നാലര പതിറ്റാണ്ട് നീണ്ട പ്രവാസത്തെ ചരിത്ര മ്യൂസിയമാക്കി രാമചന്ദ്രന്
text_fieldsഷാര്‍ജ: പ്രവാസത്തെ മലയാളി ആഘോഷിക്കുന്നത് പലവിധത്തിലാണ്. നീണ്ട പ്രവാസം മതിയാക്കി മലയാളി മടങ്ങുമ്പോള്‍ മനസൊരു ചരിത്ര പുസ്തകമായി മാറിയിട്ടുണ്ടാകും. പലഭാഷകളും സംസ്കാരങ്ങളും ആഹാര രീതികളും സമന്വയിക്കുന്ന വിശ്വചരിത്രം. കണ്ണൂര്‍ സ്വദേശി രാമചന്ദ്രന് പ്രവാസത്തിെൻറ നാലര പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നത് വീടൊരു ചരിത്ര മ്യൂസിയമാക്കിയാണ്. യു.എ.ഇയുടെയും അതിന് മുമ്പുള്ള ട്രൂഷ്യല്‍ സ്റ്റേറ്റുകളുടെയും കഥ വള്ളിപുള്ളി തെറ്റാതെ പറയുന്ന, കറന്‍സി, സ്റ്റാമ്പ്, ടെലിഫോണ്‍ കാര്‍ഡ് തുടങ്ങിയവയുടെ വലിയ ശേഖരമാണ് ഇദ്ദേഹത്തിെൻറ പക്കലുള്ളത്.
1961 മുതലാണ് ട്രൂഷ്യല്‍ സ്റ്റേറ്റുകള്‍ സ്റ്റാമ്പ് ഇറക്കാന്‍ തുടങ്ങിയത്. 11 സ്റ്റാമ്പുകളാണ് ഇറങ്ങിയത്. ഇതിെൻറയെല്ലാം സീല്‍ പതിക്കാത്ത ശേഖരമാണ് രാമചന്ദ്രെൻറ പക്കലുള്ളത്. 63ന് ശേഷമാണ് ഓരോ സ്റ്റേറ്റും സ്വന്തം സ്റ്റാമ്പുകള്‍ ഇറക്കാന്‍ തുടങ്ങിയത്. ഇതിെൻറ ശേഖരന്മുണ്ട്. യു.എ.ഇ രൂപവത്കരിച്ചത് മുതല്‍ കഴിഞ്ഞ മാസം വരെ പുറത്തിറങ്ങിയ സ്റ്റാമ്പുകളുടെ അപൂര്‍വ്വ ശേഖരവുമുണ്ട് രാമചന്ദ്രെൻറ കൈയില്‍. 1947ല്‍ ഇന്ത്യില്‍ പുറത്തിറങ്ങിയ ഒരു രൂപ നോട്ടിലുള്ളത് മലയാളിയായ കെ.ആര്.കെ മേനോെൻറ ഒപ്പാണ്. ഇപ്പോള്‍ നിലവിലില്ലാത്ത ആ നോട്ട് ലഭിക്കാന്‍ 8000 രുപയോളം കൊടുക്കേണ്ടി വരും. 47 മുതല്‍ 59 പേര് ഒപ്പിട്ട ഒരു രൂപ നോട്ടുകളാണ് ഇന്ത്യയില്‍ ഇറങ്ങിയത്.
ഇതെല്ലാം നാളേക്കായി കാത്ത് വെച്ചിട്ടുണ്ട്. തഞ്ചാവൂര്‍ അമ്പലത്തിെൻറ ഫോട്ടോ പതിച്ച 1953ല്‍ പുറത്തിറങ്ങിയ 1000 രൂപയുടെ വലിയ നോട്ടുമുണ്ട് രാമചന്ദ്രെൻറ പക്കല്‍. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 193 രാജ്യങ്ങളാണ് ലോകത്തുള്ളത്. ഈ രാജ്യങ്ങളുടെ കറന്‍സികള്‍ പൊന്ന് പോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഇതിന് പുറമെ പലരാജ്യങ്ങളും പുതിയ പേര് സ്വീകരിക്കുകയും പഴയ പേരില്‍ പുറത്തിറക്കിയ കറന്‍സികളും സ്റ്റാമ്പുകളും പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പേര് മാറിയ 40 രാജ്യങ്ങളുടെ പഴയ പേരിലുള്ളതും പുതിയ പേരിലുള്ളതുമായ കറന്‍സികളും ഈ ചരിത്ര മ്യൂസിയത്തിലുണ്ട്.
