സ്കൂൾ പ്രിൻസിപ്പൽമാർക്കും ലൈസൻസ് നിർബന്ധമാക്കും
text_fieldsദുബൈ: അധ്യാപകർക്ക് പിന്നാലെ സ്കൂളിലെ പ്രഫഷനൽ ജീവനക്കാർക്കും ലൈസൻസ് നിർബന്ധമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നു. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ഉദ്ദേശിക്കുന്നത്. രണ്ടു വർഷം മുമ്പ് ഇതു സംബന്ധിച്ച നിർദേശം സ്കൂൾ അധികൃതർക്ക് ലഭിച്ചിരുന്നു. ഇതാണ് ഇപ്പോൾ നടപ്പാക്കുന്നത്. സർക്കാർ, സ്വകാര്യ സ്കൂളുകൾക്കെല്ലാം ഇത് ബാധകമാണ്. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ,അക്കാദമിക് മേഖലയുമായി ബന്ധപ്പെട്ട മാനേജർമാർ ഉൾപെടെയുള്ളവരാണ് ലൈസൻസ് നേടേണ്ടത്. ഇക്കാര്യം യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഫഷനൽ ലൈസൻസിങ് വിഭാഗം ഡയറക്ടർ റൗധ അൽ മരാർ സ്ഥിരീകരിച്ചു.
നിലവിൽ ദുബൈ ഉൾപെടെയുള്ള എമിറേറ്റുകളിൽ അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കിയിരുന്നു. മറ്റ് എമിറേറ്റുകളിലും ഇത് നടപ്പാക്കികൊണ്ടിരിക്കുകയാണ്. അധ്യാപന മികവ്, സ്പെഷലൈസേഷൻ എന്നിങ്ങനെ രണ്ടു പരിശോധനകൾക്കു ശേഷമാണ് അധ്യാപകർക്ക് ലൈസൻസ് അനുവദിക്കുന്നത്. പരീക്ഷയിൽ മാർക്ക് കുറയുന്നവർക്ക് ആവശ്യമുണ്ടെങ്കിൽ പരിശീലനം നൽകും. ഇതിനു ശേഷമായിരിക്കും ലൈസൻസ് അനുവദിക്കുക. വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉറപ്പിക്കുന്നതിന് മൂന്നു വർഷം മൂമ്പാണ് എജുക്കേഷനൽ പ്രഫഷനൽ ലൈസൻഷ്വർ സംവിധാനം യു.എ.ഇ അവതരിപ്പിച്ചത്. രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനും പ്രഫഷനൽ അധ്യാപകരെയും ജീവനക്കാരെയും വളർത്തിക്കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് നടപടി. യു.എ.ഇയിലെ അധ്യാപകർക്ക് ബിരുദം നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.