. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം 3. സ്വഭാവ സർട്ടിഫിക്കറ്റ് 4. തൊഴിലുടമയിൽനിന്നുള്ള നിരാക്ഷേപ പത്രം 5. ട്യൂഷൻ ആഗ്രഹിക്കുന്ന വിദ്യാർഥിയുടെ രക്ഷാകർത്താവിൽനിന്നുള്ള നിരാക്ഷേപ പത്രം 6. പ്രവൃത്തി പരിചയ സർട്ടിഫിറ്റ് (ഓപ്ഷനൽ) 7. വെള്ള ബാക് ഗ്രൗണ്ടിലുള്ള ഫോട്ടോ.
പുതിയ നിയമത്തിന്റെ ലക്ഷ്യം
വിദ്യാഭ്യാസ മേഖലയിൽ അച്ചടക്കം, നിലവാരം, കാര്യക്ഷമത എന്നിവ നിലനിർത്തുന്നതിനൊപ്പം വിദ്യാർഥികൾക്കും അധ്യാപകർക്കും സുഗമമായ ഓപ്ഷൻ തെരഞ്ഞെടുക്കാൻ സാധിക്കും. അതോടൊപ്പം സ്വകാര്യ അധ്യാപകരെ റിക്രൂട്ട് ചെയ്യുമ്പോൾ നിയവിരുദ്ധമായ നടപടികൾ തടയാൻ നിയമം സഹായകമാവും. നിയമപരമായ ചട്ടക്കൂടിലൂടെ യോഗ്യരായ അധ്യാപകരെ സംരക്ഷിക്കാനും ദേശീയതലത്തിൽ സ്വകാര്യ ട്യൂഷനുകളെ നിയന്ത്രിക്കാനും സാധിക്കും -മുഹമ്മദ് അൽ മുല്ല(വിദ്യാഭ്യാസ മന്ത്രാലയത്തിലെ അക്കാദമിക അഫയേഴ്സ് അണ്ടർ സെക്രട്ടറി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.