1870 മുതല്‍ ഇന്ത്യയില്‍ പ്രചാരത്തിലിരുന്ന നാണയങ്ങളും കറന്‍സികളും ആവോളമുണ്ട്. ചക്രം, പണം, കാശ്, പിന്നിട് വന്ന നയാപൈസ, ഉറുപ്പിക തുടങ്ങിയവയുടെ 75 ശതമാനം ശേഖരമാണ് ഇദ്ദേഹത്തിെൻറ പക്കലുള്ളത്. ബ്രിട്ടീഷ് രാജ്ഞിമാരുടെ ചിത്രം ആലേഖനം ഇത്തരം ശേഖരം വളരെ അപൂര്‍വ്വമാണെന്ന് രാമചന്ദ്രന് പറഞ്ഞു. യുറോപ്പ്യന്മാര് കോളനികളായി വെച്ചിരുന്ന രാജ്യങ്ങളിലെ കറന്‍സിയും സ്റ്റാമ്പും നിരവധിയുണ്ട്. 1995 മുതല്‍ വിവിധ മേഖലകളില്‍ രാമചന്ദ്രന് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച് വരുന്നു. 25ഓളം പ്രദര്‍ശനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി, നിരവധി അംഗീകാരങ്ങളും തേടിയെത്തി.
1947 മുതല്‍ കഴിഞ്ഞ മാസം വരെ ഇന്ത്യ പുറത്തിറക്കിയ സ്റ്റാമ്പുകള്‍ ഈ പ്രവാസ മ്യൂസിയത്തിലുണ്ട്. ഇദ്ദേഹത്തിെൻറ ശേഖരത്തിലെ സ്റ്റാമ്പുകളെ വ്യത്യസ്തമാക്കുന്നത്, ഇവയെല്ലാം സീല്‍ പതിക്കാത്തവയാണെന്നതാണ്. ഇങ്ങനെ സ്റ്റാമ്പുകള്‍ തേടിപിടിക്കാന്‍ പണിയാണുതാനും. രാമചന്ദ്രന് പ്രവാസം തുടങ്ങുന്നത് 1973ലാണ്. ബിരുദ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം അമ്മാവന് അയച്ച് കൊടുത്ത വിസയുമായി ബോംബെയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു ദുബൈയില്‍ എത്തിയത്.
വിവിധ കമ്പനികളില്‍ ഫൈനാന്‍സ് മേഖലയില്‍ ജോലി ചെയ്തതിന് ശേഷം വിരമിച്ചു. ഭാര്യ അരുണ്‍ പ്രഭ ദുബൈയിലെ ഷിപ്പിങ് കമ്പനിയില്‍ അസി. മാനേജരാണ്. റാക് ബാങ്കില്‍ ഉദ്യോഗസ്ഥയായ രേഷ്മ, ബ്രിട്ടീഷ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന രോഷ്ന എന്നിവരുടെ കൂടെ ദുബൈ കറാമയിലാണ് രാമചന്ദ്രെൻറ വാസം. കുടുംബം ഇവിടെയുള്ളത് കാരണം തിരികെ യാത്രയെപറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല. ആറുമാസത്തിലൊരിക്കല്‍ നാട്ടില്‍ പോകാറുണ്ട്. പേരക്കുട്ടിയോടൊത്ത് കളിച്ചിരികളില്‍ മുഴുകുമ്പോഴും ലോകത്ത് പുതിയതായി ജനിച്ച് വീഴുന്ന കറന്‍സികളെ കുറിച്ചും സ്റ്റാമ്പുകളെ കുറിച്ചുമാണ് രാമചന്ദ്രെൻറ ചിന്ത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.