സാഹിത്യ, കലാപ്രവര്‍ത്തനങ്ങള്‍ മനുഷ്യനന്മക്ക് വേണ്ടിയാവണം -ജോര്‍ജ് ഓണക്കൂര്‍
text_fieldsദുബൈ: മനുഷ്യനന്മക്കും സാഹോദര്യത്തിനും സാഹിത്യകാരന്മാരും കലാകാരന്മാരും തങ്ങളുടെ കടമ നിര്‍വഹിക്കണമെന്ന് ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച പ്രസിദ്ധ സാഹിത്യകാരന് ഡോ. ജോര്‍ജ് ഓണക്കൂര്‍. 'ഹൃദയരാഗങ്ങള്‍' എന്ന ആത്മകഥക്ക് ഡോ. ജോര്‍ജ് ഓണക്കൂറിന് പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ദുബൈ കെ.എം.സി.സി സര്‍ഗധാര അല്‍ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് നടത്തിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരനെന്ന നിലയില്‍ തന്റെ കര്‍മ വീഥിയില്‍നിന്നു കൊണ്ട് താന്‍ ചെയ്യാന്‍ ശ്രമിക്കുന്നത് മനുഷ്യസ്നേഹം പ്രസരിപ്പിക്കുകയെന്നതാണ്. ഒരു പൂ സുഗന്ധം പ്രസരിപ്പിക്കുന്നത് പോലെയും ഒരു കാറ്റ് തണുപ്പ് അനുഭവപ്പെടുത്തുന്നത് പോലെയും എഴുത്തുകാരന്മാരും കലാകാരന്മാരും പ്രവര്‍ത്തിക്കണണം. സുഗന്ധവും വെളിച്ചവുമൊക്കെയാണ് നമ്മുടെ സമൂഹത്തില്‍ പരക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍, പത്രം വായിക്കാന്‍ അല്പം ഭയമുണ്ട്. അതിനെക്കാള്‍ പേടിയാണ് ടെലിവിഷന്‍ കാണുന്നത്. കാരണം, മൂന്നു മാസം പ്രായമായ കുഞ്ഞിനെ കവര്‍ന്നെടുത്തത് ഒരു സ്ത്രീയാണ് എന്നത് വലിയ ദുഃഖമുണ്ടാക്കുന്നു. സമകാലികമായി പല കാര്യങ്ങളും ശ്രദ്ധയില്‍ വരുമ്പോള്‍ അത് മനുഷ്യോചിതമാണോ എന്നു തോന്നാറുണ്ട്.
ഈ അറബ് നാട്ടിലെ മലയാളികള്‍ പരസ്പരം സ്നേഹിച്ചും സഹകരിച്ചും മനുഷ്യബന്ധങ്ങള്‍ ഇഴയടുപ്പമുള്ളതാക്കുന്നത് കാണുമ്പോള്‍ അത് ഈ മണ്ണ് നല്കുന്ന സമാധാനത്തിന്റെ തണുപ്പ് കൂടിയാണെന്ന് തിരിച്ചറിയുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാന്‍ വീട്ടില്‍ വന്ന കേന്ദ്രമന്ത്രിയോട് ശക്തമായ പ്രതിഷേധം താന്‍ രേഖപ്പടുത്തിയിട്ടുണ്ടെന്നും ഒരു സമൂഹത്തെ ഒറ്റപ്പെടുത്തി അപരവത്കരിക്കുന്ന അത്തരം നീക്കങ്ങള്‍ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കേണ്ടത് ധര്‍മമാണെന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബൈ കെ.എം.സി.സി സര്‍ഗധാര ചെയര്മാന് അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ജോ. കണ്‍വീനര്‍ റഹ്ദാദ് മൂഴിക്കര സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഹുസൈനാര് ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി മുസ്തഫ തിരൂര്‍ ഉപഹാര സമര്‍പ്പണം നടത്തി. മാധ്യമ പ്രവര്‍ത്തകരായ കെ.എം. അബ്ബാസ്, ജലീല്‍ പട്ടാമ്പി, ടി. ജമാലുദ്ദീന്‍, എം.സി.എ. നാസര്‍, ഡോ. ജോര്‍ജ് ഓണക്കൂറിന്റെ മകന് ആദര്‍ശ് റിയോ ജോര്‍ജ്, കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ, ഹംസ തൊട്ടിയില്‍, അഡ്വ. സാജിത് അബൂബക്കര്‍, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, മുസ്തഫ വേങ്ങര, ഫാറൂഖ് പട്ടിക്കര, ആര്. ഷുക്കൂര്‍, നിസാമുദ്ദീന്‍ കൊല്ലം, സൈനുദ്ദീന്‍ ചേലേരി തുടങ്ങിയവര്‍ സംസാരിച്ചു. അഷ്റഫ് സി.വിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ സര്‍ഗധാര കണ്‍വീനര്‍ രഹ്നാസ് യാസീന്‍ നന്ദി പറഞ്ഞു.
ദുബൈ കെ.എം.സി.സിയുടെ ദേശീയ ദിനാഘോഷ മത്സരങ്ങളില്‍ ജേതാക്കളായവര്‍ക്ക് ഡോ. ജോര്‍ജ് ഓണക്കൂര്‍ സമ്മാനങ്ങള്‍ നല്കി.
സര്‍ഗധാര ഭാരവാഹികളായ ടി.എം.എ. സിദ്ദീഖ്, ഷമീര്‍ വേങ്ങാട്, സിദ്ദീഖ് ചൗക്കി, അസീസ് പന്നിത്തടം, വാഹിദ് പാനൂര്‍, സിറാജ് കെ.എസ്.എ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.